Short Term 12 (2013) - 96 min

July 26, 2018


💢ഒരു ടീനേജ്-കെയർ സെന്ററിൽ താൻ ജോലി ചെയ്ത അനുഭവം ആദ്യം ഒരു ഷോർട്ട് ഫിലിമാക്കി. അതിന് ശേഷം അതെ കഥ തന്നെ ഫീച്ചർ ഫിലിമിന് പാകമാകും വിധം തിരക്കഥയാക്കി. ഈ ചിത്രം ഉടലെടുക്കാനുണ്ടായ സാഹചര്യം ഇതായിരുന്നു. സംവിധായകൻ തന്റെ സ്വന്തം ജീവിതാനുഭവത്തിൽ നിന്നും തയ്യാറാക്കിയ ചിത്രമാണ് Short Term 12.

💢മാനസികവും ശാരീരികവുമായ പീഡനങ്ങൾ അനുഭവിച്ച കുട്ടികൾ അവിടെയുണ്ട്. മാതാപിതാക്കൾ തെരുവിലെറിഞ്ഞവരും ഉണ്ട്. അവരുടെയെല്ലാം അഭയകേന്ദ്രമാണ് ഒരുതരത്തിൽ ആ കെയർ സെന്റർ. അവർക്ക് ആശ്വാസമേകുകയാണ് ഗ്രെയ്സും കൂട്ടരും. എന്നാൽ അവർ പൂർണ്ണസന്തോഷവാന്മാർ ആണോ എന്ന് ചോദിച്ചാൽ അല്ല എന്നാവും ഉത്തരം.

💢പല മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുന്നവരുടെ കൂട്ടായ്മയാണ് ആ സെന്റർ. അവരെ വീണ്ടും ഉയർത്തിക്കൊണ്ടുവരികയെന്നത് അത്യന്തം ശ്രമകരമായ കർത്തവ്യമായിരുന്നിട്ട് കൂടി അത് ഏറ്റെടുക്കുന്ന ഗ്രെയിസിനും ഒരു ഭൂതകാലമുണ്ട്. അവൾക്ക് ഈ കെയർ-സെന്റർ ഒരു ആശ്വാസം കൂടിയാണ്. അതോടൊപ്പം കൂടെ ജോലി ചെയ്യുന്നവരും.

💢വളരെ ലളിതമായ ഒരു പ്രമേയം. ചില ജീവിതങ്ങളുടെ നേർക്കാഴ്ച. അത്രമാത്രമാണ് സിനിമയിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ പലതും ചിലപ്പോൾ സംവിധായകൻ നേരിട്ട് പരിചയിച്ച് അറിഞ്ഞതാവാം. എന്തിരുന്നാലും അവയിലെല്ലാത്തിലും കെടാത്ത ജീവനുകൾ ഉണ്ട്. അതിജീവനത്തിനായി പൊരുതുന്ന മനസ്സുകളുണ്ട്. മറ്റുള്ളവർക്ക് താങ്ങും തണലുമാവാൻ കൊതിക്കുന്ന ചില ആഗ്രഹങ്ങൾ ഉണ്ട്. ഇവയെല്ലാം കൊണ്ടും ഒരു ഗംഭീര സൃഷ്ടിയായി മാറിയിരിക്കുകയാണ് ഈ ചിത്രം.

💢ചെറിയ മുഹൂർത്തങ്ങളാൽ കൊതിപ്പിക്കുന്നുണ്ട് അവർ പലരും. മാർക്കസും മീനും സാമിയും ജെയ്ഡനുമൊക്കെ സ്വയം കഥ രചിച്ചവരാണ്. ഇവർക്കൊക്കെയും മുകളിൽ ഗ്രെയ്സും മേസണും അവരുടെ പ്രണയവുമൊക്കെയായി മികച്ച അനുഭവം തന്നെയാകുന്നുണ്ട് ചിത്രം. പല സുന്ദരമായ മുഹൂർത്തങ്ങളുണ്ട് സിനിമയിൽ. അതിന്റെയൊക്കെയും ലാളിത്യം കണ്ടനുഭവിക്കേണ്ടത് തന്നെയാണ്. അതോടൊപ്പം കഥാപാത്രങ്ങളെ ജീവസ്സുറ്റവയാക്കിയ അഭിനേതാക്കളുടെ കയ്യടി അർഹിക്കുന്ന പ്രകടനവും.

🔻FINAL VERDICT🔻

കാണേണ്ട സിനിമ തന്നെയാണ് short term 12. നമുക്ക് ചുറ്റുമുള്ളവരെയും നാമിതുവരെ കണ്ടിട്ടില്ലാത്തവരെയും നമുക്ക് അടുത്തറിയാൻ സാധിക്കും. സ്നേഹത്തിന്റെ ഉറവ ഇനിയും നശിച്ചിട്ടില്ലെന്ന തോന്നൽ നമ്മിൽ അവശേഷിക്കും. ഒരു ഫീൽ ഗുഡ് മൂവിയെക്കാൾ ഉപരി മനുഷ്വത്വം വാഗ്‌ദാനം ചെയുന്നുണ്ട് ഈ ചിത്രം.

MY RATING :: ★★★★☆

You Might Also Like

0 Comments