The Teacher's Diary

September 12, 2018



Year : 2014
Run Time : 1h 50min

🔻തായ് സിനിമകൾ കണ്ടപ്പോൾ മനസ്സിലായി കാര്യം എന്തെന്നാൽ ഒരേ അച്ചിൽ ചുട്ട അപ്പം പോലെ വരുന്ന സിനിമകളെല്ലാം വൻ വിജയം നേടുമെന്നാണ്. അതിൽ പ്രധാന ചേരുവ പ്രണയവും. ഒരേതരത്തിലെ 3-4 സിനിമകൾ കണ്ട് മനം മടുത്തതിനാൽ ഫീൽ ഗുഡ് മൂവി തേടി തായ് ഭാഷയിൽ ചെല്ലുന്ന പരിപാടി ഞാനങ്ങ് നിർത്തി. എന്നാൽ വീണ്ടും ഓർക്കാൻ കൂടി കാണാൻ കാരണമായത് 'Teachers Diary' എന്ന സിനിമയാണ്.

🔻പഠനവും മനസ്സിലാക്കലും തമ്മിൽ ആനയും ഉറുമ്പും കണക്കെയുള്ള വ്യത്യാസമുണ്ട്. അതിൽ പ്രധാന പങ്ക് വഹിക്കുന്നത് നമ്മുടെ അധ്യാപകരാണ്. ചിലർ അധ്യാപനം അവരുടെ കർത്തവ്യമായി കാണുമ്പോൾ മറ്റ് ചിലർക്ക് അത് വെറുമൊരു ചടങ്ങ് തീർക്കലാണ്. നമ്മുടെ അധ്യാപകരെ പറ്റി നമുക്ക് ചില സങ്കൽപങ്ങളൊക്കെയുണ്ടാവും. ചിലർ അത് തൃപ്തിപ്പെടുത്തുമ്പോൾ മറ്റ് ചിലർ നിരാശ നൽകുന്നു. കുറച്ചുപേർ വിദ്യാർത്ഥികളെ തന്റേതായ രീതിയിൽ മെച്ചപ്പെടുത്തിയെടുക്കുന്നു. അവരോട് ആത്മബന്ധം സൃഷ്ടിക്കുന്നു. പഠനത്തിന് വേറിട്ട വഴികൾ തെരഞ്ഞെടുക്കുന്നു

🔻ഒന്നിടവിട്ടുള്ള വർഷങ്ങളിൽ ഒരേ സ്‌കൂളിൽ തന്നെ നിയമിതരാവുകയാണ് ആണും സോങ്ങും. ഇരുവരും അവിടെ ഒറ്റക്കാണ്. പഠിപ്പിക്കാനായി വിരലിലെണ്ണാവുന്ന വിദ്യാർത്ഥികൾ മാത്രം. കുട്ടികളുമായി വളരെ പെട്ടെന്ന് അടുപ്പം സ്ഥാപിക്കുന്ന ആനിന് അതൊരു ആനന്ദവേള കൂടിയായിരുന്നു. എന്നാൽ സോങ്ങിന് നേരെ തിരിച്ചും.

അവിടെയാണ് സോങ്ങിന് ആനിന്റെ ഡയറി കിട്ടുന്നത്. പിന്നീടുള്ള സോങ്ങിന്റെ ഓരോ വേളകളും സന്തോഷത്താൽ നിറയുന്നു. കുട്ടികളുമായി വളരെയേറെ അടുപ്പത്തിലാവുന്നു. ഒറ്റപ്പെടലിൽ നിന്ന് ആ ഡയറി അദ്ദേഹത്തിന് മോചനം നൽകുന്നു.

🔻പ്രണയം പറയുന്ന സ്ഥിരം പ്ലോട്ടികളിൽ നിന്നും പോട്രേയലിൽ നിന്നും മാറി സഞ്ചരിക്കുന്നിടത്താണ് ടീച്ചേഴ്സ് ഡയറി സുന്ദരമായ അനുഭവമാകുന്നത്. ഒരുപക്ഷെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ട തായ് ചിത്രം എന്ന് പറയാൻ സാധിക്കും. അത്ര മനോഹരമായിരുന്നു ഈ പ്രണയം.

🔻ഏകാന്തതയിൽ സോങ്ങിന് കൂട്ടായി ഉണ്ടായിരുന്ന ആനിന്റെ ഡയറിയിലെ വരികളിലൂടെ അദ്ദേഹം പ്രണയത്തെ വമിക്കുന്നത് മനോഹരമായാണ് കാട്ടിയിരിക്കുന്നത്. അതുപോലെ തന്നെ തിരിച്ചും. ഒരിക്കലും പ്രണയമെന്ന് നമ്മോട് പറയാതെ നമ്മുടെ മനസ്സിൽ ആ വിചാരം സൃഷ്ടിച്ചെടുക്കുന്ന രീതിയിൽ ഹൃദ്യമായ ആഖ്യാനം ഈ ഡയറിയെ പ്രണയപൂരിതമാക്കുന്നു. കൂടെ അധ്യാപകനിലെ മാറ്റങ്ങളെയും തെല്ലും നാടകീയതയില്ലാതെയാണ് കാട്ടിയിരിക്കുന്നത്.

🔻കുട്ടികളുടെ തമാശകളും സന്തോഷങ്ങളും അവരുടെ നിഷ്കളങ്കമായ സ്വഭാവങ്ങളുമൊക്കെ വളരെയേറെ ജീവൻ നൽകുന്നുണ്ട് ഈ കഥക്ക്. അതോടൊപ്പം അവരുടെ ആകർഷണീയമായ മുഖങ്ങളും. ഒരൊറ്റ രംഗമൊഴികെ മറ്റെല്ലാം നമ്മെ സിനിമയോട് അടുപ്പിക്കുന്നുണ്ട്. കൂടെ വശ്യമായ കാഴ്ചകളും.

🔻FINAL VERDICT🔻

പതിവ് റൊമാന്റിക് സിനിമകൾ പിന്തുടരുന്ന പാതയിൽ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കുന്ന ചിത്രം മനസ്സിനും കണ്ണിനും സുന്ദരമായ അനുഭൂതി സൃഷ്ടിക്കുന്നുണ്ട്. പ്രണയത്തെ ഇത്ര ലളിതമായും മനോഹരമായും അവതരിപ്പിക്കുന്ന ചിത്രം മനം കവരുന്ന പ്രണയാനുഭവമാവുമെന്ന കാര്യത്തിൽ സംശയമില്ല.

MY RATING :: ★★★★☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ് Abi Suggests

You Might Also Like

0 Comments