The Hidden Face -AKA- La Cara Oculta (2011) - 97 min
July 24, 2018💢അന്ന് വീട്ടിൽ തിരിച്ചെത്തിയ അഡ്രിയാനെ സ്വാഗതം ചെയ്തത് തന്റെ കാമുകി ബെലൻ റെക്കോർഡ് ചെയ്ത് വെച്ച ഒരു വീഡിയോ ക്ലിപ്പിങ്ങ് ആണ്. തനിക്ക് ഈ ബന്ധം തുടരാൻ താൽപര്യമില്ലെന്നും തൻ പോവുകയാണെന്നും അതിൽ ബെലൻ പരാമർശിച്ചിരുന്നു. ഈ വിഷമത്തിൽ അഡ്രിയാൻ നേരെ ചെന്നത് ഒരു ബാറിലേക്കാണ്. വിഷമം മറക്കാൻ മതിയാവോളം അവൻ മദ്യം സേവിച്ചു.
അവിടെ അഡ്രിയാൻ ബോധമനസ്സോടെ തന്നെയാണോ ഫാബിയാനയെ കണ്ടതെന്നറിയില്ല. എന്നാൽ വേഗം തന്നെ അവർ ഇരുവരും അടുത്തു. ആരാധ്യ കാമുകി പിണങ്ങിപ്പോയ വിഷമത്തിൽ നിന്ന് പതിയെ മുക്തനായി വരികയായിരുന്നു അഡ്രിയാൻ. ഇതേ സമയം ഫാബിയാനക്ക് അവിടെ ബാത്റൂമിൽ ചില ദുരൂഹതകൾ തോന്നും വിധം ചില അനുഭവങ്ങളുണ്ടായി. തുടർന്ന് പ്ലേ ചുരുളുകളും കെട്ടഴിയുന്നു.
💢പതിഞ്ഞ താളത്തിലാണ് ചിത്രം തുടങ്ങുന്നതെങ്കിലും സംവിധായകൻ സൃഷ്ടിച്ചെടുക്കുന്ന അറ്റ്മോസ്ഫിയർ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിന് അനുയോജ്യമാണ്. ഒരു ഡ്രാമ പോലെ മാത്രം മുന്നേറാതെ ആവശ്യമുള്ള പോയിന്റുകളിൽ ആകാംഷ നിലനിർത്തുന്ന രംഗങ്ങൾ കോർത്തിണക്കിയിട്ടുണ്ട്. ആദ്യ പകുതിയിൽ അഡ്രിയാന്റെ ഇപ്പോഴുള്ള പ്രണയവും രണ്ടാം പകുതിയിൽ ആദ്യ പ്രണയവും കൈകാര്യം ചെയ്യുമ്പോൾ പ്രതീക്ഷിക്കാത്ത രീതിയിലുള്ള കഥയുടെ ആവിഷ്കാരം മെല്ലെപ്പോക്കിലും നമ്മെ കയ്യിലെടുക്കുന്നുണ്ട്. ഏറ്റവും ഒടുവിലേക്ക് സിനിമ അടുക്കുമ്പോൾ പേരിനോട് നീതി പുലർത്തുന്ന പ്ലോട്ട് മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
💢സ്വാർത്ഥത മനസ്സിൽ സൂക്ഷിക്കുന്ന മനുഷ്യരുടെ കൂടി കഥയാണ് ഹിഡൻ ഫേസ്. അതിലേക്ക് കൂടുതൽ കടക്കുന്നില്ല. ഊഹിച്ചെങ്കിൽ കൂടി കിടിലൻ വഴിത്തിരിവ് കൂടി അവസാനം കൂടിച്ചേരുമ്പോൾ ത്രില്ലർ എന്ന നിലയിൽ തൃപ്തികരമായ അനുഭവം തന്നെയാവുന്നു ഈ ചിത്രം. ഡാർക്ക് മൂഡ് ആദ്യം തന്നെ സൃഷ്ടിക്കാൻ സാധിച്ചിടത്ത് തന്നെ ചിത്രം വിജയിച്ചു എന്ന് സത്യത്തിൽ പറയാം.
🔻FINAL VERDICT🔻
പതിഞ്ഞതാളത്തിൽ തുടങ്ങി മുന്നോട്ട് പോവുന്തോറും വേഗത കൂടുന്ന, ആകാംഷ ജനിപ്പിക്കുന്ന ത്രില്ലർ എന്ന രീതിയിൽ നിരാശപ്പെടുത്താത്ത അനുഭവം വാഗ്‌ദാനം ചെയ്യുന്നുണ്ട് ഈ ചിത്രം. ഒടുവിൽ നല്ലൊരു ട്വിസ്റ്റ് കൂടിയാവുമ്പോൾ ധൈര്യമായി സമീപിക്കാം എന്നുറപ്പ് നൽകുന്നു ഹിഡൻ ഫേസ്.
MY RATING:: ★★★½
NB :: സിനിമ കാണുന്നതിന് മുമ്പ് യാതൊരു കാരണവശാലും ട്രെയിലറിന്റെ പരിസരത്ത് കൂടി പോവരുത്. ട്രെയിലർ കണ്ടാൽ സിനിമ കാണാതിരിക്കുന്നതാവും നല്ലത്.
0 Comments