കുട്ടൻപിള്ളയുടെ ശിവരാത്രി (2018) - 120 min

June 18, 2018

തീരെ പ്രതീക്ഷിക്കാതെ വരുന്ന കൊച്ച് ചിത്രങ്ങൾ തൃപ്തി തരുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമയിൽ കണ്ടുവരുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായിരുന്നു സുഡാനി ഫ്രം നൈജീരിയ. ആ ലിസ്റ്റിലേക്ക് ഒരു ചിത്രം കൂടി ഇടം പിടിക്കുകയാണ്. കുട്ടൻ പിള്ളയുടെ ശിവരാത്രി.


🔻STORY LINE🔻

കോൺസ്റ്റബിൾ കുട്ടൻപിള്ളക്ക് പ്രത്യേകതകൾ ഒരുപാടാണ്. വെടിക്കെട്ടും പ്രേതങ്ങളും സ്ഥിരം പേടിപ്പെടുത്തുന്ന കുട്ടൻ പിള്ളക്ക് സ്വന്തം മരുമകനെ വരെ പേടിയാണ്. എന്നാൽ അവരെക്കാളൊക്കെ കുട്ടൻ പിള്ള ഇഷ്ടപ്പെടുന്നത് തന്റെ പറമ്പിലെ പ്ലാവിനെയാണ്. വർഷങ്ങളായി സ്വന്തം മക്കളെപ്പോലെ, അല്ലെങ്കിൽ മക്കളെക്കാൾ കുട്ടൻപിള്ള നോക്കുന്നത് ആ പ്ലാവിനെയാണ്. ആ കുട്ടൻപിള്ളയുടെ കഥയാണ് ഒരു ശിവരാത്രിയുടെ വെളിച്ചത്തിൽ പറയുന്നത്.

🔻BEHIND SCREEN🔻

തന്റെ ആദ്യ ചിത്രമായ ഏഞ്ചൽസിലൂടെ തന്നെ എന്നെ തൃപ്തിപ്പെടുത്തി സംവിധായകനാണ് ജീൻ മാർക്കോസ്. കൊറിയൻ സിനിമയുടെ റീമേക്ക് ആണെങ്കിലും തെറ്റില്ലാത്ത രീതിയിൽ അത് കൈകാര്യം ചെയ്തിട്ടുണ്ട്. മാത്രമല്ല അതൊരു പുതിയ അനുഭവം കൂടിയായിരുന്നു. തന്റെ രണ്ടാം വരവിൽ തനിനാടൻ പ്രമേയമാണ് സംവിധായകൻ തെരഞ്ഞെടുത്തത്. അത് വളരെ ഭംഗിയായി, വൃത്തിയായി കൈകാര്യം ചെയ്തിട്ടുമുണ്ട്.

പ്ലാവിനെ പ്രേമിക്കുന്ന, എപ്പോഴും ഗൗരവം മുഖത്ത് ചാലിച്ച കുട്ടൻപിള്ളയും ശകുന്തളയുമൊക്കെ പ്രേക്ഷകർക്ക് മുന്നിൽ എത്തുമ്പോൾ തന്നെ ചുണ്ടിൽ ചിരി നിറയും. അത്തരത്തിലാണ് കഥ പറഞ്ഞ് പോവുന്നത്. ശിവരാത്രി ദിവസം കുട്ടൻപിള്ളയുടെ വീട്ടിൽ കൂടാനെത്തുന്ന കുടുംബക്കാരെ പരിചയപ്പെടുത്താനാണ് ആദ്യപകുതി. രണ്ട് മണിക്കൂർ മാത്രം ദൈർഖ്യമുള്ള സിനിമയിൽ ആദ്യ പകുതി അവരെ പരിചയപ്പെടുത്തി മുന്നേറുമ്പോൾ ചിരിക്കാൻ വകകൾ ഒരുപാടാണ്. അവയെല്ലാം പൊട്ടിച്ചിരിപ്പിക്കുന്നവയാണെന്നതാണ് വാസ്തവം. പലപ്പോഴും ചിരിയടക്കാൻ കഴിഞ്ഞില്ല. എന്നാൽ പിന്നീടുള്ള പകുതി തീർത്തും വിഭിന്നമാണ്.

തീരെ പ്രതീക്ഷിക്കാത്ത, ഒരുതരം ഫാന്റസി മൂഡിലാണ് ഇടക്കിടക്ക് കഥ വരുന്നത്. അതിനൊപ്പം നുറുങ്ങ് നർമ്മങ്ങളുമുണ്ട്. കൂടെ ഒരു മഹാദുരന്തത്തിന്റെ ഓർമ്മപ്പെടുത്തലും. ഒരുതരത്തിൽ ദുരൂഹത നിറക്കുന്ന, ഒരുതരം ഡാർക്ക് മൂഡ് അന്തരീക്ഷത്തിൽ നിറയുന്ന തരത്തിലുള്ള ആവിഷ്കാരം. നമ്മളിൽ ഉയരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഏറ്റവും അവസാനം ലഭിക്കുന്നു. ഒരുതരം ഞെട്ടൽ ഉണ്ടാക്കുന്ന സംഭവമായിരുന്നു അത്. കാലിക പ്രസക്തിയുള്ള ഒരു വിഷയം കൂടി കൂട്ടിച്ചേർത്തിട്ടുണ്ട് സംവിധായകൻ.

തീരെ പ്രതീക്ഷിക്കാത്ത നല്ലൊരു അനുഭവമാണ് കുട്ടൻപിള്ളയും കുടുംബവും സമ്മാനിച്ചത്. VFX ആണോ എന്നറിയില്ല, എന്നാൽ ആ രംഗങ്ങൾ മികച്ച തീയേറ്റർ അനുഭവമായിരുന്നു. ഇത്ര പെർഫെക്റ്റ് ആയി ഈയടുത്ത് ഒരു സിനിമയിലും അത്തരം ഉപയോഗങ്ങൾ കണ്ടിട്ടില്ല. ആകെമൊത്തത്തിൽ വളരെയധികം കഥാപാത്രങ്ങളെ നിരത്തി, ഓരോരുത്തർക്കും അവരുടേതായ ഐഡന്റിറ്റിയും സമ്മാനിച്ച് രസകരമാക്കിയ ശിവരാത്രിയായിരുന്നു കുട്ടൻപിള്ളയുടേത്.

🔻ON SCREEN🔻

ദേശീയ അവാർഡ് ജേതാവ് സുരാജ് വെഞ്ഞാറമൂടിന്റെ മറ്റൊരു മികച്ച കഥാപാത്രം തന്നെ കുട്ടൻപിള്ള. കെട്ടിലും മട്ടിലും ഗൗരവക്കാരനായ കുട്ടൻപിള്ളയെ ഗംഭീരമാക്കി സുരാജ്. കൂടെ പേരറിയാത്ത, സ്‌ക്രീനിൽ ഇതുവരെ കണ്ടുപരിചയം പോലുമില്ലാത്ത ഒരുപറ്റം ആളുകൾ ഉൾപ്പടെ എല്ലാ താരങ്ങളും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

🔻MUSIC & TECHNICAL SIDES🔻

സയനോരയുടെ സംഗീതസംവിധായക ആയുള്ള അരങ്ങേറ്റം കുട്ടൻപിള്ളയിലൂടെ കയ്യടി വാങ്ങി. തുടക്കത്തിലേ പാട്ട് മുതൽ ഓരോ രംഗവും കടന്നുവരുന്ന പശ്ചാത്തലസംഗീതം വരെ വളരെ മികവ് പുലർത്തി. കൂടെ ഛായാഗ്രഹണവും വളരെ ഭംഗിയുള്ളതായിരുന്നു.

🔻FINAL VERDICT🔻

വ്യത്യസ്തമായ ഒരു ആസ്വാദനം. അതാണ് കുട്ടൻപിള്ളയും കുടുംബവും സമ്മാനിച്ചത്. വളരെയധികം ചിരിക്കാനും ഇടക്കിടക്ക് ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഒരു കൊച്ച് സിനിമ. വെറുതെയിരിക്കുന്ന സമയത്ത് നല്ല പഴുത്ത ചക്കച്ചുള കിട്ടിയാൽ എങ്ങനെയുണ്ടാവും. നല്ല രുചിയല്ലേ. 😉😉

ഈ വർഷത്തെ ഇഷ്ടചിത്രങ്ങളുടെ ലിസ്റ്റിൽ കുട്ടൻപിള്ളയും കുടുംബവും സീറ്റുറപ്പിച്ചു.

MY RATING :: ★★★★☆

You Might Also Like

0 Comments