The Empire Of Corpses (2015) - 120 min

June 21, 2018

ഒരാൾ മരണപ്പെടുമ്പോൾ അയാളിൽ നിന്ന് 21 ഗ്രാം ഭാരം കുറയുന്നുണ്ട്. എന്നാൽ അതെന്താണ് കാരണമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആത്മാവ് നഷ്ടപ്പെടുന്നതാണ് കാരണമെന്നൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും അതിനൊരു തെളിവ് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ഇന്നും അത് ദുരൂഹമായി നിലകൊള്ളുന്നു.


💢മരിച്ചവരുടെ മൃതദേഹങ്ങളിൽ ആർട്ടിഫിഷ്യലായി ജീവൻ കൊടുക്കുക. അവരെ തങ്ങളുടെ വരുതിയിലാക്കി പല കാര്യങ്ങൾക്കായി ഉപയോഗിക്കുക. പത്തൊമ്പതാം നൂറ്റാണ്ടിൽ പലയിടങ്ങളിലായി കൊണ്ടുവന്ന പുതിയ പ്രതിഭാസമായിരുന്നു അത്. യുദ്ധങ്ങൾക്കും മറ്റ് ജോലി ആവശ്യങ്ങൾക്കും വ്യാപകമായി അവയെ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ മനുഷ്യരുടെ എന്നതിന്റെ തോതിൽ കാര്യമായി കുറവുണ്ടായില്ല. എന്നാൽ അവയുടെ ദേഹത്ത് നിർജീവമായി ജീവിക്കുന്ന ആത്മാക്കളായിരുന്നു എന്നതാണ് പ്രധാന പോരായ്മ. ഇതിലേക്ക് യഥാർത്ഥത്തിൽ ഒരാത്മാവിനെ ഉൾപ്പെടുത്തിയാൽ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമോ എന്ന ചിന്തയിലായി പലരും.

ലോകത്ത് ഒരാൾക്ക് മാത്രം അങ്ങനെ ആത്മാവിനെ മൃതദേഹത്തിലേക്ക് ആവാഹിക്കാൻ സാധിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. വിക്ടർ ഫ്രാങ്കൻസ്റ്റെയ്ൻ. എന്നാൽ അതിന്റെ തെളിവുകളൊന്നും പ്രത്യക്ഷത്തിൽ കണ്ടെത്താനുമായിട്ടില്ല. പല രാജ്യങ്ങളും അതിനായുള്ള ശ്രമം നടത്തുന്നുണ്ട്. അതിനായി ബ്രിട്ടീഷുകാർ ആശ്രയിച്ചത് ഡോക്ടർ വാട്സണെയായിരുന്നു. വിക്ടറിന്റെ ഡോക്യൂമെന്റസ് തേടി വാട്സന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സേനയും തിരച്ചിൽ തുടങ്ങുന്നു..

💢വളരെ മികച്ച പ്രമേയങ്ങൾ തെരഞ്ഞെടുത്തുകൊണ്ട് ചിത്രങ്ങൾ നിർമ്മിക്കാൻ ജാപ്പനീസ് ഫിലിം ഇൻഡസ്ട്രിക്ക് ഒരു പ്രത്യേക കഴിവാണ്. അത് തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രത്യേകത. അങ്ങേയറ്റം പുതുമയുള്ള കഥയും അതിനൊത്ത സന്ദർഭങ്ങളും ഒരുക്കി മികവുറ്റ ഒരു കാഴ്ചാനുഭവമാണ് ഈ ചിത്രം സമ്മാനിക്കുക. അതോടൊപ്പം ചിന്തിക്കാനും പല കാര്യങ്ങളും കോറിയിടുന്നുണ്ട്.

💢ഇൻഫിനിറ്റി വാറിൽ താനോസിന്റെ ലക്‌ഷ്യം ലോകത്ത് സമാധാനം കൊണ്ടുവരിക എന്നതായിരുന്നു. ഇതിലും പലരിലും ആ ലക്ഷ്യം ഉയരുന്നുണ്ട്. അതിനായി അവർ കണ്ടെത്തുന്ന മാർഗ്ഗം ഭീകരമാണ്. ചിന്തിക്കേണ്ട വസ്തുത തന്നെയാണ് അത്. കൂടുത്താൽ പറഞ്ഞാൽ പുതുമ നഷ്ടപ്പെടുമെന്നതിനാൽ അതിലേക്ക് കടക്കുന്നില്ല. അതോടൊപ്പം ശരീരത്തിലെ 21 ഗ്രാം തൂക്കത്തെ പറ്റി ഒരു ധാരണ സ്വയം സൃഷ്ടിക്കുന്നുമുണ്ട് സംവിധായകൻ. ഒരുവന്റെ ആത്മാവിന്റെ ചിന്തകളുടെയും ചെയ്തികളുടെയും ആകെത്തുകയാണ് ആ 21 ഗ്രാം എന്ന് ചിത്രം പറഞ്ഞുവെക്കുന്നു.

💢കണ്ണഞ്ചിപ്പിക്കുന്ന ആനിമേഷൻ വർക്കുകളാണ് അണിയറപ്രവർത്തകർ ഒരുക്കിവെച്ചിരിക്കുന്നത്. ഗംഭീരം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. അത് പോലെ തന്നെയാണ് പശ്ചാത്തലസംഗീതവും. കൂടെ എന്റ്റ് ക്രെഡിറ്റ്സിൽ ഒരു സുന്ദരമായ ഗാനം കൂടിയുണ്ട്.

💢ചിത്രത്തിലെ പല കഥാപാത്രങ്ങളും നമുക്ക് കേട്ട് പരിചയമുള്ളവരാണ്. തോമസ് ആൽവാ എഡിസൺ മുതൽ ലിറ്ററേച്ചർ കാരക്റ്ററായ വിക്ടർ വരെ ചിത്രത്തിൽ പലപ്പോഴായി പരാമർശിക്കപ്പെടുകയോ വന്നുപോവുകയോ ചെയ്യുന്നുണ്ട്. അതോടൊപ്പം മറ്റുചില അപ്പിയറൻസുകൾ കൂടിയുണ്ട്.

🔻FINAL VERDICT🔻

പതിവ് പോലെ ജാപ്പനീസ് സിനിമകളിൽ മറ്റൊരു ഗംഭീര അനുഭവം കൂടിയായി ഈ ചിത്രം. പ്രമേയത്തിൽ പുലർത്തുന്ന പുതുമയും അതുപോലെ തന്നെ ദൃശ്യവിരുന്നും പിടിച്ചിരുത്തുന്ന ഒരു ചിത്രത്തിന് വഴിവെച്ചു. തീർച്ചയായും പുതുമയുള്ള ഒരനുഭവമാവും ഈ ചിത്രം.

MY RATING :: ★★★★☆

You Might Also Like

0 Comments