മൈ സ്റ്റോറി (2018) - 138 min

July 06, 2018


🔻STORY LINE🔻

ഇരുപത് വര്ഷം കൊണ്ട് ഇരുന്നൂറിലധികം സിനിമകൾ ചെയ്ത് സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് ജയ്. പുറകിലേക്ക് ചിന്തിക്കുമ്പോൾ ഉയർച്ചയുടെ പടവുകൾ മാത്രമാണ് അദ്ദേഹത്തിനുള്ളത്. എന്നാൽ ഒരു ഘട്ടത്തിൽ തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അനുഭവം അദ്ദേഹത്തിന് ഓർക്കേണ്ടി വരുന്നു. പിന്നീട് ഒരു യാത്രയാണ്. താരയെ തേടി തന്റെ പഴയ അനുഭവങ്ങളെ തേടി ഒരു യാത്ര.

🔻BEHIND SCREEN🔻

നവാഗതയായ റോഷ്‌നി ദിനകർ സംവിധാനം ചെയ്ത ചിത്രം. എന്നാൽ പ്രതീക്ഷ നൽകിയത് ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കുന്നു എന്ന വാർത്തയാണ്. അദ്ദേഹം മുൻചിത്രങ്ങളായ ഉറുമിയും നെത്തോലിയും എക്കാലവും ഇഷ്ടപ്പെടുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ ഉള്ളവയാണ്. അതുകൊണ്ട് തന്നെ ആദ്യ ദിനം കാണാൻ ആഗ്രഹിച്ചു.

ചെറുപ്പം മുതൽ തന്നെ ആഗ്രഹിച്ച സിനിമയിലേക്ക് ചുവടെടുത്ത് വെക്കുമ്പോൾ ഭാഗ്യനായിക താരയായിരുന്നു ജയ്യുടെ നായിക. അധികം അടുപ്പം അവർ തമ്മിൽ ഇല്ലായിരുന്നെങ്കിലും ഒരു ദിനം അവർ ഒരുമിച്ച് ചെലവഴിച്ചപ്പോൾ ഇരുവരും തമ്മിലുള്ള സൗഹൃദം ദൃഢമായി. അങ്ങനെ അവർ ഒരു യാത്ര പോവുന്നു. ആ യാത്രയുടെ കഥയാണ് മൈ സ്റ്റോറി.

പ്രണയകഥ എന്ന ലേബലിലാണ് ചിത്രം റിലീസ് ആയത്. എന്നാൽ ഒടുക്കം ചില സീനുകളിലൊഴിച്ചാൽ പ്രണയം മഷിയിട്ട് നോക്കിയാൽ കാണില്ല. കാരണം കഥാപാത്രങ്ങൾ തമ്മിൽ അങ്ങനെയൊന്നുണ്ടെന്ന് എവിടെയും കാണാൻ സാധിക്കില്ല. ഒരു ഫൺ റൈഡ് എന്ന് ഭാഗികമായി വിശേഷിപ്പിക്കാം ചിത്രത്തെ. കാരണം പോർച്ചുഗീസിന്റെ ലൊക്കേഷൻ കാണിക്കാൻ ക്യാമറയുമായി പോകുന്ന ഒരു കൂട്ടർ. അത്രമാത്രമേ തോന്നൂ അവരുടെ യാത്രയിൽ. പ്രേക്ഷകരുമായി തീരെ സംവദിക്കാത്ത കഥയും ഒരു തരത്തിലും കൂടെ സഞ്ചരിക്കാൻ തോന്നാത്ത കഥാപാത്രങ്ങളും മടുപ്പൻ അനുഭവമാകുന്നുണ്ട് കാഴ്ചയിലുടനീളം.

പണ്ടെന്തോ പറയേണ്ട, അല്ലെങ്കിൽ പറഞ്ഞുമടുത്ത കഥയെ വീണ്ടും എന്തിന് കൊണ്ടുവന്നു എന്നറിയില്ല. എന്നാൽ അതിൽ യാതൊരു തരത്തിലും പുതുമ കൊണ്ടുവരാനോ നല്ലൊരു ഔട്ട്പുട്ട് ലഭിക്കുവാനുള്ള ശ്രമങ്ങളോ തിരക്കഥാകൃത്തിന്റെയോ സംവിധായികയുടെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. നറേഷൻ സ്റ്റൈൽ തന്നെ അതിന് ഉദാഹരണമാണ്. 'ഊഴ'ത്തിൽ എങ്ങനെയാണ് കഥ പറഞ്ഞിരുന്നത് അതെ ശൈലി തന്നെയാണ് ഇവിടെയും. പാസ്റ്റും പ്രസന്റും ഒരുപോലെ പറഞ്ഞുകൊണ്ടുപോയപ്പോൾ എവിടെയും എത്തിച്ചേരാതെ അവിയൽ പരുവമായി. ഏത് കാലഘട്ടമാണെന്ന് തിരിച്ചറിയാൻ പൃഥ്വിരാജിന്റെ താടി സഹായിച്ചു. അതിന് നന്ദിയുണ്ട്.

കുറച്ച് മുന്നോട്ട് ചെല്ലുമ്പോഴേക്കും ഇനി എങ്ങോട്ടാണ് കഥയുടെ സഞ്ചാരമെന്ന് ഭൂരിഭാഗവും നമുക്ക് ഊഹിക്കാം. അതുപോലെ തന്നെ അവസാനത്തെ വഴിത്തിരിവുകളെല്ലാം കൃത്യമായി ഊഹിച്ചെടുക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ഒരു പഴഞ്ചൻ അനുഭവമാണ് ഈ കഥ സമ്മാനിച്ചത്.

🔻ON SCREEN🔻

പൃഥ്വിരാജിന്റെ നാടകാഭിനയത്തിന് ഒരു പരിധി വരെ ഇവിടെ സ്കോപ്പില്ല. കിട്ടിയ റോൾ നന്നായിത്തന്നെ ചെയ്തിട്ടുണ്ട്. പാർവതിയും അങ്ങനെ തന്നെ. ചിലയിടങ്ങളിൽ ഓവർ ആകുമോ എന്ന പേടി ഉണ്ടായിരുന്നു. എങ്കിലും നന്നായി കൈകാര്യം ചെയ്തു. മറ്റുള്ളവർ ആരും എടുത്തുപറയത്തക്ക പ്രാധാന്യമുള്ള റോളുകൾ ചെയ്തിട്ടില്ല. പിന്നെ പൃഥ്വിയുടേയും പാർവ്വതിയുടെയും വിഗ്ഗുകൾ പരമബോറായിരുന്നു. പറയാതിരിക്കാൻ വയ്യ.

🔻MUSIC & TECHNICAL SIDES🔻

ചിത്രത്തിലെ ഏറ്റവും പോസിറ്റീവ് ആയി തോന്നിയത് ഗാനങ്ങളും പശ്ചാത്തലസംഗീതവും ആണ്. അവയുടെ പ്ലേസ്മെന്റ് ചില സ്ഥലങ്ങളിൽ ശരിയായില്ലെന്ന് തോന്നിയെങ്കിലും അത്ര നേരം ഉണ്ടായിരുന്ന മൂഡ് ചേഞ്ച് ചെയ്യാൻ കഴിഞ്ഞു. പ്രത്യേകിച്ച് ഷൂട്ടിങ്ങ് സെറ്റിലെ ആ ഗാനം. അത് തന്നെ പശ്ചാത്തലത്തിലും വന്നത് നല്ല ഫീൽ ആയിരുന്നു. അതോടൊപ്പം പോർച്ചുഗലിന്റെ ഭംഗി ആവോളം ആസ്വദിക്കാം. പക്ഷെ അത് മാത്രം പോരല്ലോ..

🔻FINAL VERDICT🔻

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ കുപ്പി പൊട്ടിയ അവസ്ഥ. വീര്യമില്ലാത്ത കഥയും തീരെ ആകാംഷ ഉണ്ടാക്കാത്ത സന്ദർഭങ്ങളുമൊക്കെയായി നിരാശ മാത്രം നൽകിയ അനുഭവമായിരുന്നു മൈ സ്റ്റോറി. നല്ല സ്ക്രിപ്ട് തെരഞ്ഞെടുക്കുന്നതിൽ മികവ് പുലർത്തുന്നവർക്ക് ഇതെന്ത് പറ്റി എന്ന ചോദ്യം ഇപ്പോഴും ബാക്കി.

MY RATING :: ★½

You Might Also Like

0 Comments