In
3 star movies,
India
ലില്ലി
🔻പുതിയ പ്രവർത്തകർക്കും അഭിനേതാക്കൾക്കും സിനിമയിൽ അവസരമൊരുക്കുക എന്ന സദുദ്ദേശത്തോടെ E4 Entertainments ഒരുക്കുന്ന E4 Experimentsന്റെ ബാനറിൽ ആദ്യമായി ഒരുങ്ങിയ ചിത്രമാണ് ലില്ലി. അത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയതും. ഇങ്ങനെയൊരു സിനിമയായത് കൊണ്ട് തന്നെ പരിമിതകൾ ഉണ്ടാകുമെന്നുറപ്പ്. കാണുന്നതിന് മുമ്പ് ഇതെല്ലാം മനസ്സിൽ ഉണ്ടായിരുന്നു.
🔻ടൈറ്റിൽ കഴിഞ്ഞ് സിനിമയിലേക്ക് കടന്നപ്പോൾ അത്ര ശുഭകരമായിരുന്നില്ല അവസ്ഥ. ആദ്യ രംഗങ്ങളിൽ തന്നെ ഡയലോഗുകളിൽ വല്ലാത്ത നാടകീയതയും ചിത്രീകരണത്തിൽ അമേച്വറിഷ് ഫീലും പ്രകടമായിരുന്നു. റിയലിസ്റ്റിക്ക് ആക്കാനുള്ള ചില പദ്ധതികൾ പാളുന്നത് പോലെ. അങ്ങനെ അൽപ്പം വിരസത നൽകി മുന്നോട്ട് പോയപ്പോഴാണ് കഥയിലേക്ക് കടക്കുന്നത്. അവിടെ മുതൽ താല്പര്യമുണർത്തുന്ന രീതിയിലായി മുന്നോട്ടുള്ള പോക്ക്. അവിടിവിടെ ആകാംക്ഷയുണർത്തി പല ചോദ്യങ്ങളും മനസ്സിൽ ജനിപ്പിച്ച് നല്ലൊരു ഇടവേളയോടെ ആദ്യ പകുതി അവസാനിച്ചപ്പോൾ ആസ്വാദനം അത്ര മെച്ചപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ടാം പകുതി തൃപ്തികരമായ ഒന്നാവണേ എന്ന് പ്രാർത്ഥിച്ചു.
🔻രണ്ടാം പകുതി തുടക്കം മുതൽ തന്നെ പിടിച്ചിരുത്തുന്ന രീതിയിലായിരുന്നു. ആദ്യ പക്തിയിലുണ്ടായ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയുള്ള ബാക്സ്റ്റോറിയും ഇടയ്ക്കിടെ വരുന്ന വയലൻസും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നിക്കാത്ത വിധമായിരുന്നു. ഒടുവിൽ പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവും കൂടി ചേർന്നപ്പോൾ ആ ഭാഗങ്ങൾ മനസ്സിനെ തൃപ്തിപ്പെടുത്താൻ പോന്നതായി. ഒരു ചെറിയ കഥയിൽ ഇത്രയൊക്കെ കിട്ടിയത് തന്നെ വളരെ സന്തോഷം. മൊത്തത്തിൽ തൃപ്തികരമായ അനുഭവം തന്നെയാണ് ലില്ലി സമ്മാനിച്ചത്.
🔻വയലൻസ് ആവശ്യത്തിൽ കൂടുതൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ചോരയുടെ നിറമാണ് ചിത്രത്തിന്. എന്തിന് സെൻസർ സർട്ടിഫിക്കറ്റ് വരെ ചുന്ന ച്ഛായയിലാണ്. പലയിടങ്ങളിലും അത് അനിവാര്യമായി തോന്നിയപ്പോൾ ചോര മാത്രം തളംകെട്ടി കിടന്ന ചില സീനുകളിൽ ഇത്ര വേണ്ടിയിരുന്നില്ല എന്ന് തോന്നി. അതിനോടൊപ്പം ബഡ്ജറ്റിന്റെ പരിമിതികൾ വളരെ കുറച്ച് രംഗങ്ങളിൽ പ്രകടമാണ്. പക്ഷെ അതത്ര ശ്രദ്ധ ചെലുത്തേണ്ട ആവശ്യമില്ല.
🔻പോരായ്മകൾ ഒരുപാടുണ്ട് ചിത്രത്തിൽ. അതിൽ ഏറ്റവും നിഴലിച്ച് നിന്നത് ഡയലോഗ് ഡെലിവറിയാണ്. ഡയലോഗുകൾ താരതമ്യേന കുറവാണെങ്കിലും ഉള്ളതിൽ പലതും ബോറായി തോന്നി. സ്വാഭാവികമായി പറയേണ്ട സ്ഥാനത്ത് അഭിനയിക്കുകയാണെന്ന് വ്യക്തമാക്കുന്ന ഒരു ഫീൽ. പിന്നെ കഥാപാത്രങ്ങൾ. അതിൽ 'അൻവർ' എന്തിനായിരുന്നു എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. ബാക്കിയുള്ള പലരിലും ഒരു പൂർണ്ണത കിട്ടിയതുമില്ല. സിനിമ കണ്ടതിന് ശേഷം ആലോചിച്ചപ്പോൾ 'ശെടാ അങ്ങനെ വരാൻ വഴിയില്ലല്ലോ' എന്ന തോന്നലായി ചില കഥാപാത്രങ്ങളുടെ കാര്യം.
🔻സംയുക്ത തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഡയലോഗുകളിൽ നാടകീയത തോന്നിയെങ്കിൽ കൂടി പ്രകടനം മികച്ച് നിന്നു. ഭർത്താവായി അഭിനയിച്ച ആര്യൻ മേനോന്റെ പ്രകടനം നന്നായി ഇഷ്ടപ്പെട്ടു. ബാക്കിയുള്ളവരും ഭംഗിയാക്കി അവരുടെ റോളുകൾ.
🔻ആവശ്യത്തിന് മാത്രം ഉപയോഗിച്ച പശ്ചാത്തലസംഗതം മികവ് പുലർത്തി. എഡിറ്റിങ്ങും നന്നായിരുന്നു. ക്യാമറ ആദ്യമൊക്കെ അത്ര സുഖകരമായി തോന്നിയില്ലെങ്കിലും പിന്നീട് കഥയിലേക്ക് കടന്നപ്പോൾ ട്രാക്കിലായി.
🔻FINAL VERDICT🔻
ഒരു സർവൈവൽ ത്രില്ലർ എന്ന രീതിയിൽ തൃപ്തികരമായ അനുഭവമാണ് ലില്ലി പകർന്നത്. ബഡ്ജറ്റിന്റെ പരിമിതികളും പോരായ്മകളും ഉണ്ടെങ്കിലും പോലും ഏറ്റവും ഒടുവിൽ സംതൃപ്തിയോടെയാവും തീയേറ്റർ വിട്ടിറങ്ങുക. ഇപ്പോഴുള്ള പോരായ്മകളൊക്കെ നികത്തി രണ്ടാം ഭാഗവുമായി വരുന്നതും പ്രതീക്ഷിച്ച് ഒരു പ്രേക്ഷകൻ.
മലയാളത്തിൽ ഒരു വസന്തത്തിന് തുടക്കമിടുകയാണ് ലില്ലി. എക്സ്പിരിമെന്റൽ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനം പകരും ലില്ലിയും കൂട്ടരും. പുതിയ ആളുകൾക്ക് തന്റേതായ കഴിവ് തെളിയിക്കാൻ കൂടുതൽ അവസരങ്ങൾ ഇനിയുണ്ടാവും. അതിനായി ലില്ലി പൂത്തുതളിർക്കട്ടെ എന്നാശംസിക്കുന്നു. ഇങ്ങനെയൊരു സംരംഭം ഒരുക്കിയ E4 Entertainmentsന് അഭിനന്ദനങൾ. ഒപ്പം ഭാവുകങ്ങളും.
NB :: വയലൻസ് ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാൻ ആവോളമുണ്ട് ചിത്രത്തിൽ. അതുകൊണ്ട് തന്നെ It's Strictly 18+.
MY RATING :: ★★★☆☆