Sara's Notebook (2018) - 115 min

July 05, 2018



💢ആഫ്രിക്കൻ മാഫിയയുടെ ക്രൂരകൃത്യങ്ങൾ രഹസ്യമായി പകർത്തുന്നതിനിടയിലാണ് അവർക്കിടയിൽ ഒരു വെളുത്ത വർഗ്ഗക്കാരിയെ അവർ ശ്രദ്ധിക്കുന്നത്. പല സൂചനകളിൽ നിന്നായി അവളൊരു സ്പാനിഷ് വംശജയാണെന്ന് അവർക്ക് ബോധ്യമായി. സാറ.. അതായിരുന്നു അവളുടെ പേര്.

തന്റെ സഹോദരിയാണ് അവർക്കിടയിൽ പെട്ടിരിക്കുന്നതെന്നറിഞ്ഞ അഡ്വക്കേറ്റ് ലൗറ അവളെ അന്വേഷിക്കാനായി ഇറങ്ങി പുറപ്പെട്ടു. ലൗറയുടെ മനസ്സിൽ ചോദ്യങ്ങൾ ഒരുപാടുണ്ടായിരുന്നു. എങ്ങനെയാണ് സാറ അവരോടൊപ്പം ചേർന്നത്.? അല്ലെങ്കിൽ അവിടെ അറിയാതെ എത്തിപ്പെട്ടതാണോ.? മനസ്സിൽ സംശയങ്ങൾ വന്നുപൊക്കോണ്ടിരുന്നു.

 💢മരണമടഞ്ഞെന്ന് കരുതിയ സഹോദരിയെ ഫോട്ടോയിൽ ദർശിച്ചപ്പോൾ ലൗറക്ക് പ്രതീക്ഷയായിരുന്നു. കോംഗോയിലെ ഭീകരമായ സ്ഥിതി അറിഞ്ഞിട്ടും ആഭ്യന്തരയുദ്ധങ്ങളുടെ ഇടയിലേക്ക് ഇറങ്ങിപ്പുറപ്പെടാൻ പ്രേരിപ്പിച്ചത് കൂടപ്പിറപ്പിനോടുള്ള വാത്സല്യമോ സ്നേഹമോ ആവാം. ജീവൻ പോലും ഹനിക്കാൻ പാകത്തിന് ക്രൂരത മനസ്സിൽ കൊണ്ടുനടക്കുന്ന മാഫിയ അംഗങ്ങൾ പലപ്പോഴും ഭീഷണി ഉയർത്തുമ്പോഴും ഉള്ളിൽ ഭയം നീറുമ്പോഴും അവൾക്ക് സാറയെ കണ്ടെത്താൻ കാരണങ്ങൾ പലതായിരുന്നു.

 💢എന്നാൽ യഥാർത്ഥ കഥ തുടങ്ങുന്നത് ലൗറ ഹമീറിനെ കണ്ടെത്തുമ്പോഴാണ്. അവന്റെ ഉള്ളിൽ മറ്റാർക്കുമറിയാത്ത പക ഉറങ്ങുന്നുണ്ട്. എന്ത് വില കൊടുത്തും ലൗറയെ സാറയുടെ പക്കൽ എത്തിക്കുക അവന്റെ കൂടി കർത്തവ്യം ആകുമ്പോഴാണ് കഥയിൽ കൂടുതൽ വഴിത്തിരിവുകൾ ഉണ്ടാകുന്നത്. മാഫിയയുടെ ക്രൂരതയുടെ കറുത്ത അധ്യായങ്ങൾ അവിടെ മറനീങ്ങുന്നു. പിന്നീട് നടക്കുന്നതെല്ലാം ആരും മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.

 💢പല രാഷ്ട്രീയ മാനങ്ങൾ ഉള്ള ചിത്രം കൂടിയാണ് സാറാസ് നോട്ട്ബുക്. ആ നോട്ട്ബുക്കിൽ അവൾ കുറിച്ചതായിരുന്നു സത്യങ്ങൾ. എന്നാൽ അവളുടെ പക്കൽ ലൗറ എത്തിച്ചേരുമോ എന്നത് പലപ്പോഴും ചോദ്യചിഹ്നമായി നിലകൊള്ളുന്നു. അതോടൊപ്പം UNന്റെ ചില നയങ്ങളെയും എടുത്തുകാട്ടുന്നുണ്ട് ചിത്രത്തിൽ. ലോകത്തിന് മുന്നിൽ പലതും തുറന്നുകാട്ടാനുള്ള സംവിധായകന്റെ വ്യഗ്രത കൂടി പലയിടത്തും ദൃശ്യമാകുന്നുണ്ട്.

 💢Belen Ruedaയുടെയും Ivan Mendesന്റെയും മികച്ച പ്രകടനങ്ങൾ കഥക്ക് കൂട്ടാണ്. അതോടൊപ്പം കാടിന്റെ വന്യതയും വശ്യതയും ഒരുപോലെ പകർത്തിയ ക്യാമറക്കണ്ണുകളും നെഞ്ചിടിപ്പ് കൂട്ടുന്ന പച്ഛാത്തലസംഗീതവും ഒരുപോലെ തിളങ്ങിനിൽക്കുമ്പോൾ മികച്ച അനുഭവം തന്നെയാകുന്നു ഈ ചിത്രം.

🔻FINAL VERDICT🔻

ആഫ്രിക്കൻ രാഷ്ട്രീയത്തെ കൂട്ടുപിടിച്ച് സംവിധായകൻ ഒരുക്കിയത് മികച്ചൊരു സൃഷ്ടി തന്നെയാണ്. നടുക്കുന്ന കാഴ്ചകളും അതുപോലെ തന്നെ നല്ലൊരു കഥയും കൂടിച്ചേരുമ്പോൾ മനസ്സിന് തൃപ്തി നൽകുന്ന അനുഭവം സമ്മാനിക്കുന്നു ഈ സ്പാനിഷ് ചിത്രം.

MY RATING:: ★★★½

You Might Also Like

0 Comments