Once Again

September 17, 2018



Year : 2018
Run Time : 1h 41min

🔻ചില സിനിമകൾക്ക് ഒരു വശ്യതയുണ്ട്. നമ്മൾ പലവുരു കണ്ട കഥ ആണെങ്കിൽ കൂടി നമ്മെ ഒരുപാട് മോഹിപ്പിക്കും ആ സിനിമകൾ. ഒരുപാട് പ്രത്യേകതകൾ നമുക്ക് ഗ്രഹിക്കാനാവും. ലാളിത്യത്തിന്റെ മധുരം നമുക്ക് നുകരാനാവും.

🔻പ്രണയത്തിന് പ്രായമില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. ലഞ്ച്ബോക്സിലെ കത്തുകളിലൂടെ ഒരിക്കൽ നമ്മൾ അത് അടുത്തറിഞ്ഞതുമാണ്. അതേ രുചിക്കൂട്ടിലാണ് താരയും അമറും തമ്മിലുള്ള അടുപ്പവും പൊട്ടിമുളക്കുന്നത്. ഒരു സെലിബ്രിറ്റിയാണെങ്കിലും താൻ സ്ഥിരം ഭക്ഷണം കഴിക്കുന്ന കടയിലെ, ഇതുവരെ നേരിട്ട് കാണാത്ത ആ പാചകക്കാരിയെ, ആ കടയുടെ ഉടമയെ ഫോണിലൂടെ അടുത്തറിയുകയാണ് അമർ. അതിന് പ്രണയമെന്ന് നാമകരണം ചെയ്യാമോ എന്ന് ചോദിച്ചാൽ സംശയമാണ്. പ്രണയത്തേക്കാളേറെ ഇരു മനസ്സുകളുടെയും ഭാരം കൂടെ നിന്ന് താങ്ങാൻ ഒരു സന്തതസഹചാരി. അതാവും അവർ മനസ്സിൽ വിചാരിച്ചതും.

🔻പുതുമകൾ അവകാശപ്പെടാനില്ലാത്ത ഒരു കഥ. പ്രണയമെന്ന ചേരുവ എപ്പോൾ കണ്ടാലും അതിനോട് ആർത്തിയാണ്. ജീവിതത്തിൽ പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാവും അത്തരം സിനിമകളോട് ഒരു പ്രത്യേക അടുപ്പം തോന്നാറ്. ട്രയിനിലിരുന്ന് സിനിമ കണ്ടുകഴിഞ്ഞപ്പോൾ വല്ലാത്ത അനുഭൂതിയായിരുന്നു. കുറെ നേരം ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ഇതുവരെയുള്ള ജീവിതത്തിന്റെ ഫ്ലാഷ്ബാക്ക് മനസ്സിൽ തെളിഞ്ഞു.

🔻അതിമനോഹരമാണ് ഈ ചിത്രം. ഏകാന്തതയിൽ കൂട്ടായി ഒരാൾ കടന്നുവരുമ്പോൾ ആരിലും തോന്നിപ്പോവുന്ന വികാരം. എത്ര ഭംഗിയായിട്ടാണ് അമറും താരയും നമുക്ക് പ്രിയപ്പെട്ടവരാകുന്നത്. അവരുടെ ഓരോ സംഭാഷണങ്ങളും നമ്മിലേക്ക് അടുപ്പിക്കുന്നത്. അവരുടെ ഓരോ ഫോൺകോളുകളും നമ്മളും ആസ്വദിക്കുന്നത്. ചില വോയ്‌സ് ഓവറുകൾ നമ്മിൽ ഹരം പകരുന്നത്. പ്രത്യേകതകൾ അനവധിയാണ്. വീണ്ടും കാണാൻ പ്രേരിപ്പിക്കത്തക്ക സുന്ദരമായ ചിത്രം. അതിൽപ്പരം വിശേഷണങ്ങൾ നൽകാൻ തൽക്കാലം ആവില്ല.

🔻കണ്ട എല്ലാ സിനിമകളിലും ഇഷ്ടം തോന്നിയിട്ടുള്ള നടനാണ് നീരജ്. ആ ഇഷ്ടം ഇരട്ടിയാക്കി അമറിലൂടെ. അനായാസേന ഓരോ രംഗങ്ങളിലും തന്റെ വ്യക്തിമുദ്ര പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. ഷെഫാലി ഷാ താരയെ അതിമനോഹരമാക്കി. പല രംഗങ്ങളിലും കാണാൻ തന്നെ എന്താ ഐശ്വര്യം. ഇരുവരും തമ്മിലുള്ള കെമിസ്ട്രി അപാരമായിരുന്നു.

🔻പശ്ചാത്തലത്തിൽ ഓരോ ഒരു സംഗീതവുമുണ്ടല്ലോ, അതീ സിനിമയുടെ ജീവനാണ്. ഇപ്പോഴും നിലക്കാത്ത നാദങ്ങൾ പോലെ ചെവിയിൽ അവ അലയടിക്കുന്നുണ്ട്. അവ കേൾക്കാൻ മാത്രമായി പല രംഗങ്ങളും വീണ്ടും വീണ്ടും ആവർത്തിച്ച് കണ്ടിട്ടുണ്ട്. എത്ര കേട്ടിട്ടും മതിവരുന്നില്ല അവ. ഓരോ രംഗങ്ങൾക്കും അവ നൽകിയ ജീവനുണ്ടല്ലോ പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഈയടുത്ത് കണ്ട സിനിമകളിലെ ഏറ്റവും ഗംഭീര ബിജിഎം വർക്കുകൾ ഈ സിനിമയിലേതാണെന്ന് നിസ്സംശയം പറയാം.

🔻രാത്രിയുടെ വശ്യതയെ അതിമനോഹരമായി പകർത്തിയെടുത്തിട്ടുണ്ട് ക്യാമറക്കണ്ണുകൾ. ഇരുവരും ബീച്ചിൽ പോകുന്ന രംഗം തന്നെ അതിനുദാഹരണം. അതിനുശേഷം അമർ നൃത്തം ചെയ്യുന്ന രംഗമാണെങ്കിലും കാഴ്ച്ചക്ക് സുഖം നൽകുന്ന ദൃശ്യമാകുന്നു അവ. ഏറ്റവും ഒടുവിലത്തെ രംഗം ഗംഭീരം.

🔻FINAL VERDICT🔻

"Once Again" I Wish To Fall In Love Again". ഒടുവിലത്തെ രംഗവും കഴിഞ്ഞപ്പോൾ ഇത് മാത്രമായിരുന്നു മനസ്സിൽ..!!

MY RATING :: ★★★★☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments