🔻STORY LINE🔻
വിവേകുമായി പിരിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അവർ നാല് പേർക്കും ആ ഓഡിയോ മെസേജ് കിട്ടുന്നത്. ഓഡിയോ അയച്ചത് വിവേകിന്റെ ഭാര്യ ആനും. തങ്ങളുടെ രണ്ടാം വിവാഹ വാർഷികത്തിന് അവർ ഏവരും എത്തിച്ചേരണമെന്ന അഭ്യർത്ഥന ആയിരുന്നു ആ ഓഡിയോയിൽ. തങ്ങളുടെ പഴയ സുഹൃത്തിനെ വീണ്ടുകിട്ടുമെന്ന പ്രതീക്ഷയോടെ, നല്ലൊരു അവധിക്കാലം ആസ്വദിക്കാൻ അവർ വിവേകിന്റെ വീട്ടിലേക്ക് പുറപ്പെടുന്നു. മറ്റാരും അധികം എത്തിപ്പെടാത്ത, വനങ്ങളാൽ ചുറ്റപ്പെട്ട അവന്റെ ബംഗ്ളാവിലേക്ക്. അവിടെ തുടങ്ങുന്നു കിനാവള്ളിയുടെ ദുരൂഹത...
🔻BEHIND SCREEN🔻
സരസമായ രീതിയിലാണ് കിനാവള്ളി തുടങ്ങുന്നത്. നർമ്മങ്ങളും സൗഹൃദവും പതിയെ ചേർത്ത് കാര്യത്തിലേക്ക് കടക്കുന്നു. പിന്നീട് പതിയെ ആകാംഷയുണർത്തുന്ന രംഗങ്ങളിലേക്ക് മുന്നേറുന്നു. അവിടെ തുടരുന്നു ജേണറിനെ അടിവരയിടുന്ന ചില രംഗങ്ങൾ പരമാവധി ക്ളീഷെ ഇല്ലാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പം ദുരൂഹതയും സമ്മാനിക്കുന്നുണ്ട്. അങ്ങനെ കാണികളെ കയ്യിലെടുക്കുന്ന അവതരണം ആദ്യ പകുതിക്ക് മുതൽകൂട്ടാവുന്നുണ്ട്. കൂടെ നല്ലൊരു ഇന്റർവെൽ പഞ്ചും.
എന്നാൽ രണ്ടാം പകുതി ആവർത്തനങ്ങളുടെ തുടർപ്പട്ടികയാവുന്നുണ്ട് ചിലയിടങ്ങളിൽ. ദൈർഘ്യം കൂടുതലുണ്ടെന്ന് തോന്നിച്ചത് അത്തരം രംഗങ്ങളിലാണ്. എങ്കിലും അതൊരു വിരസമായ അനുഭവമാകുന്നില്ല. അവയിലും പിടിച്ചുനിൽക്കുന്നുണ്ട് ചിത്രം. ഹൊറർ രംഗങ്ങൾ അത്ര ഭീതി സൃഷ്ടിക്കുന്നവ അല്ലെങ്കിൽ പോലും അത്തരം ഒരു അന്തരീക്ഷത്തിൽ കഥയുടെ അവതരണത്തിന് ഗുണം ചെയ്യുന്നുണ്ട്. ഒടുവിൽ ഊഹിക്കാൻ അവസരം നൽകാതെ പോയ സിനിമയുടെ ക്ലൈമാക്സ് നല്ലൊരു അനുഭവം തന്നെയായി. ഇതുവരെ കണ്ടുമടുത്ത പ്രേതകഥകളിൽ നിന്ന് വേറിട്ട് നിന്ന ക്ലൈമാക്സ് ഇങ്ങനെയൊന്നാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അത് പുതിയൊരു അനുഭവം കൂടിയായി. സംവിധായകനും തിരക്കഥാകൃത്തും എടുത്ത റിസ്ക്ക് കൂടിയാണ് ആ ഉപസംഹാരം. അതിനും കയ്യടി അർഹിക്കുന്നു.
ഹിറ്റ് മേക്കർ സുഗീത് ഒരുപറ്റം പുതുമുഖങ്ങളുമായി ചിത്രം ഒരുക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിന് ഇരിക്കട്ടെ ഒരു കുതിരപ്പൻ. വളരെയേറെ ധൈര്യം ആവശ്യപ്പെടുന്ന ഒരു ഉദ്യമം തന്നെ ഇത്. കൂടാതെ തിരക്കഥ ഒരുക്കിയവരും പുതുമുഖങ്ങളാണ്. ഇവരിൽ വിശ്വാസം പുലർത്തിസിനിമയെടുക്കാൻ മുന്നിട്ടിറങ്ങയതിന്റെ സർവ്വ ക്രെഡിറ്റും സുഗീതിന് സ്വന്തം. ആ ഉദ്യമം മോശമാക്കാതെ നല്ലൊരു അനുഭവം ആക്കിയതിൽ സംവിധായകന്റെ ക്രാഫ്റ്റ് പ്രകടമാണ്. ഹൊറർ-ഫാന്റസി ലേബലിൽ അണിയിച്ചൊരുക്കുമ്പോൾ പാലിക്കേണ്ട മിതത്വം ചിത്രത്തിലുടനീളം പ്രകടമാണ്.
ശരാശരിക്ക് മുകളിൽ നിൽക്കുന്ന പുതുമയുള്ള തിരക്കഥ ചിത്രത്തിന് ബലം നൽകുന്നുണ്ട്. എങ്കിലും കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്നുതോന്നി. ചില കോമഡി നമ്പറുകൾ ആവശ്യമില്ലായിരുന്നു എന്ന് തോന്നിച്ചെങ്കിലും ചിരിപ്പിച്ചവയും ഏറെയാണ്. കൂടെ ഡാർക്ക് മൂഡ് നിറച്ച് കഥ പറയുന്നതും ഒടുവിലത്തെ ഫാന്റസി എലമെന്റും നന്നായിട്ടുണ്ട്.
🔻ON SCREEN🔻
പുതുമുഖങ്ങളാണ് ഭൂരിഭാഗമെങ്കിലും അവരാരും നിരാശ നൽകിയില്ല. ആദ്യം കുറച്ച് തപ്പിത്തടഞ്ഞെങ്കിലും പിന്നീട് അവർ മുന്നേറുന്നുണ്ട്. അതിൽ ഏറ്റവും ഇഷ്ടം തോന്നിയത് വിവേകിനെ അവതരിപ്പിച്ച അജ്മലിന്റെ അഭിനയമാണ്. പക്വത പ്രകടമായ കഥാപാത്രമാക്കി വിവേകിനെ. ബാക്കിയുള്ളവരും മോശമാക്കിയില്ല. എങ്കിലും മെച്ചപ്പെടാം. കുറച്ച് നേരം വന്ന് ഹരീഷ് തകർത്തിട്ട് പോയി. ആ സമയത്തെ കോമഡികൾ പലതും രസകരമായിരുന്നു.
🔻MUSIC & TECHNICAL SIDES🔻
ചിത്രത്തിന്റെ ടെക്നിക്കൽ സൈഡുകൾ കയ്യടി അർഹിക്കുന്നുണ്ട്. ഹൊറർ എലെമെന്റ്സ് അധികം ഇല്ലെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ ഡാർക് മൂഡ് സൃഷ്ടിക്കുന്നതിൽ ക്യാമറയും പശ്ചാത്തലസംഗീതവും നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യഗാനവും നന്നായിരുന്നു. പിന്നീടുള്ളവ എടുത്ത് പറയാനില്ലെങ്കിലും മോശമാക്കിയില്ല. ലൈറ്റിംഗ് ആൺ കുറച്ചെങ്കിലും നിരാശ നൽകിയത്. ശിക്കാരി ശംഭുവിലെ പോലെതന്നെ പലയിടങ്ങളിലും അനാവശ്യമായ കളറിംഗുകളും ലൈറ്റിങ്ങുകളും കാണാം.
🔻FINAL VERDICT🔻
ഒരു തീയേറ്റർ അനുഭവമെന്ന നിലയിൽ തൃപ്തി നൽകിയ ചിത്രമായിരുന്നു കിനാവള്ളി. സ്ഥിരം കണ്ടുവരുന്ന പ്രേതകഥകളിൽ നിന്ന് മാറി സഞ്ചരിക്കാനുള്ള ധൈര്യം കാട്ടിയതിന് അണിയറപ്രവർത്തകർക്ക് കയ്യടികൾ. പുതുമുഖങ്ങളെന്ന നിലയിൽ അഭിനേതാക്കൾക്ക് കിട്ടാവുന്ന മികച്ച എൻട്രി തന്നെയാണ് കിനാവള്ളിയിലൂടെ ലഭിച്ചിരിക്കുന്നത്. ക്ലൈമാക്സ് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും സിനിമയുടെ വിജയം. ചിത്രം നല്ലൊരു വിജയമായി തീരട്ടെ എന്നാശംസിക്കുന്നു.
MY RATING :: ★★★½
NB : ഹൊറർ സിനിമകൾ അധികം കാണാറില്ല. അതുകൊണ്ട് തന്നെ റിവ്യൂവിൽ അതും ബാധിച്ചേക്കാം.