2.0
November 29, 2018🔻എന്തിരൻ റിലീസ് ആകുമ്പോൾ ഞാൻ പത്താം ക്ലാസിൽ പഠിക്കുകയാണ്. തീയേറ്ററിൽ കണ്ട് കൂട്ടുകാർ ഗംഭീര അഭിപ്രായം പറയുമ്പോൾ തീയേറ്ററിൽ തന്നെ കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിന് സാധിച്ചില്ലെന്ന് മാത്രമല്ല തീയേറ്റർ പ്രിന്റ് കണ്ട് ആഗ്രഹം തീർക്കേണ്ടി വന്നിരുന്നു. എന്നാൽ HD പ്രിന്റ് ഇറങ്ങിയമ്പോൾ അതിലെ എത്രയെത്ര സീനുകൾ റിപ്പീറ്റ് അടിച്ച് കണ്ടെന്ന് കയ്യും കണക്കുമില്ല. അതിന്റെ പ്രധാന കാരണം ആ സമയത്ത് സൂപ്പർ ഹീറോ മൂവീസ് അധികം കാണുമായിരുന്നില്ല എന്നതാണ്.
🔻എന്തിരൻ റിലീസ് ആയി ഇപ്പോൾ 8 വർഷം ആയിരിക്കുന്നു. അതിനിടയിൽ MCUവിന്റെ കട്ട ഫാനായി മാറി. 2.0 ശങ്കർ അന്നൗൻസ് ചെയ്തപ്പോൾ വല്യ ആകാംഷയായിരുന്നു. ട്രെയിലറും ടീസറും അത്ര സുഖിച്ചില്ലെങ്കിലും അമരക്കാരൻ ശങ്കർ ആണെന്നുള്ള ഒറ്റ വിശ്വാസമാണ് പ്രതീക്ഷ നൽകിയത്. എന്നാൽ എന്തിരനോളം പോലും തൃപ്തി നൽകാൻ ചിത്രത്തിന് സാധിച്ചില്ല എന്നുള്ളതാണ് സത്യം.
🔻'The World Is Not Only For Humans' എന്ന ടാഗ്‌ലൈനോടെ റിലീസ് ചെയ്ത ചിത്രം ടാഗ്‌ലൈനോട് നീതി പുലർത്തും വിധമുള്ള കഥയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ അവതരണത്തിൽ അത് കാണാനായത് അക്കിയുടെ ഫ്ലാഷ്ബാക്ക് സീനിൽ മാത്രമാണ്. അതിനപ്പുറം വെറും സയൻസ്-ഫാന്റസി മാത്രമാണ് 2.0 കരുതിയിരിക്കുന്നത്. സയൻസിനെക്കാളരെ പ്രാധാന്യം ഫാന്റസി കയ്യടക്കിയിട്ടുണ്ട് ചിത്രത്തിൽ. ട്രെയിലറിൽ കണ്ടപ്പോൾ തന്നെ ഏറെക്കുറെ ഊഹിച്ച കഥയുടെ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാൻ സിനിമക്കായി. കൂടെ വിഷ്വലുകൾ പുലർത്തിയ നിലവാരവും ആസ്വാദനം സമ്മാനിച്ചു.
🔻ടെക്നിക്കൽ സൈഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ശങ്കർ അതിന്റെ പത്ത് ശതമാനം ശ്രദ്ധ കഥയിൽ കൊടുത്തിരുന്നെങ്കിൽ ഇങ്ങനെയൊരു ക്ളീഷേ ഐറ്റം ഒരുക്കേണ്ടി വരില്ലായിരുന്നു. കഥയുടെ പോക്ക് ഏത് ദിശയിലാണെന്ന് കൃത്യമായി നമുക്ക് ഊഹിക്കാൻ സാധിക്കും. അതിലൊന്നും പ്രഗത്ഭനായ സംവിധായകന്റെയോ എഴുത്തുകാരന്റെയോ കരവിരുത് കാണാൻ സാധിക്കില്ല. മാത്രമല്ല ഓർമ്മയിൽ വെക്കാൻ അക്കിയുടെ ഫ്ലാഷ്ബാക്ക് അല്ലാതെ മറ്റൊന്നും മനസ്സിൽ നിൽക്കുന്നുമില്ല. അത്ര അശ്രദ്ധ നിറഞ്ഞ രചനയാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്‌മ.
🔻അനാവശ്യമായി യാതൊരു രംഗങ്ങളും ചേർക്കാതെ നേരിട്ട് കഥയിലേക്ക് ഇറങ്ങിയതുകൊണ്ട് തന്നെ സമയദൈർഖ്യം പതിവ് പോലെയില്ല. കാര്യങ്ങൾ രണ്ടര മണിക്കൂറിൽ തീർത്തിട്ടുണ്ട്. അതൊരു പോയ്സറ്റിവ് ആയി തോന്നി. മാത്രമല്ല പാട്ടുകളും ഒരെണ്ണം പോലുമില്ല. ഉള്ള ഒരെണ്ണം സിനിമക്ക് ശേഷമാണ്. ഇത്തരത്തിൽ അവതരണത്തിൽ ചില മികവുകൾ ഉള്ളപ്പോഴും കഥയിലെ പുതുമയില്ലായ്മയും ലോജിക്ക് ഇല്ലായ്മയും പലപ്പോഴും ബോറൻ നിമിഷങ്ങളിലേക്ക് തള്ളി വിടുന്നുണ്ട്. അവിടെയൊക്കെയും കര കയറ്റുന്നത് വിഷ്വൽ എഫക്ട്സ് ആണ്. എന്നാൽ പറയത്തക്ക ബ്രഹ്‌മാണ്ഡമായ ആക്ഷൻ രംഗങ്ങളും മറ്റും എവിടെയും കണ്ടുമില്ല താനും.
🔻അക്ഷയ് കുമാറിന്റെ വില്ലൻ വേഷം നല്ല ബിൽഡ്അപ്പ് കൊടുത്തിട്ട് അവസാനം വെറും കോമഡി പീസാക്കിയത് ചില്ലറയൊന്നുമല്ല സിനിമയെ താഴോട്ട് വലിച്ചത്. അതിൽ ഒരു ഭാഗം MCUവിലെ ഈ വർഷമിറങ്ങിയ ഒരു സിനിമയുമായി സാദൃശ്യം തോന്നി. ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങൾ എന്തിരനെ ഓർമിപ്പിച്ചെങ്കിലും അന്ന് തീയേറ്റർ പ്രിന്റിൽ കണ്ട ഫ്രെഷ്നെസും കോരിത്തരിപ്പും ഇന്ന് കിട്ടിയില്ലെന്നതാണ് സത്യം. 3D ഇഫക്റ്റുകൾ പലയിടങ്ങളിലും നിലവാരം പുലർത്തിയപ്പോൾ പെർഫെക്ഷന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത കണ്ടറിയാനുണ്ട്.
🔻രജനി തന്റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. ചിട്ടി ആയുള്ള ചില ഡയലോഗുകളും മനറിസങ്ങളുമൊക്കെ രസകരമായിരുന്നു. ആമി ജാക്സൺ അത്യാവശ്യം നല്ലൊരു വേഷം തന്നെ കൈകാര്യം ചെയ്തു. അക്ഷയ് കുമാറിന്റെ പ്രകടനം ഇഷ്ടപ്പെട്ടെങ്കിലും അവസാനം കൊണ്ടവസാനിപ്പിച്ചത് നിരാശ നൽകി.
🔻എന്തിരനെ അനുസ്മരിപ്പിച്ച ചില ബിജിഎം വർക്കുകൾ ഉൽപ്പടെ റഹ്മാൻ തന്റെ ഭാഗം ഭംഗിയാക്കി. കൂടെ സൗണ്ട് ഇഫക്ട്സ് തീയേറ്ററിൽ മികച്ച അനുഭവം സാധ്യമാക്കി. വിഷ്വലി ബ്രില്യന്റ് ആയ ദൃശ്യങ്ങളും കഥയിലെ പോരായ്മയെ ഒരു പരിധി വരെ കവച്ചുവെക്കുന്നുണ്ട്. എങ്കിലും എന്തിരനോളം ഭംഗി ആ ആക്ഷൻ രംഗങ്ങൾക്കില്ലെന്ന് പലപ്പോഴും തോന്നി. എഡിറ്റിങ്ങ് ടേബിളിൽ ആവശ്യത്തിന് വെട്ടിച്ചുരുക്കിയത് കൊണ്ട് രണ്ടര മണിക്കൂറിൽ സിനിമ തീർന്നുകിട്ടി.
🔻FINAL VERDICT🔻
ടെക്നിക്കൽ സൈഡുകൾ പുലർത്തുന്ന ബ്രില്യൻസ് ഒഴിച്ചാൽ ശങ്കറിന്റെ യാതൊരു ട്രേഡ്മാർക്കും 2.0വിൽ കാണാൻ സാധിക്കില്ല. പ്രത്യേകിച്ച് ഓർത്തിരിക്കാൻ യാതൊന്നും സമ്മാനിക്കാത്ത ചിത്രം ഏതൊരു സിനിമയും കാണുന്ന ലാഘവത്തോടെ കണ്ട് മറക്കാൻ പാകത്തിന് ഒന്നാണ്. എന്തിരന്റെ പാതി പോലും തൃപ്തി നൽകാതിരുന്ന ചിത്രം കണ്ണിനും കാതിനും നല്ലൊരു വിരുന്ന് ലഭിക്കുവാൻ മാത്രം തീയേറ്ററിൽ കാണാം. അമിതപ്രതീക്ഷ Is Too Dangerous.
AB RATES ★★½
0 Comments