A seperation (2011) - 123 min
February 18, 2017
ആദ്യമായാണ് ഒരു ഇറാനിയൻ ചിത്രം കാണുന്നത്.. ആദ്യ സിനിമ കാഴ്ച്ചയിൽ നിന്ന് എനിക്ക് മനസ്സിലായ കാര്യം എന്തെന്നാൽ 'വാണിജ്യ'ത്തെ മുൻനിർത്തിയല്ല, യാഥാർഥ്യമായ സിനിമാ അനുഭവം പ്രേക്ഷകനിലേക്കെത്തിക്കാൻ 'റിയലിസ്റ്റിക്' ആയി അവതരിപ്പിക്കുക എന്നതാണ് അവിടെ മുൻനിര സംവിധായകർ ഉദ്ദേശിക്കുന്നത്..
മുൻനിര സംവിധായകൻ ആയ Asghar Farhadi സംവിധാനം ചെയ്ത 'A Seperation' എന്ന ചിത്രം ഇത്തരം റിയലിസ്റ്റിക് ഫിലിംസിൽ ഒന്നാണ്.. മകളുടെ ഉന്നമനത്തിനായി കുറച്ചുകൂടി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉള്ള സ്ഥലത്തേക്ക് ഭർത്താവുമായി പോകാൻ ആഗ്രഹിക്കുന്ന 'സിമിൻ' എന്ന യുവതിയും പിതാവ് അൾഷിമേഴ്സ് രോഗബാധിതൻ ആയതിനാൽ തനിച്ചാക്കി വരാൻ ആഗ്രഹിക്കാത്ത 'നാദിറും' ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ.. ഭർത്താവ് വരാൻ കൂട്ടാക്കാത്തതിനെ തുടർന്ന് വിവാഹബന്ധം വേർപെടുത്താൻ സന്നദ്ധയായി സിമിനും അതിന് സമ്മതംമൂളി നാദിറും കോടതിയിൽ ഇരിക്കുന്നതാണ് ആദ്യ രംഗം.. എന്നാൽ കാരണത്തിൽ കാമ്പില്ലെന്ന് പറഞ്ഞ് കോടതി ആപ്ലിക്കേഷൻ തിരസ്കരിക്കുന്നു.. തുടർന്ന് സിമിൻ സ്വന്തം വീട്ടിലേക്ക് താമസം മാറുന്നു.. രോഗബാധിതനായ പിതാവിനെ പരിചരിക്കുവാനായി നാദിർ ഒരു വേലക്കാരിയെ നിയമിക്കുന്നു.. തുടർന്ന് ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം..
കാണികളെ പിടിച്ചിരുത്താൻ പോന്ന മാസ്- മസാല ചേരുവകൾ ഒന്നും തന്നെ ചിത്രത്തിൽ ഇല്ല.. എന്നാൽ മനുഷ്യ മനസ്സിലെ വികാരങ്ങളെ പല ഘട്ടങ്ങളിലൂന്നി അത് എങ്ങനെയൊക്കെ മാറ്റങ്ങൾക്ക് വിധേയമാകുന്നത് എന്ന് സംവിധായകൻ കാട്ടിത്തരുന്നു..
ചിത്രം റിയലിസ്റ്റിക് ആയി നമുക്ക് തോന്നുന്നത് സംവിധായകൻ ചിത്രത്തെ പരിചരിച്ചിരിക്കുന്ന രീതി കൊണ്ടാണ്.. ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് പോലും സംവിധായകൻ ഉപയോഗിച്ചിട്ടില്ല.. ക്യാമറയും ഉപയോഗിച്ചിരിക്കുന്നത് യാഥാർഥ്യമാണെന്ന ഫീൽ നമ്മളിൽ ഉണ്ടാകത്തക്ക വിധമാണ്..
സിനിമ മുഴുവൻ നമ്മെ പിടിച്ചിരുത്തുന്നത് അഭിനേതാക്കളുടെ ഗംഭീര പ്രകടനം ആണ്..Leila Hatami, Peyman Moaadi, Shahab Hosseini, Sareh Bayat, എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.. കുട്ടികളുടെ വേഷം ചെയ്ത Serina Farhadi, Kimia Hosseini എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചു.. എല്ലാ രംഗങ്ങളും അതിന്റെ തീവൃതയോടെ തന്നെ അഭിനയിച്ച് ഫലിപ്പിക്കുവാൻ ഇവർക്കായി..
എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തുവാൻ ചിത്രത്തിനാവുമോ എന്ന് ചോദിച്ചാൽ 'ഇല്ല' എന്നായിരിക്കും ഉത്തരം.. എന്നാൽ എല്ലാത്തരം സിനിമകളെയും സ്നേഹിക്കുന്നവർക്ക് മികച്ച ഒരു അനുഭവമാവും 'A Seperation'.. അങ്ങനെയുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണിത്..
My Rating :: 4/5
0 Comments