Usagi Drop AKA Bunny Drop (2011) - 114 min

July 12, 2018

കുട്ടികൾ നമുക്കെന്നും സന്തോഷം പകരുന്നവർ ആണ്. അവരുടെ നിഷ്കളങ്കമായ ചിരിയിൽ ഒരുപാട് സന്തോഷിക്കുകയും വിഷമഘട്ടങ്ങളിൽ അതീവദുഃഖിതരാവുകയും ചെയ്യും നാം. അത് തന്നെയായിരുന്നു ഡൈകിച്ചിക്കും അവളെ കണ്ടപ്പോൾ തോന്നിയത്.


 💢തന്റെ അപ്പൂപ്പന്റെ മരണദിവസത്തിൽ വീട്ടിൽ ഒത്തുകൂടിയപ്പോഴാണ് ആ കുട്ടി അവന്റെ കണ്ണുകളിൽ പതിയുന്നത്. ആരെയും കൂസാതെ തന്റേതായ രീതിയിൽ ഓരോ കാര്യങ്ങളിൽ വ്യാപൃതയായ ആറ് വയസ്സുകാരി. അപ്പൂപ്പന്റെ ചിന്നവീട് സെറ്റപ്പിൽ ഉണ്ടായ കുട്ടിയാണെന്ന് അവിടെ തടിച്ചുകൂടിയ പലരുടെയും സംസാരങ്ങളിൽ നിന്നായി അവന് മനസ്സിലായി.

മരണാനന്തര ചടങ്ങുകൾക്ക് ശേഷം അവിടെ അരങ്ങേറിയത് ചൂടേറിയ ചർച്ചകളാണ്. പറഞ്ഞുവരുമ്പോൾ ആ കുട്ടിയും അവരുടെ ചോരയാണ്. ഒറ്റക്ക് നിർത്തി പോരാൻ സാധിക്കില്ല. എന്നാൽ അവളുടെ സംരക്ഷണം ഏറ്റെടുക്കാനും ആർക്കും സാധ്യമല്ല. തന്റേതായ കാര്യം വരുമ്പോൾ എല്ലാവർക്കും പറയാൻ ന്യായീകരണങ്ങൾ അനവധിയാണ്. ആ ഘട്ടത്തിൽ ഡൈക്ച്ചി അവൾക്ക് സംരക്ഷണം നൽകാനായി മുന്നിട്ടിറങ്ങുന്നു.

 💢Yumi Unita എന്ന ജാപ്പനീസ് mangaയുടെ സിനിമാറ്റിക്ക് അഡാപ്റ്റേഷൻ ആണ് ഈ ചിത്രം. Manga ജപ്പാനിൽ വൻ ഹിറ്റായതുകൊണ്ട് തന്നെ അതൊരു സിനിമയാക്കൽ വെല്ലുവിളി ഉയർത്തുന്നത് തന്നെയാണ്. എന്നാൽ സുന്ദരമായ ഒരു സിനിമാ അനുഭവമായിരുന്നു ഉസാഗി ഡ്രോപ്പ്. അവതരണത്തിലെ ലാളിത്യം കൊണ്ട് ഇഷ്ടം പിടിച്ചുപറ്റുന്ന ചിത്രം.

 💢ഡൈകിച്ചിയുടെയും കുട്ടിയുടെയും ആത്മബന്ധം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. അത് വളരെ ഹൃദയസ്പർശിയായി തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. ആകാംഷ ഉണ്ടാക്കുന്ന സന്ദർഭങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും ഒരു നിമിഷം പോലും വിരസത നൽകാതെ പ്രേക്ഷകരെ ചിത്രത്തിലേക്ക് പിടിച്ചിരുത്തുന്നുണ്ട്.

 💢Rin ആയി അഭിനയിച്ച Mana Ashida എന്ന കുട്ടിയുടെ മുഖം അത്ര പെട്ടെന്നൊന്നും സിനിമ കണ്ടവർ മറക്കില്ല. നിഷ്കളങ്കമായ ആ ചിരിയും കുസൃതികളും നമ്മെ രസിപ്പിച്ചുകൊണ്ടേയിരിക്കും. അതുപോലെ തന്നെ ബാക്കിയുള്ള താരങ്ങളും. എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

🔻FINAL VERDICT🔻

കണ്ടുതീരുമ്പോഴേക്കും മുഖത്ത് ഒരു പുഞ്ചിരി നൽകുന്ന കുഞ്ഞുചിത്രം. തുടക്കം മുതൽ ഒടുക്കം വരെ ഒരേ താളത്തിൽ ഒഴുകുമ്പോൾ മനസ്സിന് നല്ലൊരു അനുഭൂതിയാണ് അവർ സമ്മാനിക്കുക. കണ്ടറിയുക.

MY RATING :: ★★★½

You Might Also Like

0 Comments