Stree (2018) - 2h 10min
September 03, 2018💢"ഓ സ്ത്രീ നാളെ വാ" ഇത് കണ്ട് നാളെ വരാമെന്ന് കരുതി പോവുന്ന യക്ഷി നാളെ വന്ന് നോക്കുമ്പോഴും ഇതേ ഡയലോഗ്. IQ ലെവൽ തീരെ കുറവായ പാവം യക്ഷി ഈ എഴുത്ത് കാരണം ഇങ്ങനെ ബുദ്ധിമുട്ടി നടക്കുമ്പോഴാണ് വർഷത്തിലൊരിക്കൽ ചന്ദേരി ഗ്രാമത്തിലെ ക്ഷേത്രത്തിൽ നാല് ദിവസത്തെ പൂജ നടക്കുന്നത്. ആ സമയത്ത് പുരുഷന്മാർക്ക് പുറത്തിറങ്ങാതിരിക്കാൻ പറ്റില്ലല്ലോ.
ഗ്രാമത്തിലെ എല്ലാ പുരുഷൻമാരുടെയും പേടിസ്വപ്നമായ 'സ്ത്രീ' എന്ന യക്ഷിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. രാത്രി 'സ്‌ത്രീയെ പുരുഷന്മാരെ പിടികൂടിയാൽ പിന്നീടവരുടെ വസ്ത്രങ്ങൾ മാത്രമേ ബാക്കിയുണ്ടാവൂ. പൂജയുടെ നാല് ദിവസങ്ങൾ സ്ത്രീക്ക് കൊയ്ത്തായതിനാൽ പുരുഷന്മാർ വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുകയാണ് ഉത്തമം. അവിടെയാണ് നമ്മുടെ മോഡേൺ നായകൻ താമസിക്കുന്നത്. ഇതിലൊന്നും വിശ്വാസമില്ലാത്ത പുള്ളിക്കാരൻ ഈ കഥയുടെയും ഭാഗമാവുന്നിടത്ത് സ്ത്രീ കൂടുതൽ രസകരവും ഭീതിപ്പെടുത്തുന്നതും ആവുന്നു.
💢പഴയ നാടോടിക്കഥകളിലെ യക്ഷിയുടെ ചുവടുപിടിച്ചാണ് സ്ത്രീയും മുന്നേറുന്നത്. പിന്നീട് വിക്കിയുടെ കഥാപാത്രത്തെയും കൂട്ടുകാരെയും ചുറ്റുപാടുമൊക്കെ പരിചയപ്പെടുത്തുന്നിടത്ത് തുടങ്ങുന്നു സ്ത്രീയുടെ രസകരമായ യാത്ര. അതിലേക്ക് പേരറിയാത്ത, നിഗൂഢത പുലർത്തുന്ന ഒരു കഥാപാത്രം കൂടി വരുന്നിടത്ത് അൽപ്പം ഭയവും സൃഷ്ടിക്കുന്നു. പിന്നീടങ്ങോട്ട് വിരസതയില്ലാത്ത യാത്രയാണ്.
💢ഹൊററിനെക്കാളേറെ കോമഡിയാണ് നമ്മെ ആകർഷിക്കുന്നത്. കഥയിലുടനീളം സിറ്റുവേഷണൽ കോമഡി കൊണ്ട് വളരെ രസകരമാക്കുന്നുണ്ട് തുടക്കം മുതൽ ഒടുക്കം വരെ. ഇടക്കിടക്ക് നല്ല ഹൊറർ എലമെൻറ്സും. ക്ലൈമാക്സിൽ വരെ ചിലയിടങ്ങളിൽ ചിരിയടക്കാൻ പാടുപെടുകയായിരുന്നു. നല്ലൊരു കഥയും അതിന്റെ നർമ്മത്തിൽ പൊതിഞ്ഞ അവതരണവും സ്ത്രീയെ മറ്റ് ഹൊറർ സിനിമകളിൽ നിന്ന് വേറിട്ടതാക്കുന്നു.
💢സെലക്ഷനിൽ ഇപ്പോഴും മികവ് പുലർത്തുന്ന രാജ്‌കുമാർ റാവുവിന്റെ മറ്റൊരു നല്ല ചിത്രം കൂടിയാണ് സ്ത്രീ. പുള്ളിക്കാരൻ വിക്കിയെ തന്റെ പതിവ് മാനറിസങ്ങൾ കൊണ്ട് അടിപൊളിയാക്കി. ശ്രദ്ധ കപൂറും തന്റെ വേഷം ഭംഗിയാക്കി. പങ്കജ് ത്രിപാഠി ആദ്യ പകുതിയിൽ ഒറ്റ സീനിൽ വന്നുപോയപ്പോൾ രണ്ടാം പകുതി ചിരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. ഒരുപാടൊരുപാട് കോമഡികൾ പുളിക്കാരന്റെ വകയുണ്ട്.
💢പാട്ടുകളൊക്കെയും നന്നായിരുന്നു. കൂടെ ഇരുട്ട് നിറഞ്ഞ ഛായാഗ്രഹണം ഹൊറർ രംഗങ്ങൾക്ക് മിഴിവേകുന്നുണ്ട്. അൽപ്പമേ അല്ലെങ്കിലും അവയൊക്കെയും മികവ് പുലർത്തുന്നുണ്ട്.
🔻FINAL VERDICT🔻
ഒരുപാട് ചിരിപ്പിക്കുകയും ഒരിത്തിരി പേടിപ്പിക്കുകയും ചെയ്ത സ്ത്രീ നല്ലൊരു തീയേറ്റർ എക്സ്പീരിയൻസാണ്. ബോളിവുഡ് ചിത്രങ്ങളിൽ തൃപ്തി നൽകിയവയിലേക്ക് ഒന്നുകൂടി ഇടംപിടിച്ചു.
MY RATING :: ★★★½
0 Comments