Love, Simon (2018) - 110 min
June 11, 2018💢നമുക്കെല്ലാവർക്കും പലപ്പോഴും ഒരു രഹസ്യം ജീവിതത്തിലുടനീളം കൂട്ടായുണ്ടാവും. മറ്റുള്ളവരോട് പറയാൻ ഭയപ്പെടുത്തന്നതോ, പറഞ്ഞുകഴിഞ്ഞാൽ അവർക്ക് നമ്മളോടുള്ള കാഴ്ചപ്പാടുകൾക്ക് വ്യത്യാസം വരുമെന്നതോ പോലെയുള്ള ചിന്തകൾ മനസ്സിനെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കും അത്തരം സന്ദർഭങ്ങളിൽ. സൈമണിന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു.
💢സുന്ദരമായൊരു കുടുംബവും അടുത്തറിയുന്ന മൂന്ന് കൂട്ടുകാരും അടങ്ങിയതാണ് സൈമണിന്റെ ലോകം. കൂടെ കോളേജിലെ ക്ലാസുകളും സുഹൃത്തുക്കളുമൊക്കെയായി ഇപ്പോഴും അവൻ സന്തോഷവാനാണ്. എന്നാൽ മനസ്സിൽ മറ്റാരോടും പങ്കുവെക്കാത്ത ഒരു വലിയ ഭാരം അവനിൽ ഉണ്ടായിരുന്നു. താനൊരു ഗേ ആണെന്ന വിവരം.
💢താനൊരു സ്വവർഗാനുരാഗിയാണെന്ന് സമൂഹത്തോട് ഉറക്കെ വിളിച്ച് പറയണമെന്നുണ്ട് സൈമണിന്. എന്നാൽ അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ഓർക്കുമ്പോൾ അവന് ഭയമാണ്. താൻ സ്നേഹിക്കുന്ന, തന്നെ സ്നേഹിക്കുന്ന കുടുംബവും ഏറ്റവും അടുത്ത സുഹൃത്തുക്കളുമൊക്കെ ഏത് വിധം തന്നെ നോക്കിക്കാണുമെന്ന ചോദ്യമാണ് അവനെ അലട്ടുക. കാരണം ഇന്നേവരെയും സ്വവർഗാനുരാഗികളെ സമൂഹത്തിൽ ഒരുവനെപ്പോലെ കാണാൻ അവർ തലയാട്ടിയിട്ടില്ല എന്നത് തന്നെ.
💢ആയിടക്കാണ് കോളേജിലെ സ്വകാര്യ വെബ്‌സൈറ്റിൽ ഒരു പോസ്റ്റ് വരുന്നത്. അനോണിമസ് ആയ ഇമെയിൽ ഐഡിയിൽ നിന്ന് വന്ന പോസ്റ്റിനോട് അവന് ആകർഷണം തോന്നുന്നു. കാരണം താനിപ്പോൾ അനുഭവിക്കുന്ന അതെ മനോനിലയിലൂടെ കടന്നുപോവുന്ന ആൾ തന്നെയാണ് പോസ്റ്റിന്റെ ഉടമയെന്ന് ആ വാക്കുകളിൽ നിന്ന് വ്യക്തം. തുടർന്നുള്ള സൈമണിന്റെ ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
💢"ഗേ" എന്ന കോൺസെപ്റ്റിൽ പല സിനിമകളും കണ്ടിട്ടുണ്ട്. അവ പലതും ഇഷ്ടപ്പെട്ടിട്ടുമുണ്ട്. പക്ഷെ ഇത്രയേറെ ലളിതവും മനസ്സിനെ സ്പർശിക്കുന്നതുമായ ഒരെണ്ണം കണ്ടിട്ടില്ല എന്ന് പറയാം. അത്ര സുന്ദരമായ അനുഭവമായിരുന്നു സൈമണിന്റെ ജീവിതം. പലർക്കും ജീവിക്കാൻ ഊർജ്ജം നൽകിയേക്കാവുന്ന, പലതും തുറന്ന് പറയാനുള്ള ധൈര്യം പകർന്നേക്കാവുന്ന മികച്ച ചിത്രം. അതോടൊപ്പം തന്നെ സമൂഹത്തിനും ഇതൊരു കണ്ണാടിയാണ്. ഏത് തരം ആൾക്കാരും സമൂഹത്തിന്റെ ഭാഗമാണ്. അവരെ സ്വീകരിക്കേണ്ടത് അവരുടെ കടമയാണ്. അല്ലാതെ പുറന്തള്ളപ്പെടേണ്ടവരല്ല അത്തരക്കാർ.
🔻FINAL VERDICT🔻
വെറുമൊരു ഫീൽ ഗുഡ് മൂവി എന്ന ലേബലിൽ ഒതുങ്ങാതെ പ്രേക്ഷകരെ ചിന്തിപ്പിക്കുകയും അതുപോലെ സുന്ദരമായ അനുഭൂതി മനസ്സിൽ സൃഷ്ടിക്കുകയും ചെയ്യുന്ന മികച്ച ചിത്രം. ഓരോ രംഗങ്ങളും നമ്മെ ആകർഷിക്കുമ്പോൾ ക്ലൈമാക്സ് വളരെയധികം സന്തോഷം നൽകുന്ന ഒന്നായി. ഏവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിമ്പിളായ ചിത്രം. സ്നേഹത്തോടെ, സൈമൺ..
MY RATING :: ★★★★☆
0 Comments