തീവണ്ടി (2018) - 2h 24min

September 08, 2018



🔻STORY LINE🔻

പുകയിലൂടെ ജീവിതം കൈക്കൊണ്ടവനാണ് ബിനീഷ്. എന്താണ് അവനും സിഗരറ്റും തമ്മിലുള്ള  ബന്ധം.? അവനെങ്ങനെയൊരു ചെയിൻ സ്മോക്കർ ആയി.? അവനെങ്ങനെ തീവണ്ടിയെന്ന പേര് വന്നു.? ഇത്തരത്തിൽ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് 'തീവണ്ടി'.

🔻BEHIND SCREEN🔻

ഇന്ത്യൻ റയിൽവേയുടെ സ്വഭാവത്തിന്റെ തനിപ്പകർപ്പ് തന്നെയായിരുന്നു തീവണ്ടിയുടേതും. കൃത്യനിഷ്ഠ ഏഴയലത്ത് കൂടി പോയിട്ടില്ല. അതുകൊണ്ട് തന്നെ ഓരോ ഡേറ്റ് മാറുമ്പോഴും അതിനനുസരിച്ച് പ്രതീക്ഷകളും വന്നുകൊണ്ടിരുന്നു. അവസാനം ആ വണ്ടിയിൽ കയറിയിറങ്ങിയപ്പോഴാണ് ആശ്വാസമായത്.

വിനി വിശ്വലാൽ കഥയെഴുതി നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്ത തീവണ്ടി കൈകാര്യം ചെയ്യുന്നത് വളരെ ലളിതമായ കഥയാണ്.ചെറുപ്പം മുതൽ തന്നെ സിഗരറ്റിന്റെ രുചിയറിഞ്ഞ് തുടങ്ങിയ ബിനീഷ് അമ്മാവന്റെ പാത പിന്തുടർന്ന് ഒരു ചെയിൻ സ്മോക്കറായി മാറുന്നു. സ്മോക്കിങ്ങ് അവന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

വളരെ രസകരമായ തുടക്കമാണ് ചിത്രത്തിന്റേത്. ബിനീഷിന്റെ ജനനവും സിഗററ്റുമായുള്ള ബന്ധമൊക്കെ ഹാസ്യത്തിന്റെ അകമ്പടിയോടെ താൽപര്യം ജനിപ്പിക്കുന്ന രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സിഗരറ്റിന്റെ അതിപ്രസരമുള്ള സിനിമയിൽ ഒരു രംഗം പോലും അതിരുകവിഞ്ഞതായി തോന്നിയില്ല. ബിനീഷിന്റെ കൂടെപ്പിറപ്പാണല്ലോ സിഗരറ്റ്. പിന്നെന്താ പ്രശ്നം.

തുടക്കത്തിന്റെ ഓളത്തിൽ തന്നെ ആദ്യപകുതി വേഗം പോവുന്നുണ്ട്. അതുകൊണ്ട് വിരസത നൽകുന്നേയില്ല ആദ്യപകുതി. പൊളിറ്റിക്കൽ സറ്റയർ എന്ന് കേട്ടിരുന്നെങ്കിലും അധികമായി അത്തരം രംഗങ്ങൾ ഇല്ല. നല്ലൊരു ഇടവേളയോടെ ചിത്രം പകുതിയാകുമ്പോൾ തൃപ്തിയാണ് ഫലം. എന്നാൽ അതെ തോതിൽ തൃപ്തി നൽകാൻ രണ്ടാം പകുതിക്കായില്ല.

തുടക്കമൊക്കെ നന്നായെങ്കിലും പിന്നീടങ്ങോട്ട് പലയിടങ്ങളിലും ഇഴച്ചിൽ വരുന്നതായി അനുഭവപ്പെട്ടു. ആദ്യപകുതിയെ സംബന്ധിച്ച് കോമഡിയും കുറവാണ്. പാട്ടുകൾ കൂടുതലും. പക്ഷെ അതിന്റെ ആവശ്യമുള്ളതായി തോന്നിയില്ല. പല രംഗങ്ങളും ഒഴിവാക്കുകയോ, അല്ലെങ്കിൽ ചുരുക്കമായിരുന്നു എന്നും തോന്നി. എങ്കിലും അവസാനത്തോടടുക്കുമ്പോൾ വീണ്ടും കാണികളിലേക്ക് അടുക്കുന്നുണ്ട് ചിത്രം. നല്ലൊരു ക്ലൈമാക്സും എന്റിങുമായി സംതൃപ്തി നൽകി തീവണ്ടി യാത്ര അവസാനിപ്പിക്കുന്നു.

പ്രത്യേകിച്ച് യാതൊരു ആകാംഷയും കാഴ്ചയിലുടനീളം ചിത്രം സമ്മാനിക്കുന്നില്ല. നമ്മൾ ഊഹിക്കുന്ന രീതിയിൽ തന്നെ കഥ മുന്നോട്ട് പോവും. അതുകൊണ്ട് തന്നെ ചെറിയ ലാഗ് വരുന്നത് പോലും ആസ്വാദനത്തെ സാരമായി ബാധിക്കുന്നുണ്ട്. എങ്കിലും അതത്ര ബോറടി ജനിപ്പിക്കാതെ പരമാവധി ട്രാക്കിലാക്കി കൊണ്ടുപോവാൻ ശ്രമിക്കുന്നുണ്ട്.

തുടക്കക്കാരന്റെ പതർച്ചകൾ യാതൊന്നും പ്രകടമായിരുന്നില്ല സംവിധായകനിൽ. ചെറിയൊരു കഥ നല്ല രീതിയിൽ തന്നെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് പുള്ളിക്കാരൻ. അതുകൊണ്ട് തന്നെ നല്ലൊരു അനുഭവം തന്നെയായി തീവണ്ടി.

🔻ON SCREEN🔻

ടൊവീനോയുടെ കരിയർ ഗ്രാഫ് വീണ്ടും ഉയർച്ചയിലേക്ക് നയിക്കുകയാണ് ബിനീഷ്. എന്ത് സുന്ദരമായാണ് ചെയിൻ സ്മോക്കറുടെ ജീവിതം അവതരിപ്പിച്ചത്. ഹാസ്യവും നല്ല രീതിയിൽ വഴങ്ങുമെന്ന് തെളിയിക്കുകയാണ് പുള്ളിക്കാരൻ. നായിക സംയുക്ത കാണാൻ നല്ല ഐശ്വര്യമായിരുന്നെങ്കിലും വിരലിലെണ്ണാവുന്ന രംഗങ്ങൾ മാത്രമേ സ്‌ക്രീനിൽ ഉണ്ടായിരുന്നുള്ളൂ. കുറച്ചുകൂടി സ്‌പേസ് കൊടുക്കാമായിരുന്നു. നല്ലൊരു സ്ത്രീകഥാപാത്രത്തിന് പാകമാകുന്ന തുടക്കമായിരുന്നു തീവണ്ടിയിൽ സംയുക്തയുടെ ആദ്യരംഗങ്ങൾ.

കുറെ നാളുകൾക്ക് ശേഷം സുധീഷിനെ നല്ലൊരു വേഷത്തിൽ വീണ്ടും കാണാനായതിൽ ഒരുപാട് സന്തോഷം. ഇനിയും ഇത്തരം കഥാപാത്രങ്ങൾ വരട്ടെ. സുറാജും സൈജു കുറുപ്പും തകർത്ത് വാരി. ഇരുവർക്കും കിട്ടിയ വേഷങ്ങൾ ഗംഭീരമാക്കി. സൈജു കുറുപ്പിന്റെ പല മാനറിസങ്ങളും ഒരുപാട് ചിരിപ്പിച്ചു. കൂടെ ടോവിനോയുടെ വാല് പോലെ നടക്കുന്ന കൂട്ടുകാരും.

🔻MUSIC & TECHNICAL SIDES🔻

കഥക്ക് ആവശ്യമായ പാട്ടുകളും ബിജിഎമ്മും ഒരുക്കി കൈലാസ് മേനോൻ തന്റെ ആദ്യവരവ് മികച്ചതാക്കി. പാട്ടുകളൊക്കെയും നന്നായിരുന്നു. പ്രത്യേകിച്ച് ജീവംശമായി. കൂടെ ഗ്രാമപ്രദേശങ്ങൾ സുന്ദരമായി പകർത്തിയ ഛായാഗ്രഹണവും കൂടുതൽ ആകർഷകമായി.

🔻FINAL VERDICT🔻

ലളിതമായ കഥയും അതിന്റെ മനോഹരമായ ആവിഷ്കാരവും ചേരുന്ന കൊച്ച് ചിത്രം. അതാണ് തീവണ്ടി. ഈ തീവണ്ടിയാത്ര തൃപ്തിയുടെ ചൂളം വിളിച്ചുകൊണ്ടാവും. പ്രതീക്ഷകളൊന്നുമില്ലാതെ കുടുംബസമേതം ആസ്വദിക്കാവുന്ന ചിത്രം വിജയകാഹളമൂതുമെന്ന കാര്യത്തിൽ സംശയമില്ല.


MY RATING :: ★★★☆☆

You Might Also Like

0 Comments