🔻'El Angel' എന്ന സിനിമയെ പറ്റി അറിഞ്ഞ് ടെലെഗ്രാമിൽ നിന്ന് ഡൗൺലോഡ് ചെയ്തതാണ് ഈ ചിത്രം. The Angel എന്ന പേര് കണ്ടപ്പോൾ നേരെ കയറി ഡൗൺലോഡ് കൊടുത്തു. പക്ഷെ അബദ്ധം പറ്റിയതാണെന്ന് മനസ്സിലായത് കണ്ടുതുടങ്ങിയപ്പോഴാണ്. എങ്കിലും തുടർന്ന് കാണുവാൻ തീരുമാനിച്ചു.
Year : 2018
Run Time : 1h 54min
🔻ഈജിപ്ഷ്യൻ പ്രസിഡന്റ് ആയിരുന്ന നാസറിന്റെ മരുമകനായിരുന്നു അഷ്റഫ് മർവാൻ. വ്യക്തിപരമായി തന്റെ മകളെ അഷ്റഫിന് വീവാഹം ചെയ്ത് കൊടുക്കുവാൻ നാസറിന് താൽപര്യം ഇല്ലായിരുന്നെങ്കിലും മകളുടെ നിർബന്ധപ്രകാരം അതിന് വഴങ്ങുകയായിരുന്നു. നാസറിന്റെ മരണശേഷം അഷ്റഫിന് പുതിയൊരു പദവി കൂടി ലഭിച്ചു. തുടർന്ന് പ്രസിഡന്റായി നിയോഗിക്കപ്പെട്ട അൻവർ സാദത്തിന്റെ ഉപദേശകരിൽ ഒരാളായി അദ്ദേഹം. അതായത്, രാജ്യത്തിൻറെ സകല വിവരങ്ങളും അദ്ദേഹത്തിന് കൂടി വെളിവായിരുന്നു. ഇത് മറ്റൊരു തലത്തിൽ ഉപയോഗിക്കാൻ അദ്ദേഹം തുടർന്ന് നിർബന്ധിതനാവുകയാണ്.
🔻ലോകത്തിലെ ഏറ്റവും വലിയ ചാരസംഘടനകളിൽ ഒന്നായ മൊസാദിന്റെ ചാരന്മാരിൽ ഒരാളായി പ്രവർത്തിക്കേണ്ടി വന്ന ഒരു വ്യക്തിയാണ് അഷ്റഫ്. പിന്നീട് രണ്ട് രാജ്യങ്ങൾക്ക് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു എന്നൊക്കെ പറയപ്പെട്ടെങ്കിലും അതിതുവരെ തെളിയിക്കാനായിട്ടില്ല. എങ്കിലും ഇരു രാജ്യങ്ങളും തങ്ങളുടെ വീരപുരുഷന്മാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. അതിന് തക്കതായ കാരണവും ഉണ്ട്. ചിത്രം പരിചയപ്പെടുത്തുന്നതും ആ സംഭവങ്ങളെയാണ്.
🔻അഷ്റഫ് എന്ന വ്യക്തിയെയും, രാജ്യത്തിന്റെ ഉപദേശകനെയും ചിത്രം പരിചയപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ബുദ്ധിവൈഭവം പലപ്പോഴായി കാട്ടിത്തരുന്നുമുണ്ട് സംവിധായകൻ. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായ വഴിത്തിരിവുകളൊക്കെ ഭംഗിയായി കാത്തിത്തരുന്നുണ്ട് ചിത്രം. പലപ്പോഴും ഡ്രാമക്കും ഒരു ചെറു ത്രില്ലറിനുമിടയിലൂടെ സഞ്ചരിക്കുമ്പോൾ ആകാംഷയുണർത്തുന്ന സന്ദർഭങ്ങൾ ഉടലെടുക്കുന്നുണ്ട് ചിത്രത്തിൽ. എങ്കിലും ഒരു പൂർണ്ണത ലഭിക്കാത്തത് പോലെയൊരു തോന്നൽ ബാക്കിയാക്കി ചിത്രം. ഒരുപക്ഷെ അദ്ദേഹത്തെ പറ്റി കൂടുതൽ വായിച്ചറിയാൻ അത് സഹായകമായേക്കും.
🔻മർവാൻ കെൻസാരിയുടെ മികവുറ്റ പ്രകടനം ആ കഥാപാത്രത്തെ വിശ്വസനീയമാക്കുന്നുണ്ട്. മികച്ച ക്യാമറവർക്കുകളും കളറിങ്ങും കാണികളെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ട് പോവുന്നുണ്ട്. ചില സമയങ്ങളിലെ പശ്ചാത്തലസംഗീതത്തിൽ വല്ലാത്തൊരു വശ്യത അനുഭവപ്പെടുന്നുണ്ട്.
🔻FINAL VERDICT🔻
ഈജിപ്തിന്റെയും ഇസ്രയേലിന്റെയും വിശ്വസ്തനായ ചാരനെപ്പറ്റി കൂടുതൽ അറിയണോ. ചിത്രം കാണുക. നല്ലൊരു സ്പൈ ത്രില്ലർ നമ്മെ കാത്തിരിക്കുന്നു. ശേഷം വിക്കിയിൽ കൂടി ഒന്ന് കണ്ണോടിക്കുക. നല്ല വിവരങ്ങൾ നമ്മെ കാത്തിരിപ്പുണ്ട്. അബദ്ധവശാൽ കണ്ണിൽ പെട്ടതാണെങ്കിലും നല്ലൊരു അനുഭവം തന്നെ സമ്മാനിച്ചു 'The Angel'.
AB RATES ★★★½