Asha Jaoar Majhe -AKA- Labour Of Love (2014) - 84 min
July 21, 2018💢ആകെയുള്ള ഡയലോഗുകൾ കൂട്ടിയാൽ ഒന്നോ രണ്ടോ മിനിറ്റ് മാത്രമാവും ദൈർഖ്യം. എന്നാൽ അവ ഡയലോഗുകളും അല്ല. ചില മുദ്രാവാക്യങ്ങൾ മാത്രമാണ്. ആ കാലഘട്ടത്തിൽ കൽക്കത്തയിൽ എല്ലാവരെയും അലട്ടിയിരുന്ന പ്രധാന പ്രശ്നമായ തൊഴിലില്ലായ്മക്കെതിരെ ചിലർ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ.
💢ഒന്നര മണിക്കൂർ സംഭാഷണങ്ങൾ തീരെയില്ലാത്ത ഒരു സിനിമ കാണുകയെന്നത് ശ്രമകരമായ കാര്യം തന്നെയാണ്. വിരസത മാത്രം തോന്നുന്ന ഒരു കാഴ്ചാനുഭവമാവും അത്തരത്തിലൊരു ചിത്രം. എന്നാൽ രണ്ട് മിനിറ്റ് പോലും സംഭാഷണങ്ങൾ തികച്ചില്ലാത്ത ഈ ചിത്രം നമ്മെ പിടിച്ചിരുത്തുന്നുണ്ടെങ്കിൽ അതിന്റെ പരിചരണഭംഗി ഒന്നുകൊണ്ട് മാത്രമാണ്. അതും ഇത്ര രൂക്ഷമായ ഒരു വിഷയത്തെ പ്രതിപാദിക്കുക കൂടി ചെയ്യുന്ന ഒരു ചിത്രം.
💢ശക്തമായ ഡയലോഗുകളും അതിനനുസരിച്ച് ഗവണ്മെന്റിന്റെയും കോർപ്പറേറ്റുകളുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിൽ തീവ്രമായ ആവിഷ്കാരവും ആവശ്യപ്പെടുന്ന ഒരു പ്രമേയത്തെ ഇത്ര ലളിതമായി, ശക്തമായി കൈകാര്യം ചെയ്യാൻ പറ്റുമോ എന്ന് തോന്നിപ്പോയി ഈ ചിത്രം കണ്ടുകഴിഞ്ഞപ്പോൾ. അത്ര ഭംഗിയായിരുന്നു ഈ സിനിമക്ക്. ആ രണ്ട് ജീവിതങ്ങൾക്ക്.ഒരേയൊരു ദിവസം മാത്രം സ്‌ക്രീനിൽ കാണിക്കുമ്പോൾ റിയലിസ്റ്റിക്ക് എന്ന വാക്കിനെ അർത്ഥവത്താകുന്ന ഒരു സൃഷ്ടിയായി മാറുന്നു Labour Of Love.
💢രണ്ട് മനുഷ്യരുടെ ഒരു ദിവസത്തെ ജീവിതം മാത്രമാണ് സംവിധായകൻ ഒപ്പിയെടുത്തിരിക്കുന്നത്. ഒരാൾ വീട്ടിലാണെങ്കിൽ മറ്റൊരാൾ ഓഫീസിലാണ്. അവിടെ അവരുടെ ദൈനംദിന ജീവിതത്തിനൊപ്പം ക്യാമറയും സഞ്ചരിക്കുന്നു. വളരെ മൈന്യുട്ട് ആയിട്ടുള്ള കാര്യങ്ങളും ശബ്ദങ്ങളും വ്യക്തമാണ് കാഴ്ച്ചയിലുടനീളം. ചില രംഗങ്ങളുടെ ദൈർഖ്യക്കൂടുതൽ ഒഴിച്ചാൽ കണ്ണെടുക്കാൻ തോന്നാത്തവിധം സുന്ദരമായ കാഴ്ചയാവുന്നുണ്ട് അവ.
💢ഇതിന്റെയൊക്കെ അവസാനം ഇരുവരും ഒരുമിച്ചുള്ള കുറച്ച് രംഗങ്ങളുണ്ട്. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഉയരത്തിലായിരുന്നു ആ രംഗങ്ങൾ നൽകിയ ആസ്വാദനവും അനുഭൂതിയും. അവയുടെ ആവിഷ്കാരമികവ് അപാരം തന്നെയാണ്. ഈയടുത്ത് ഇത്ര മനോഹരവും ഹൃദയസ്പർശിയുമായ രംഗങ്ങൾ കണ്ടിട്ടില്ലെന്നുറപ്പ്. ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല അവ. അവാർഡ് നിശകളിൽ തിളങ്ങിയ ചിത്രം അതിരുകളില്ലാത്ത ആസ്വാദനഭംഗി പ്രദാനം ചെയ്യും.
🔻FINAL VERDICT🔻
"Action Speaks Louder Than Words" എന്ന വാക്യത്തെ അന്വർത്ഥമാക്കുന്ന അനുഭവമായിരുന്നു ഈ ചിത്രം സമ്മാനിച്ചത്. അതീവഗൗരവകരമായ പ്രമേയത്തെ ഇത്ര ലളിതമായും അവതരിപ്പിക്കാമെന്ന ബോധ്യപ്പെടുത്തൽ കൂടിയാണ് ചിത്രം . അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കിട്ടുന്ന വ്യത്യസ്തമാർന്ന ആസ്വാദനം നഷ്ടപ്പെടുത്താതിരിക്കുക.
MY RATING :: ★★★★☆
0 Comments