വരത്തൻ

September 20, 2018




🔻STORY LINE🔻

ദുബായിയിൽ തന്റെ ജോലി നഷ്ടപ്പെട്ടിരിക്കുന്ന എബിനോട് ഭാര്യ പ്രിയയാണ് പറയുന്നത് നാട്ടിലുള്ള അവരുടെ തോട്ടത്തിൽ കുറച്ച് വിശ്രമം ആവാമെന്ന്. അങ്ങനെ കുറച്ച് നാൾ മറ്റുള്ള തിരക്കുകളിൽ നിന്ന് മോചിതരാവാൻ ഇരുവരും തോട്ടത്തിലെത്തുന്നു. എന്നാൽ അവർ വിചാരിക്കുന്ന രീതിയിലാവുമോ കാര്യങ്ങൾ മുന്നോട്ട് പോവുന്നത്. അതും ആ നാട്ടിലെ ആളുകളുടെ ഞരമ്പൻ സ്വഭാവം അനുഭവിച്ചറിയുമ്പോൾ..!!

🔻BEHIND SCREEN🔻

"God, Give Me Strength To Protect My Family" എന്ന വചനം സ്‌ക്രീനിൽ തെളിഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. അതെ ഇതൊരു കുടുംബചിത്രമാണ്. എബിനും പ്രിയക്കും ആ നാട്ടിൽ അനുഭവിക്കേണ്ടി വരുന്ന ചില സംഭവങ്ങൾ അഥവാ ദുഃസ്വപ്നങ്ങൾ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ട് പോവുന്നത്.

അമൽ നീരദ് സിനിമകളെ പറ്റി ഒരു മുഖവുരയുടെ ആവശ്യമില്ല. സ്റ്റൈലിഷ് ചിത്രങ്ങൾ എടുക്കാൻ അദ്ദേഹത്തോളം മികവ് പുലർത്തുന്ന സംവിധായകൻ ഇപ്പോൾ മലയാളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദുമായി വീണ്ടും കൈകോർക്കുമ്പോൾ മികച്ച ചിത്രത്തിനപ്പുറം മറ്റൊന്നും പ്രതീക്ഷിച്ചില്ല. ഫലമോ പ്രതീക്ഷിച്ചതുക്കും മേലെ തൃപ്തി തന്നെ.

വളരെ ചെറിയൊരു ത്രെഡ്. ഇതിന് മുമ്പും എവിടെയൊക്കെയോ കണ്ടിട്ടുണ്ട് ഈ പ്രമേയം. സദാചാരം എന്ന വിഷയത്തെ മുൻനിർത്തിയാണ് കഥ ഒരുക്കിയിരിക്കുന്നത്. വിഷയം ഗൗരവമേറിയതാകുമ്പോൾ അവതരണവും അത്ര ശക്തമായി തന്നെ ആവണം. അത് മികച്ച രീതിയിൽ തന്നെ നടപ്പിലാക്കിയിട്ടുണ്ട് സംവിധായകൻ.

ആദ്യ പകുതി മുഴുവൻ കഥയെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്താനാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു സ്ലോ പേസ്ഡ് മിസ്റ്ററി ത്രില്ലർ എന്ന കണക്കെയാണ് സഞ്ചാരം. ഓരോ രംഗം കഴിയുമ്പോഴും മനസ്സിൽ ഒരുതരം ഭയവും ടെൻഷനും സൃഷ്ടിക്കുന്ന  രീതി അപാരമായിരുന്നു. അത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റിവും. കഥക്ക് അനുയോജ്യമായ അന്തരീക്ഷം കൂടി സൃഷ്ടിച്ചെടുക്കുമ്പോൾ ഇനിയെനന്തും ഇപ്പോഴും സംഭവിക്കാം എന്ന തോന്നൽ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കും.

"A War Over Disputes" എന്ന ന്യൂസ്‌പേപ്പർ കട്ടിങ്ങിലൂടെ ഇടവേളയാകുമ്പോൾ മനസ്സിൽ മിസ്റ്ററി പൂർണ്ണമാണ്. രണ്ടാം പകുതിയും കുറച്ചൊക്കെ അങ്ങനെ തന്നെയാണ് പോക്ക്. പ്രധാന കഥയോടൊപ്പം ഒരു സൈഡ് ട്രാക്ക് കൂടി പറഞ്ഞുവരുന്നുണ്ട്. അത് രണ്ടും ക്ലൈമാക്സിലേക്കെത്തുമ്പോൾ ഗംഭീര വിരുന്നാണ് സിനിമ ഒരുക്കിവെച്ചിരിക്കുന്നത്. ഈയടുത്ത് മലയാളസിനിമ കണ്ടതിൽ ഏറ്റവും കിടു ആക്ഷൻ സീക്വൻസുകൾ എന്ന് നിസ്സംശയം പറയാം അവസാന 30 മിനിറ്റിൽ നടന്ന കാര്യങ്ങൾ. രോമാഞ്ചിഫിക്കേഷൻ at its best. അത്രനേരം എന്താണോ സ്‌ക്രീനിൽ കണ്ടത് അതിൽ നിന്നും പാടെ വ്യത്യസ്തമായ അനുഭവം. അങ്ങനെയൊന്ന് സംഭവിക്കുമെന്ന് നമുക്ക് അറിയാമെങ്കിൽ കൂടി ഇമ്മാതിരി മരണമാസ്സ്‌ ഐറ്റം ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അമ്മാതിരി കോരിത്തരിപ്പ് ആയിരുന്നു ഓരോ നിമിഷവും നൽകിയത്.

കഥയും കഥാപാത്രങ്ങളും സമയമെടുത്ത് establish ചെയ്തതിന്റെ ഗുണങ്ങളെല്ലാം കാഴ്ചയിൽ ലഭിക്കുന്നുണ്ട്. ഓരോ കഥാപാത്രങ്ങളും മായാതെ മനസ്സിൽ ഉണ്ടാവും സിനിമ കഴിയുമ്പോഴും. അതോടൊപ്പം ചില സിമ്പിൾ സീക്വൻസുകൾ അവതരണത്തിന് മുതല്കൂട്ടാവുന്നുണ്ട്. പ്രത്യേകിച്ച് പ്രിയയെ ആശുപതിയിൽ കൊണ്ടുപോവുന്ന രംഗങ്ങളൊക്കെ ഡയലോഗുകൾ പോലും അധികം ഉപയോഗിക്കാതെ ആ സന്ദർഭം വളരെ മികച്ച രീതിയിൽ പ്രേക്ഷകനിലേക്ക് എത്തിക്കുന്നുണ്ട്. മാത്രമല്ല പതിവ് സിനിമാറ്റിക്ക് ഫോർമുലകൾ അൽപ്പമെങ്കിലും ഉപേക്ഷിച്ച് റിയലിസ്റ്റിക്ക് ടച്ചോടെ കഥ പറയുന്നതും സിനിമയുടെ പ്രത്യേകതയാണ്.

പതിവ് രീതികൾ അതേപോലെ പകർത്താതെ സിനിമക്ക് ആവശ്യമായ മാറ്റങ്ങൾ തന്റെ ശൈലിയിൽ കൊണ്ടുവന്നതിന് അഭിനന്ദനം അർഹിക്കുന്നുണ്ട് അമൽ നീരദ്. സ്ലോ മോഷനുകൾ കിറുകൃത്യമായി പ്ലേസ് ചെയ്യുന്നതിൽ കാണിച്ച മിടുക്കും അതോടൊപ്പം അവതരണത്തിലെ മികവ് സ്ക്രിപ്റ്റിൽ കൊണ്ടുവരാൻ കാണിച്ച തിരക്കഥാകൃത്തുക്കളുടെ പാടവവും അതോടൊപ്പം സ്മരിക്കുന്നു. ഒരു ഫാസ്റ്റ് പേസ്ഡ് ത്രില്ലർ പ്രതീക്ഷിക്കാതെ മിസ്റ്ററിയിൽ ഊന്നിയ കഥപറച്ചിൽ പ്രതീക്ഷിക്കുന്നവർക്ക് തൃപ്തിപ്പെടാൻ പോന്ന എല്ലാ ചേരുവകളും നിറച്ച ചിത്രമാണ് വരത്തൻ.

🔻ON SCREEN🔻

ഫഹദ് വീണ്ടും സ്‌ക്രീനിൽ തകർത്തടുക്കുകയായിരുന്നു. ആദ്യ പകുതിയിൽ അധികം സ്‌ക്രീൻ പ്രസൻസ് കിട്ടാതിരുന്നത് രണ്ടാം പകുതി കൊണ്ട് പൂർണ്ണമായി പരിഹരിച്ചു. ആക്ഷൻ സീക്വൻസുകൾ ഗംഭീരം. ആ രംഗങ്ങളിൽ സാധാരണ ഒരു നടനിലെ സ്‌ട്രെയിൻ അവരുടെ മുഖത്ത് പ്രകടമാവുമെങ്കിൽ അതില്ലാത്തിടത്താണ് ഫഹദിന്റെ വിജയം. ഒരു കൂസലുമില്ലാതെ അപാര മെയ്‌വഴക്കത്തോടെ അവയോരോന്നും ഗംഭീരമാക്കി.

ഐശ്വര്യ ലക്ഷ്മി തന്റെ റോൾ ഭംഗിയാക്കി. പ്രത്യേകിച്ച് രണ്ടാം പകുതി. ശറഫുദ്ധീന്റെ കഥാപാത്രമാണ് ശ്രദ്ധയാർജ്ജിച്ച മറ്റൊന്ന്. പുള്ളിയുടെ ഇൻട്രോ തന്നെ പൊളി ഐറ്റം ആയിരുന്നു. കൂടെ വേറിട്ട കഥാപാത്രത്തിലൂടെ ചിത്രത്തിൽ തന്റേതായ മുദ്ര പതിപ്പിക്കുന്നുണ്ട്. അതോടൊപ്പം സ്‌ക്രീനിൽ വന്ന ഓരോരുത്തരും തങ്ങളുടെ വേഷങ്ങൾ നന്നായി കൈകാര്യം ചെയ്തു.

🔻MUSIC & TECHNICAL SIDES🔻

ബിജിഎമ്മും ക്യാമറ വർക്കുകളും അതിഗംഭീരമെന്നേ പറയാനുള്ളൂ. ഒരു മിസ്റ്ററി ഫീൽ സൃഷ്ടിച്ചെടുക്കുന്നതിൽ ഇവയുടെ റോൾ എടുത്ത് പറയേണ്ടല്ലോ. അതിൽ രണ്ട് കൂട്ടരും പൂണ്ട് വിളയാടി. സുഷിൻ ശ്യാമും ലിറ്റിൽ സ്വയമ്പും വീണ്ടും തങ്ങളുടെ കഴിവ് തെളിയിച്ചു.  കയ്യടികൾ. കൂടെ അവസാന സീക്വൻസിലെ എഡിറ്റിങ്ങും പൊളിച്ചടുക്കി. പാട്ടുകളും ഭംഗിയായി പ്ലേസ് ചെയ്തിട്ടുണ്ട്.

🔻FINAL VERDICT🔻

ചെറിയൊരു പ്രമേയത്തെ അവതരണത്തിലെ മികവ് കൊണ്ട് മികച്ച തീയേറ്റർ എക്സ്പീരിയൻസ് ആക്കുകയാണ് സംവിധായകൻ. ടെക്നിക്കലി സൗണ്ടായ, 'Uff' മൊമന്റ്സിനാൽ സമ്പന്നമായ ചിത്രം പൂർണ്ണ ത്രിപ്തിയാണ് നൽകിയത്. തീയേറ്ററിൽ തന്നെ അനുഭവിച്ചറിയുക ഈ വിരുന്ന്.

എന്നാലും ഇവന് ദുബായിയിൽ എന്തായിരുന്നു പണി..?? It Still Remains A Mystery..!!!

MY RATING :: ★★★★☆

NB : "Straw Dogs" കണ്ടിട്ടില്ല. So Better Keep My Mouth Shut..!

You Might Also Like

0 Comments