Kalla Chirippu (2018) - 8 Ep

July 27, 2018



💢രണ്ട് ദമ്പതികളുടെ വഴക്കിൽ നിന്നാണ് ഒന്നാം എപ്പിസോഡ് ആരംഭിക്കുന്നത്. ഇരുവരിലും കടുത്ത അമർഷം പ്രകടമാണ്. മൂർദ്ധന്യാവസ്ഥയിൽ എത്തിനിൽക്കുന്ന ആ കലഹം അവസാനിക്കുന്നത് അവരിൽ ഒരാളുടെ കൊലപാതകത്തിലാണ്. ഇത്ര കലഹിക്കാൻ അവർക്കിടയിൽ എന്തായിരുന്നു കാരണം.? ആ കൊലപാതകം കൂടെയുള്ളയാളുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുക.?

💢കാർത്തിക്ക് സുബ്ബരാജ് നിർമ്മിച്ച സീരീസ്. അതായിരുന്നു കാണാൻ പ്രേരിപ്പിച്ച ഘടകം. പ്രതീക്ഷ തെറ്റിയില്ല. തുടക്കം മുതൽ ഒടുക്കം വരെ ട്വിസ്റ്റുകളാൽ സമ്പന്നമായ, മുഴുവൻ നേരവും പിടിച്ചിരുത്തുന്ന സിമ്പിൾ സീരീസ്. മനുഷ്യന്റെ സ്വാർത്ഥത എന്ന സ്വഭാവത്തെ ആശ്രയിച്ച് ഒരുക്കിയിരിക്കുന്ന കഥാപാത്രങ്ങളും സന്ദർഭങ്ങളും വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നതായി തോന്നി. ട്വിസ്റ്റുകളെല്ലാം തൃപ്തി നൽകുന്നവയായിരുന്നു. ക്ലൈമാക്സ് ഒഴികെ.

💢20 മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള എപ്പിസോഡുകളുടെ അവതരണം വളരെ ത്രില്ലടിപ്പിച്ചാണ്. ഒരവസരത്തിലും വിരസത നൽകുന്നുമില്ല അത്. പല ടൈംലൈനിലാണ് കഥ പറയുന്നതെങ്കിലും അതൊരു സങ്കീർണ്ണമായ അവസ്ഥയിലേക്ക് കൊണ്ടുപോവുന്നില്ല. മനസ്സിലാവുന്ന തരത്തിൽ തന്നെ അവ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. സമയദൈർഘ്യം കുറവായത് ഇത്തരത്തിൽ ഒരു കഥക്ക് പ്ലസ് പോയിന്റാണ്.

💢സീരീസിന്റെ എൻഡിങ്ങിനെ രണ്ട് രീതിയിൽ കാണാനാവും. അതിന് രണ്ട് വശങ്ങളുണ്ട്. ഇനിയൊരു ഭാഗം ഇറങ്ങുന്നുണ്ടെങ്കിൽ നല്ല കലക്കൻ എൻഡിങ് ആണെന്നും ഇത് അവസാനമാണെങ്കിൽ മോശമെന്നുമാണ് എന്റെ അഭിപ്രായം. കൂടെ കഥയുടെ പോക്കിനിടയിൽ ചില രംഗങ്ങളിൽ അമേച്വറായ അവതരണവും കാണാം. അതും പലയിടത്തും കല്ലുകടിയാവുന്നുണ്ട്. എങ്കിലും തുടക്കമെന്ന നിലയിൽ നല്ലൊരു സീരീസ് തന്നെയാണ് കള്ളച്ചിരിപ്പ്. അമൃതയുടെ ഗംഭീര പ്രകടനം കഥക്ക് മുതൽക്കൂട്ടാണ്. സീരീസ് ഇനിയും തുടരണമെന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു.

🔻FINAL VERDICT🔻

ടിവി സീരീസിലേക്കും വെബ് സീരീസിലേക്കും ചുവടുവെക്കുന്ന ഇന്ത്യൻ ഇൻഡസ്ട്രിക്ക് മുതൽകൂട്ടായേക്കാവുന്ന ഒരു കൊച്ച് സീരീസ് എന്ന നിലയിൽ അഭിനന്ദനം അർഹിക്കുന്നുണ്ട് കള്ളച്ചിരിപ്പ്. ഒരു സിനിമ കാണുന്ന സമയം കൊണ്ട് കണ്ടുതീർക്കാവുന്ന ഒന്ന് എന്ന നിലയിലും തൃപ്തി നൽകിയ ഒന്നായി ഈ വെബ് സീരീസ്.

MY RATING:: ★★★½

NB :: സീരീസിന്റെ മലയാളം ഡബ്ബ് ലഭ്യമാണ്. അത് കാണുന്നവർ പ്രൈവസി പാലിക്കുക. പൂരപ്പാട്ടിന് സമമായ തെറിവിളികൾ അതിൽ ഉണ്ട്. വില പോവാതെ നോക്കുക.

You Might Also Like

0 Comments