Pulang
January 09, 2019🔻ജീവിതം ചില സമയങ്ങളിൽ സിനിമയേക്കാൾ സംഭവബഹുലമാകാറുണ്ട്. നാം കേട്ടിട്ടുപോലുമില്ലാത്ത യാതനകൾ അനുഭവിച്ചവർ. ഊഹിക്കാൻ പോലുമാവാത്ത ഏകാന്തതയിൽ ജീവിക്കുന്നവർ. പരിശ്രമങ്ങളിലൂടെ ജീവിതം കെട്ടിപ്പടുത്തവർ. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജീവിതങ്ങൾ. എല്ലാത്തിനും കാലം സാക്ഷി.
Year : 2018
Run Time : 2h
🔻മരണക്കിടക്കയിൽ തന്റെ അവസാന ആഗ്രഹം കൊച്ചുമകനുമായി പങ്കുവെക്കുകയായിരുന്നു Thom. 61 വർഷങ്ങൾക്ക് മുമ്പ് തന്നെ വിട്ടുപോയ ഭർത്താവ്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുപോലും ആർക്കും അറിയില്ല. തന്റെ ശ്വാസം നിലക്കുന്നതിന് മുമ്പ് അതറിയാൻ Thomന് ഒരാഗ്രഹം. തുടർന്ന് തന്റെ ജീവി തം കൊച്ചുമകനുമായി പങ്കുവെക്കുകയാണ് അവൾ.
🔻സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ Ahmad Izham Omarന്റെ മുത്തച്ഛന്റെ കഥയാണ് Pulang. മലേഷ്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പാണ് സംഭവം. ആദ്യനോട്ടത്തിൽ തന്റെ പ്രണയം തോന്നിയ Othmen-Thom ദമ്പതികൾ. തന്റെ ഭാര്യയെ പൊന്നുപോലെ നോക്കണമെന്ന ആഗ്രഹവുമായി ജോലിക്ക് പോവുന്ന othmen. തുടർന്ന് ചില പ്രത്യേക സാഹചര്യങ്ങൾ അവരുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്നു. സ്നേഹത്തോടെ പോയിരുന്ന അവരുടെ കുടുംബജീവിതത്തിനിടയിൽ അപ്രതീക്ഷിതമായ പല കാര്യങ്ങളും സംഭവിക്കുന്നു.
🔻സിനിമയുടെ ഏറ്റവും നല്ല ഘടകം കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതിയും അതിന്റെ ഛായാഗ്രഹണവുമാണ്. പഴയകാല ഫീൽ നൽകുന്ന ഒരു രംഗത്തിലൂടെയാണ് കേന്ദ്രകഥാപാത്രങ്ങൾ സ്ക്രീനിലേക്ക് വരുന്നത്. അവരുടെ വസ്ത്രാധാരണം തന്നെ അത്തരത്തിൽ ഒരു രീതിയിലാണ്. അങ്ങനെ ലളിതമായി കഥ പറഞ്ഞുപോവുമ്പോൾ അവർ തമ്മിലുള്ള പ്രണയവും ഭംഗിയായി കാട്ടുന്നുണ്ട്. എന്നാൽ പിന്നീട് അതിലേക്ക് പ്രശ്നങ്ങൾ അവതരിപ്പിച്ച വിധം നല്ലതായും അതിന്റെ പരിഹാരം ലളിതമായും കാട്ടിയതായി തോന്നി. അധികം സമയം അതിന് ആവശ്യം വേണ്ടിവരാത്തതിനാൽ മറ്റ് മികവുകൾക്കിടയിൽ ഇതത്ര കാര്യമായി തോന്നിയില്ല. എങ്കിലും തിരക്കഥയിൽ അൽപ്പം കൂടി ശ്രദ്ധ ചെലുത്താമായിരുന്നു എന്ന് പലയിടത്തും തോന്നിയിരുന്നു.
🔻യഥാർത്ഥ ജീവിതത്തെ സിനിമാറ്റിക്ക് ആയി അവതരിപ്പിക്കുമ്പോൾ ഒരു പരിധിക്കപ്പുറം കാര്യങ്ങൾ പോയാൽ ആസ്വാദനം പല തരത്തിലായിരിക്കും. 'Why' എന്ന ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടിരുന്ന നമ്മളെ എത്രകണ്ട് തൃപ്തിപ്പെടുത്താനാവുന്ന ക്ലൈമാക്സ് ആണ് സംവിധായകൻ ഒരുക്കിയിരിക്കുന്നതെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടാവാം. അത് പരമാവധി സിനിമാറ്റിക്ക് ആയിത്തന്നെയാണ് അവതരിപ്പിച്ചത്. ഒരുപക്ഷെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കും എന്ന് നമുക്ക് വിശ്വസിക്കാൻ പ്രയാസമാകും വിധം അതിനുത്തരം നൽകിയത് ആസ്വാദനത്തെ അൽപ്പം പിന്നോട്ട് വലിച്ചു.
🔻നായിക ആയിഷയെ കാണാൻ അപാര ക്യൂട്ട് ആയിരുന്നു. പലപ്പോഴും കണ്ണെടുക്കാൻ തോന്നാത്ത വിധം സൗന്ദര്യവും ഐശ്വര്യവും ആ മുഖങ്ങളിൽ കാണാൻ സാധിക്കും. നായകന്റെ മികച്ച പ്രകടനവും കഥക്ക് മുതൽക്കൂട്ടാണ്. ഒമറിന്റെ ചെറുപ്പകാലം അഭിനയിച്ച കുട്ടി നന്നായിരുന്നു. ബാക്കിയുള്ളവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
🔻അപാര ദൃശ്യഭംഗി കൊണ്ട് കണ്ണഞ്ചിപ്പിക്കുന്നുണ്ട് ചിത്രം. കടലോര ജീവിതം അതിമനോഹരമായി ഒപ്പിയെടുത്തിടത്ത് നമ്മുടെ കാഴ്ചയെ പൂർണ്ണമായി സ്വാധീനിക്കുന്നുണ്ട് ചിത്രം. ഒപ്പം മോശമല്ലാത്ത VFX വർക്കുകളും. ചിലയിടങ്ങളിൽ പാളിപ്പോയെങ്കിലും ചെറിയ ബഡ്ജറ്റിൽ നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.
🔻FINAL VERDICT🔻
അൽപ്പം ദുർബ്ബലമായിപ്പോയ തിരക്കഥയെ സംവിധാനമികവ് മികവ് കൊണ്ട് ടെക്നിക്കൽ സൈഡിന്റെ മേന്മ കൊണ്ടും മോശമല്ലാത്ത ഒരനുഭവമാക്കുമ്പോൾ ട്രൂ സ്റ്റോറി എന്ന ലേബലിനോട് ഏറെക്കുറെ നീതി പുലർത്തുന്നു ഈ ചിത്രം. വശ്യമനോഹരദൃശ്യങ്ങൾ കണ്ണിന് കുളിർമയേകുമ്പോൾ നിരാശ നൽകില്ല ഈ ചിത്രം.
AB RATES ★★★☆☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments