Waltz With Bashir (2008) - 1h 30min

September 05, 2018




🔻STORY LINE🔻

26 നായകൾ. അവരുടെ മുന്നിലുള്ള എല്ലാ തടസ്സങ്ങളും ഭേദിച്ചുകൊണ്ട് രോഷാകുലരായി മുന്നോട്ട് കുതിക്കുന്നു. ഒടുവിൽ അവർ എത്തിച്ചേരുന്നത് അവന്റെ മുന്നിലാണ്. 20 വർഷമായി തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ സ്വപ്നം അവൻ സുഹൃത്തിനോട് വിവരിക്കുകയാണ്. ലെബനനിൽ അവർ പങ്കെടുത്ത യുദ്ധത്തിന് ശേഷമാണ് ജീവിതം ഇങ്ങനെ.

എന്നാൽ ആ സ്വപ്നം കേൾക്കുന്ന Ari Folman അത്ഭുതപ്പെടുകയാണ്. കാരണം ആ യുദ്ധത്തെപ്പറ്റിയുള്ള ജീവിതത്തിലെ അനുഭവങ്ങൾ അയാൾ പാടെ മറന്നിരിക്കുന്നു. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടത്തിൽ നടന്ന സംഭവങ്ങൾ. എല്ലാം മനസ്സിൽ നിന്ന് മാഞ്ഞിരിക്കുന്നു. പിന്നീട് അത് വീണ്ടെടുക്കാനുള്ള ശ്രമമാണ് ഫോൾമാന്റെത്. അതിനായി അദ്ദേഹം സുഹൃത്തുക്കളുടെ പക്കൽ പോവുന്നു. തുടർന്ന് ഒരു യുദ്ധഭീകരതയുടെ കഥ അവർ കൂട്ടിച്ചേർക്കുന്നു.

🔻BEHIND SCREEN🔻

സംവിധായകന്റെ തന്നെ ജീവിതത്തിൽ നിന്ന് ഒരേട് പകുത്ത് സിനിമയൊരുക്കിയിരിക്കുകയാണ് പുള്ളി. ആ അനുഭവം സിനിമയായപ്പോൾ ലോകത്തിന് ലഭിച്ചത് ഒരിക്കലും മറക്കാനാവാത്ത ഒരു ചലച്ചിത്രാനുഭവമാണ്. ഇതിന് മുമ്പോ ശേഷമോ ആരും നിർമ്മിക്കാൻ ശ്രമിക്കാത്ത ഒന്ന്.

ഇസ്രായേൽ ഗവണ്മെന്റിന്റെ ഒത്താശയോടെ പലസ്തീൻ ജനതയെ ഒന്നടങ്കം ആക്രമിക്കുന്ന, അവരുടെ അന്ത്യം കുറിക്കുന്ന ലെബനീസ് ക്രിസ്ത്യൻ പാർട്ടിയുടെ ക്രൂരതകളുടെ മനസ്സ് മരവിപ്പിക്കുന്ന ദൃശ്യങ്ങളാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. നിരപരാധികളെ കാരണങ്ങൾ ഏതുമില്ലാതെ നിർദാക്ഷണ്യം കൊന്നുതള്ളുമ്പോൾ അത് തടയാൻ കെൽപുള്ളവർ പോലും കൈകെട്ടി നോക്കിനിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക.അധികാരികളുടെ കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളും രംഗങ്ങളും ചിത്രത്തെ വേറിട്ടതാകുന്നു.

നിരപരാധികളായ പല പട്ടാളക്കാരും മുതിർന്ന ഉദ്യോഗസ്ഥരുടെ തോൽപാവകളാവുമ്പോൾ മനസ്സില്ലാമനസ്സോടെ പല ജീവനുകളും അവരിലൂടെ പൊഴിയുന്നു. സംവിധായകൻ തന്നിലൂടെ തന്നെ അത് പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്.

സിനിമയുടെ അവസാനം കാട്ടുന്ന കുറച്ച് ഒറിജിനൽ ഫൂട്ടേജുകളുണ്ട്. ഒരുപക്ഷെ മനുഷ്യൻ എത്ര ക്രൂരനാവാം എന്നതിന്റെ നേർക്കാഴ്ചയാണ് ആ രംഗങ്ങൾ. മനുഷ്യനോളം അധഃപതിക്കാൻ മനുഷ്യന് മാത്രമേ സാധിക്കൂ എന്ന് അടിവരയിട്ട് പറയുകയാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ.

🔻MUSIC & TECHNICAL SIDES🔻

വിഷ്വലുകളും സൗണ്ട് ട്രാക്കുകളും ഇതുവരെ നാം അനുഭവിച്ച് ശീലിച്ചവയല്ല. ഗംഭീരമാണ് അവയുടെ മേക്കിങ്ങ്. ആനിമേഷൻ ചിത്രമാണോ അതോ ഒറിജിനൽ ആണോ സംശയം തോന്നിക്കും  വിധമാണ് ഓരോ ഫ്രെയിമുകളും. ഏത് ഷോട്ട് എടുത്താലും അത്ഭുതപ്പെടുത്തും വിധം നമ്മെ ആകർഷിക്കും അതിന്റെ ഭംഗി. ഒരു ത്രില്ലർ ചിത്രത്തിന് വേണ്ട രീതിയിൽ ഒരുക്കിയിരിക്കുന്ന ബിജിഎം യുദ്ധരംഗങ്ങൾക്കൊക്കെ മിഴിവ് ഏകുന്നുണ്ട്. ശബ്ദങ്ങളുടെ ഉപയോഗം പോലും മികവ് പുലർത്തുന്നുണ്ട്. ഹെലികോപ്ടറിന്റെ ഫാൻ കറങ്ങുന്ന ശബ്ദമൊക്കെ വ്യക്തമായി കേൾക്കാം. അത് പോലെ ഓരോ മൈന്യൂട്ട് ശബ്ദങ്ങളും ശ്രവിക്കാനാവും.

ഓസ്‌കാറിന്റെ ചരിത്രത്തിൽ തന്നെ ഒരേയൊരു ആനിമേഷൻ ചിത്രമാണ് മികച്ച വിദേശഭാഷാ ചിത്രത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ആ ഖ്യാതി Waltz With Bashirന് സ്വന്തമാണ്. ആഭ്യന്തരമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രം ഒരുപാട് അവാർഡുകൾ വാരിക്കൂട്ടി. പല ഫിലിം ഫെസ്റ്റുകളിലും കയ്യടി നേടി.

🔻FINAL VERDICT🔻

ഒരുപക്ഷെ ജീവിതത്തിൽ ഇതുപോലെയൊരു ആനിമേഷൻ ചിത്രം അനുഭവിക്കാൻ സാധ്യതയില്ല. യുദ്ധഭീകരതയെ അതിഗംഭീരമായി സ്ക്രീനിലും നമ്മുടെ മനസ്സിലും പകർത്തുന്ന ചിത്രം ഒരുപാട് ചിന്തിപ്പിക്കുന്നുണ്ട്. പലസ്തീൻ ജീവിതങ്ങൾ ഇപ്പോഴും ജീവന് വേണ്ടി പോരാടുമ്പോൾ, കുരുന്നുകളടക്കം തോക്കിൻ മുനക്ക് മുന്നിൽ പതറാതെ നിൽക്കുമ്പോൾ ചിത്രത്തിന്റെ കാലിക പ്രസക്തിയും ചോദ്യചിഹ്നമാവുന്നു. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രത്തിന്റെ കൂട്ടത്തിൽ ഈ ചിത്രവും ചേരുന്നു.


MY RATING :: ★★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments