One Day (2011) - 107 min

June 02, 2018

നമ്മുടെയെല്ലാം ജീവിതത്തിൽ പല വഴിത്തിരിവുകളും സമ്മാനിച്ച ചില പ്രത്യേക നിമിഷങ്ങളോ തീയതികളോ കാണും. ജന്മദിനം ഓർത്തുവെക്കുന്നത് പോലെ ആ ദിവസങ്ങളും നമ്മുടെ മനസ്സിൽ കോറിയിടും. അത്ര പ്രാധാന്യമുള്ളതായിരിക്കും അവ. എന്റെ ജീവിതത്തിലും ചില തീയതികൾ ഉണ്ട് അങ്ങനെ. അതിൽ ഏറ്റവും പ്രധാനം എന്റെ ജന്മദിനം തന്നെ. ജൂലൈ 15. ഈ സിനിമയിലേക്ക് എന്നെ ആകർഷിച്ച ഘടകവും ആ ഡേറ്റ് തന്നെ.



💢അവർ ആദ്യമായി കണ്ട ദിനം 1988 ജൂലൈ 15 ആയിരുന്നു. അന്ന് രാത്രി ഒരുമിച്ച് തങ്ങിയപ്പോൾ തന്നെ അവർക്കിടയിലുള്ള ആത്മബന്ധം ആഴത്തിൽ ഉറച്ചിരുന്നു. പിന്നീടവർ നല്ല കൂട്ടുകാരായി മുന്നോട്ട് പോയി. എന്നാൽ ഒരുമിച്ചാണെങ്കിലും അല്ലെങ്കിലും എല്ലാ വർഷവും ജൂലൈ 15ന് അവരുടെ ജീവിതത്തിൽ പല വഴിത്തിരിവുകളും സംഭവിച്ചുകൊണ്ടിരുന്നു. വർഷത്തിലെ ആ ഒരു ദിവസത്തിന്റെ കഥയാണ് "One Day".

💢ഈ ചിത്രത്തിന്റെ പ്രത്യേകതയാണ് ഒറ്റ ഡേറ്റിൽ തന്നെ കേന്ദ്രീകരിച്ചുള്ള കഥ പറച്ചിൽ. അവതരണത്തിലെ പക്വത കൊണ്ട് മറ്റുള്ള ദിനങ്ങളിൽ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് വേവലാതിപെടേണ്ട ആവശ്യം വരുന്നേ ഇല്ല. അത്ര ലളിതമായാണ് കഥയുടെ പോക്ക്. ഒരു ബെസ്റ്റ് സെല്ലറിന്റെ ദൃശ്യാവിഷ്‌കാരം ആണെങ്കിൽ കൂടി അത് നല്ല രീതിയിൽ സ്‌ക്രീനിലെത്തിക്കാൻ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് സാധിച്ചിട്ടുണ്ട്.

💢പോരായ്മയായി തോന്നിയത് എന്തെന്നാൽ സന്തോഷമോ വിഷമമോ എന്ത് തന്നെയായിക്കോട്ടെ, അത് പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുന്നെ ഇല്ല. എല്ലാ നിമിഷങ്ങളും കടന്ന് പോവുന്ന ലാഘവത്തോടെ അവയും കടന്നുപോവുന്നതായി  തോന്നും. ഒരുപക്ഷെ അവതരണത്തിലെ ഫ്രെഷ്നെസ്സിന് വേണ്ടി അങ്ങനെയൊരു നീക്കം കൈക്കൊണ്ടത്താണോ എന്നും സംശയം ഇല്ലാതില്ല.

💢അന്നാ ഹതാവെയുടെയും ജിം സ്റ്റർഗെസിന്റേയും മികച്ച പ്രകടനങ്ങൾ ചിത്രത്തിന്റെ നെടുന്തൂണാണ്. വളരെ മിതത്വത്തോടെ തങ്ങളുടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. ജിമ്മിന്റെ കഥാപാത്രം ആവശ്യപ്പെടുന്ന ശരീരഭാഷ്യം അദ്ദേഹത്തിൽ പ്രകടമായിരുന്നു. അഭിനന്ദനം അർഹിക്കുന്നുണ്ട് അദ്ദേഹം.

🔻FINAL VERDICT🔻

പ്രതീക്ഷയില്ലാതെ സമീപിച്ചാൽ നല്ലൊരു സിനിമയായി അനുഭവപ്പെടാം one day. ഒരു ഫീൽ ഗുഡ് മൂവി കാണുന്ന ലാഘവത്തോടെ സമീപിക്കാവുന്ന ഒന്നെന്ന രീതിയിൽ നല്ലൊരു അനുഭവമാകുന്നു ഈ ചിത്രം.

MY RATING :: ★★★☆☆

You Might Also Like

0 Comments