ഞാൻ മേരിക്കുട്ടി (2018) - 125 min

June 15, 2018



മേരിക്കുട്ടിയുടെ പേരിൽ രജിസ്റ്റേർഡ് പോസ്റ്റ് ആയി ഒരു കത്ത് വരുന്ന രംഗമുണ്ട്. സമൂഹത്തിൽ അംഗീകരിപ്പെടുന്നു എന്നതിന്റെ സൂചനയായി ആ വരവിനെ കാണുന്ന മേരിക്കുട്ടിയുടെ നിറഞ്ഞ കണ്ണുകളും. സിനിമയിലെ ഏറ്റവും മനോഹരമായ രംഗങ്ങളിൽ ഒന്നാണ് ആ രംഗം.

🔻STORY LINE🔻

ശരീരം കൊണ്ട് ആണും മനസ്സ് കൊണ്ട് പെണ്ണുമായി ജനിച്ചവനാണ് മാത്തുക്കുട്ടി. എന്നാൽ രണ്ടും ഒരുമിച്ച് കൊണ്ടുപോവാൻ താത്പര്യമില്ലാതിരുന്ന മാത്തുക്കുട്ടി ഒരു സർജറിക്ക് വിധേയനായി ശരീരം കൊണ്ടും സ്ത്രീയായി ജീവിക്കുവാൻ തീരുമാനിക്കുന്നു. എന്നാൽ പിന്നീടുള്ള ജീവിതവഴികൾ ദുർഘടം നിറഞ്ഞതായിരുന്നു.

വീട്ടുകാരും നാട്ടുകാരും ഒരുപോലെ അവളെ വെറുത്തു. അവളും സമൂഹത്തിന്റെ ഒരു ഭാഗമാണെന്ന് അംഗീകരിക്കാതെ ഇടുങ്ങിയ മനഃസ്ഥിതിക്കുള്ളിൽ നിന്ന് മേരിക്കുട്ടിയെ ആട്ടിയകറ്റാൻ ശ്രമിക്കുന്നു. തുടർന്നുള്ള മേരിക്കുട്ടിയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

🔻BEHIND SCREEN🔻

പണ്ടുമുതലേ പല കോമഡി ഷോകളിലും സിനിമകളിലും ട്രാൻസ്ജെന്റേഴ്സിനെ കണ്ടിട്ടുണ്ട്. എന്നാൽ അവയിലൊക്കെയും അവരെ വെറും കോമഡി പീസുകൾ മാത്രമായി മാറ്റിനിർത്തിയിട്ടുണ്ട്. അതിൽ ഞാൻ ചിരി പൂകിയിട്ടുണ്ട്. പിന്നീട് വളർന്നുവരുന്തോറും മനസ്സ് പക്വത കൈവരിക്കുമ്പോൾ അതിനെ ഗൗരവകരമായി ചിന്തിച്ചിട്ടുമുണ്ട്. പലരോടും ചോദ്യങ്ങൾ ചോദിച്ചപ്പോഴും അവരുടെ ഉള്ളിലുള്ള ഇമേജ് "സൂത്രധാരനിൽ" കണ്ടിട്ടുള്ള കണക്കെ തന്നെയാണ്. താരതമ്യേന ട്രാൻസ്ജെന്റേഴ്സിനെ എണ്ണം കുറവായ കേരളത്തിൽ അവരെ നേരിട്ട് പോലും കണ്ടിട്ടില്ലാത്തവരാണ് ഭൂരിഭാഗവും എന്നതാണ് സത്യം. എങ്കിലും പറച്ചിലിന് ഒരു കുറവും കാണില്ല.

ഇവർക്ക് സിനിമയിൽ ഒരു മാറ്റം കൊണ്ടുവന്നത് നവകാല സിനിമയുടെ അമരക്കരാണ്. പ്രമേയപരമായി പ്രാധാന്യം കാണില്ലെങ്കിൽ കൂടി മോശമല്ലാത്ത ഒരു വേഷം അവർക്കായി ചില സിനിമകളിൽ മാറ്റിവെച്ചിരിക്കുന്നത് കാണാം. കൂടെ കഴിഞ്ഞ വർഷം കൊച്ചി മെട്രോയിൽ ട്രാൻസ്ജെന്റേഴ്സിന് കൂടി ജോലി ലഭിക്കുന്നു എന്നറിഞ്ഞപ്പോൾ മനസ്സിന് ഒരു സന്തോഷമായിരുന്നു. അവരും കേരളസമൂഹത്തിൽ അംഗീകരിക്കപ്പെടുന്നു എന്നതിന്റെ ആഹ്ലാദം. എങ്കിലും കോമഡി ഷോകളിൽ ഇവർ ഇപ്പോഴും മൂന്നാംകിടകൾ ആണെന്ന കാര്യം സത്യം തന്നെയാണ്. അതിനൊരു മാറ്റവും കണ്ടിട്ടില്ല.

സാമൂഹ്യപരമായി പ്രാധാന്യമുള്ള വിഷയങ്ങൾ തന്റെ ഓരോ സിനിമകളിലും കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന സംവിധായകനാണ്  രഞ്ജിത് ശങ്കർ. ആദ്യ ചിത്രമായ പാസഞ്ചർ മുതൽ ഏറ്റവും അവസാന റിലീസ് ആയ പുണ്യാളൻ വരെ അങ്ങനെ തന്നെ. എന്നാൽ അദ്ദേഹത്തിന്റെ ആഖ്യാനശൈലി ഓരോ സിനിമ കഴിയുന്തോറും കൈമോശം വന്നതായി തോന്നിയിട്ടുണ്ട്. ഉപദേശങ്ങളും ഗൗരവകരമായ പ്രമേയങ്ങളും വെറും കവലപ്രസംഗത്തിന്റെ രൂപത്തിൽ വിളിച്ചുപറഞ്ഞത് പോലെയാണ് പുണ്യാളൻ രണ്ടാം ഭാഗത്തിൽ തോന്നിയത്. സ്പൂൺ ഫീഡിങ്ങ് അതിരില്ലാതെ കവിഞ്ഞ് പോവുന്നതിന്റെ ഉദാഹരണം. അതുകൊണ്ട് തന്നെ ഞാൻ മേരിക്കുട്ടിയിലേത് പോലെ അതീവ ഗൗരവകരമായ വിഷയം മുൻധാരയിൽ ചർച്ചക്ക് വിധേയമാക്കുമ്പോൾ അത് ഏത് തരത്തിലാവുമെന്ന ആകാംഷയും ഒരു ചെറിയ പേടിയും മനസ്സിൽ ഉണ്ടായിരുന്നു.

പുറമേ പുരോഗമന ചിന്താഗതിക്കാരാണെന്ന് വാദിക്കുകയും അതേസമയം ഉള്ളിൽ ഇടുങ്ങിയ ചിന്താഗതി വെച്ചുപുലർത്തുകയും ചെയ്യുന്നവരാണ് മലയാളികൾ. ട്രാൻസ്ജെന്റേഴ്സിനെ കാണുമ്പോൾ അറപ്പോടെ നോക്കുകയും അവരുമായി അകലം പാലിച്ച് നടക്കുന്നവരെയും കണ്ടിട്ടുണ്ട്. അത്തരത്തിലൊരു സമൂഹത്തിലേക്കാണ് രഞ്ജിത് ശങ്കർ മേരിക്കുട്ടിയെ ഇറക്കുന്നത്. താൻ ഏത് ലിംഗമായി ജീവിക്കണമെന്ന് തീരുമാനിക്കുന്ന മേരിക്കുട്ടിയെ അകറ്റി നിർത്തുന്നത് സമൂഹം തന്നെയാണ്. തന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും വിലങ്ങുതടിയാവുന്ന സമൂഹത്തെ പൊരുതിത്തോല്പിക്കാനുള്ള മേരിക്കുട്ടിയുടെ പ്രയത്നമാണ് ചിത്രം.

ട്രാൻസ്ജെന്റർ സമൂഹം ഈ കാലഘട്ടത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഒരു ട്രാൻസ്ജെന്ററെ തന്നെ മുന്നിൽ നിർത്തി ചർച്ച ചെയ്യുകയാണ് സംവിധായകൻ. അവരും ഈ സമൂഹത്തിന്റെ ഭാഗം തന്നെയാണ്. നമ്മളെപ്പോലെ തന്നെ അവർക്കും അവകാശപ്പെട്ടതാണ് ഈ ലോകം. പലപ്പോഴും നാല് ചുവരുകൾക്കുള്ളിൽ അവർക്ക് ഒതുങ്ങിക്കൂടേണ്ടി വരുന്നത് ഈ സമൂഹം അവരെ നോക്കിക്കാണുന്നതിലുള്ള അപാകത മൂലമാണ്. അവയെ ജനശ്രദ്ധയാകർഷിക്കുന്ന രീതിയിൽ സ്ക്രീനിൽ പകർത്തുകയാണ് സംവിധായകൻ. തന്റെ മുൻ സിനിമകളിൽ അവലംബിച്ചിരിക്കുന്ന അതേ ആഖ്യാനശൈലി തന്നെയാണ് മേരിക്കുട്ടിയിലേതും. ഉപദേശങ്ങകളും മോട്ടിവേഷണൽ എലമെന്റുകളും അതേ അളവിൽ തന്നെ ചേർത്തിട്ടുമുണ്ട്. എന്നാൽ ഈ പ്രമേയം ആദ്യമായി കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ അവയൊരു വല്യ കുറവായി കാണാൻ തോന്നിയില്ല.

ആദ്യപകുതി മേരിക്കുട്ടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയാണ് മുന്നേറുന്നത്. സാധാരണ മലയാളികൾ അധികം അടുത്ത് ഇടപഴകാൻ സാധ്യതയില്ലാത്തത് കൊണ്ട് തന്നെ ആ പരിചയപ്പെടുത്തൽ മേരിക്കുട്ടിക്ക് അത്യാവശ്യമാണ്. പിന്നീടാണ് തന്റെ സ്വപ്നങ്ങളിലേക്കും ആഗ്രഹങ്ങളിലേക്കും കടക്കുന്നത്. അതുകൊണ്ട് തന്നെ മേരിക്കുട്ടിയുടെ ഉള്ളിലുള്ള വ്യഥയും ദുഖവും നമ്മിലും അനുഭവപ്പെടുന്നുണ്ട്. അവസാനഭാഗങ്ങളിലേക്ക് വരുമ്പോഴേക്കും പൂർണ്ണമായി ഊഹിക്കാമെങ്കിൽക്കൂടി കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മികച്ച് നിൽക്കുന്ന ഘടകങ്ങളുണ്ട്. അത് തന്നെയാണ് മേരിക്കുട്ടിയുടെ ഹൈലൈറ്റ്.

മലയാളസിനിമയിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത, അല്ലെങ്കിൽ ആരും കൈവെക്കാൻ മടിക്കുന്ന പ്രമേയത്തെ ഒരു സിനിമയാക്കാൻ ധൈര്യം കാണിച്ച സംവിധായകന് കയ്യടികൾ. മേരിക്കുട്ടി പലർക്കും ഒരൂർജ്ജമാണ്. ഇനിയുള്ള കാലം മുഴുവൻ.

🔻ON SCREEN🔻

ജയസൂര്യയെന്ന നടന്റെ തുല്യതയില്ലാത്ത കഥാപാത്രമാണ് മേരിക്കുട്ടി. വാക്കുൾക്കതീതമായ പ്രശംസയർഹിക്കുന്ന കഥാപാത്രം. മേരിക്കുട്ടിയായി ജീവിക്കുന്ന ജയേട്ടനെ കാണാം ചിത്രത്തിലുടനീളം. തന്റെ ചിരിയിൽ പോലും സ്ത്രൈണത നിറക്കുന്ന ഗംഭീര അഭിനയം. ഒന്നും പറയാനില്ല.
അതോടൊപ്പം ജോജോയുടെ മറ്റൊരു തകർപ്പൻ വേഷം കൂടി. വെറുപ്പും അമർഷവും വാങ്ങിക്കൂട്ടുന്നതിന് കണക്കില്ല. കപോടെ സുരാജ്, ഇന്നസെന്റ്, അജു വർഗീസ്, ജുവൽ തുടങ്ങി അഭിനയിച്ചവരെല്ലാം നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു.

🔻MUSIC & TECHNICAL SIDES🔻

പശ്ചാത്തലസംഗീതം മേരിക്കുട്ടിയുടെ പാതിജീവനാണ്. ആനന്ദ് മധുസൂദനൻ തന്റെ ജോലിയോട് പൂർണ്ണ ആത്മാർത്ഥത പുലർത്തിയിട്ടുണ്ടെന്ന് ഓരോ രംഗത്തിലും വ്യക്തം. സന്ദർഭങ്ങളുടെ തീവ്രത പൂർണ്ണമാക്കുന്നതിൽ പശ്ചാത്തലസംഗീതം ഒരുപാട് പിന്തുണ വഹിച്ചിട്ടുണ്ട്. പാട്ടുകളും സുന്ദരമായി പ്ലേസ് ചെയ്ത് ഇമ്പമുള്ളതാക്കിയിട്ടുണ്ട്. കൂടെ വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും മികച്ച് നിന്നു.

🔻FINAL VERDICT🔻

കേരസമൂഹം മുഴുവൻ കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് ഞാൻ മേരിക്കുട്ടി. ഇപ്പോൾ ജീവിക്കുന്ന ട്രാൻസ്ജെന്റേഴ്സിനും ഇനി വരാനിരിക്കുന്നവർക്കും അവൾ ഊർജ്ജമാകുമെന്ന കാര്യത്തിൽ സംശയമില്ല. വലിയ കയ്യടികൾ അർഹിക്കുന്നു രഞ്ജിത് ശങ്കർ നിങ്ങൾ. കൂടെ ജയേട്ടനും. അങ്ങേയറ്റം സന്തോഷം. കാലഘട്ടം ആവശ്യപ്പെട്ടിരുന്ന സിനിമ. സമൂഹം അംഗീകരിക്കേണ്ട സിനിമ. വൻവിജയമാവട്ടെ മേരിക്കുട്ടി എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

MY RATING :: ★★★½

You Might Also Like

0 Comments