Forever My Girl
January 29, 2019🔻8 വർഷങ്ങൾ. ലോകപ്രശസ്ത ഗായകനായ ലിയാമിന് തന്റെ നാട്ടിലേക്ക് മടങ്ങിവരാൻ വേണ്ടിവന്ന ഇടവേളയാൻ ഈ 8 വർഷം. ഒരിക്കൽ ആരോടും പറയാതെ നാടുവിട്ട് പോവുമ്പോഴും പലരെയും ബാക്കിയാക്കി, ഒരു വാക്ക് പോലും മിണ്ടാതെ തന്റെ സ്വപ്നങ്ങൾ തേടി പോയപ്പോൾ തന്റെ പിന്നിലുള്ളവരുടെ അവസ്ഥ അദ്ദേഹം ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. എന്നാൽ അതിനൊക്കെയുമുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവിൽ ആ നാട്ടിൽ കാത്തിരുന്നത്.
Year : 2018
Run Time : 1h 48min
🔻കഥാപാത്രങ്ങളുടെ വികാരങ്ങൾ കൃത്യമായി പ്രേക്ഷകരുമായി സംവദിക്കാൻ സാധിച്ചില്ലെങ്കിൽ അവർക്ക് അസ്തിത്വമില്ല എന്ന് പറയേണ്ടി വരും. എന്നാൽ ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് വികാരങ്ങൾ കൺവെ ചെയ്ത വിധമാണ്. മനോഹരം എന്നേ പറയാനുള്ളൂ. വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ ആണെങ്കിൽ കൂടി മനസ്സിൽ പതിക്കാത്ത ആരും നിലനിൽക്കുന്നില്ല ചിത്രം കണ്ടുകഴിയുമ്പോൾ. ലിയാമും മറ്റ് കഥാപാത്രങ്ങളും തമ്മിലുള്ള റിലേഷൻ അതിമനോഹരമായി തന്നെ വരച്ചുകാട്ടുന്നുണ്ട് സംവിധായകൻ.
🔻ലിയാമും മകളും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ രസകരവും അതോടൊപ്പം തന്നെ ഹൃദ്യവുമാണ്. അച്ഛനുമായി ലിയാമിന്റെ ഡയലോഗ് സെഷനും വളരെ ടച്ചിങ്ങ് ആയി ഫീൽ ചെയ്തു. ജോസിയുമായുള്ള രംഗങ്ങളിൽ പ്രണയം തങ്ങിനിന്നിരുന്നു. ക്ളീഷേ എന്നൊക്കെ പറയാമെങ്കിലും ഈയടുത്തൊന്നും ലഭിക്കാത്ത ഒരു അനുഭൂതി പലപ്പോഴായി ചിത്രം സമ്മാനിക്കുന്നുണ്ട്. ഒപ്പം പാട്ടുകളുടെ അകമ്പടിയോടെ വന്നുപോവുന്ന സുന്ദരമായ രംഗങ്ങളും. ഒരു മ്യൂസിക്കൽ ഡ്രാമ എന്ന് തന്നെ വിശേഷിപ്പിക്കാം ഈ ചിത്രത്തെ.
🔻അലക്സ് റോയുടെ പക്വതയാർന്ന പ്രകടനം കേന്ദ്രകഥാപാത്രത്തെ മികവുറ്റതാക്കുന്നുണ്ട്. കണ്ണുകളിൽ അദ്ദേഹത്തിന്റെ വികാരങ്ങൾ പ്രകടമായിരുന്നു. ജെസ്സീക്ക റോത്തിന്റെ ജോസിയും ക്യൂട്ടിനെസ്സ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. കൊച്ച് വായിൽ വലിയ വർത്തമാനം പറയുന്ന ബില്ലിയായി ആബി റൈഡർ കയ്യടി നേടുന്നുണ്ട്. മനോഹരമായ പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും കഥാപാത്രങ്ങളായി തന്നെ സിനിമയിൽ നിലയുറപ്പിക്കുന്നുണ്ട്.
🔻FINAL VERDICT🔻
മനോഹരമായ ഒരു ഫീൽ ഗുഡ് മൂവി എന്ന നിലയിൽ ഹൃദ്യമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം സമ്മാനിച്ചത്. വീണ്ടും കാണാൻ പ്രേരിപ്പിക്കത്തക്ക വിധം വശ്യത നിറഞ്ഞ സന്ദർഭങ്ങളാൽ ചിത്രം നിറയുമ്പോൾ മനസ്സ് നിറഞ്ഞ അനുഭൂതി സമ്മാനിക്കുന്നു ഈ കുടുംബം.
AB RATES ★★★½
0 Comments