Another - S1 (2012)

September 04, 2018


💢26 വർഷങ്ങൾക്ക് മുമ്പ് ഒമ്പതാം ക്‌ളാസിൽ മിസാക്കി എന്നൊരു കുട്ടി പഠിച്ചിരുന്നു. പഠനത്തിലും കായികത്തിലുമെല്ലാം മിസാക്കി ഒരുപോലെ മികവ് പുലർത്തി. എന്നാൽ പെട്ടെന്നൊരു ദിവസം മിസാക്കിയുടെ മരണവാർത്ത സ്‌കൂളിനെ തേടിയെത്തി. അത് ഏവരിലും നടുക്കം രേഖപ്പെടുത്തി. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ക്ലാസിൽ അപ്രതീക്ഷിതമായ ഒരു കാര്യം സംഭവിച്ചു. ക്ലാസ്സിലുള്ള ഒരു കുട്ടി, മിസാക്കി തന്റെ ബെഞ്ചിൽ ഇരിക്കുന്നത് കണ്ട് അലറി. എന്നാൽ മറ്റാർക്കും അത് കാണാൻ സാധിച്ചില്ല. എങ്കിലും മിസാക്കിക്ക് വേണ്ടി അവർ ആ വർഷാവസാനം വരെ ഒരു ബെഞ്ച് അധികം കരുതി. എന്നാൽ പിറ്റേ വർഷം മുതൽ ആ ക്ലാസിലെ കാര്യങ്ങൾ തകിടം മറിയാൻ തുടങ്ങി.

💢ജാപ്പനീസ് അനിമേകളോട് ഒരു പ്രത്യേക ഇഷ്ടമാണ്. ആകെ മൂന്നെണ്ണമേ കണ്ടിട്ടുള്ളൂവെങ്കിലും അവയുടെയൊക്കെയും പ്രമേയവും അവതരണവും വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു.അതുകൊണ്ട് തന്നെ അവ കൂടുതൽ തേടിപ്പിടിച്ച് കാണാൻ തുടങ്ങി. എ കൂട്ടത്തിൽ ലഭിച്ചതാണ് 'Another' എന്ന അനിമേ.

💢ഗംഭീര പ്രമേയമാണ് ഈ സീരീസിന്റെത്. ഒരു തരത്തിലും കഥയുടെ തരിപോലും നമുക്ക് ഊഹിക്കാൻ ഇടതരുന്നില്ല ഈ അനിമേ. എന്നാൽ കഥയുടെ മികവ് അവതരണത്തിൽ പലയിടത്തും കാണാതെ പോയതാണ് തിരിച്ചടിയായിട്ടുള്ളത്. ചിലയിടങ്ങളിലൊഴികെ ബാക്കിയെല്ലാ ഇടങ്ങളിലും നല്ല രീതിയിൽ അവതരണത്തിന്റെ മേന്മ പ്രകടമാകുന്നുമുണ്ട്.

💢അൽപ്പം പതിഞ്ഞ താളത്തിലാണ് തുടക്കത്തിലുള്ള എപ്പിസോഡുകളുടെ പോക്ക്. എന്നാൽ ദുരൂഹത നിറക്കുന്നതിൽ അത്തരത്തിലുള്ള അവതരണം ഗുണം ചെയ്യുന്നുണ്ട്. കഥാപാത്രങ്ങളെ പരിചയപ്പെടുത്താൻ ആവശ്യത്തിന് സമയമെടുക്കുന്നുണ്ട്. അത് പിന്നീട് ഗുണം ചെയ്യുന്നുമുണ്ട്. മൂന്നാം എപ്പിസോഡിന്റെ അവസാനം മുതൽ അനിമേ ക്ലെച്ച് പിടിക്കുന്നുണ്ട്. അവിടെ വെച്ചാണ് കഥയുടെ പൊതുവെയുള്ള രൂപം നമുക്ക് മനസ്സിലാവുന്നത്.

💢Blood-shed അനവധിയുണ്ട് ഈ അനിമേയിൽ. ഒടുവിലേക്ക് വരുന്തോറും ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നുണ്ട് ഓരോ നിമിഷങ്ങളും. ചോര ചീന്തലുകൾക്ക് യാതൊരു പഞ്ഞവുമില്ല ആ സ്ഥലങ്ങളിൽ. ഒടുവിൽ തീരെ പ്രതീക്ഷിക്കാഞ്ഞ സസ്പെൻസുമായി ഞെട്ടിക്കുന്നുമുണ്ട് അനിമേ.

💢പശ്ചാത്തലസംഗീതം ഗംഭീരമാണ്. ഒരു സിഗ്നേച്ചർ BGM ഉണ്ട് സീരീസിന്. അത് ഉപയോഗിച്ച രംഗങ്ങളൊക്കെയും വേറൊരു തലത്തിലേക്ക് പോവുന്നുണ്ട്. അനിമേക്ക് ഒരു പ്രത്യേക മൂഡ് കൊണ്ടുവരാൻ പശ്ചാത്തലസംഗീതത്തിന് സാധിച്ചിട്ടുണ്ട്. വിഷ്വലുകളും മികവ് പുലർത്തുന്നുണ്ട്.

🔻FINAL VERDICT🔻

അനിമേ പ്രേമികൾക്ക് ധൈര്യമായി സമീപിക്കാവുന്ന നല്ലൊരു അനിമേ തന്നെയാണ് 'Another'. അവതരണം അത്ര ബോധിക്കില്ലെങ്കിൽ കൂടി കഥയുടെ വൈവിധ്യത്തിൽ നമ്മൾ ആകൃഷ്ടരാകും. അതുകൊണ്ട് വ്യത്യസ്തമായ ആസ്വാദനം പ്രദാനം ചെയ്തു ഈ സീരീസ്.

MY RATING :: ★★★½

സീരീസ് ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments