Loft (2008) - 118 min
June 02, 2018💢കല്യാണം കഴിഞ്ഞാലും മറ്റ് സുഖങ്ങളിൽ വ്യാപൃതരാവാൻ ആഗ്രഹിക്കുന്നവരാണ് പലരും. അതിനായി സ്വന്തമായി ഒരു ഫ്‌ളാറ്റ് തന്നെ ഉണ്ടെങ്കിലോ. ഒരു ഫ്‌ളാറ്റ്. അതും അഞ്ച് പേർക്ക് മാത്രം അറിയാവുന്ന, അവരുടെ കയ്യിൽ മാത്രം താക്കോലുകൾ ഉള്ള, അവരുടെ അനുമതിയോടെ മാത്രം മറ്റുള്ളവർക്ക് പ്രവേശിക്കാവുന്ന ഒന്ന്. വിവാഹജീവിതം സെലിബ്രേറ്റ് ചെയ്യാൻ അവർക്കുണ്ടായിരുന്ന വഴി അതായിരുന്നു.
💢എന്നാൽ ഒരു ദിവസം പുലർച്ചെ അഞ്ച് പേരിൽ ഒരുവൻ അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച അവരുടെ ജീവിതത്തിന്റെ തന്നെ വഴിത്തിരിവായി. റൂമിലെ ബെഡിൽ ഒരു സ്ത്രീ ചങ്ങലകളാൽ ബന്ധപ്പെട്ട് ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നു. പൊടുന്നനെ അദ്ദേഹം മറ്റുള്ളവരെയും വിളിച്ച് വരുത്തുന്നു. സംശയത്തിന്റെ കൈകൾ വിരൽ ചൂണ്ടുന്നത് അവരിൽ ഓരോരുത്തരിലുമെക്കാൻ. കാരണം അവർക്ക് മാത്രമേ അവിടേക്ക് പ്രവേശനമുള്ളൂ.
💢പിന്നീട് അവിടെ നടക്കുന്നത് ചൂടേറിയ ചർച്ചകളാണ്. ഓരോരുത്തരെയും മറ്റുള്ളവർ ചോദ്യശരങ്ങൾ എയ്ത് പൂട്ടുന്നു. മറ്റാരെങ്കിലും അവർക്കായി ഒരുക്കിയ കെണിയാണോ എന്ന സംശയവും പല സാഹചര്യങ്ങളിലും ഉദിക്കുന്നുണ്ട്. കാരണം റൂമിലെ ചില വ്യത്യാസങ്ങൾ അവയെ സൂചിപ്പിക്കുന്നുണ്ട്. തുടർന്നുള്ള ത്രസിപ്പിക്കുന്ന നിമിഷങ്ങൾ ഒരു വമ്പൻ ത്രില്ലറിന് വഴിയൊരുക്കുന്നു.
💢ഓരോ സീനിലും കൊലപാതകിയെ ഊഹിക്കുകയും എന്നാൽ അതല്ല സംഭവിച്ചത് എന്ന പെട്ടെന്നുള്ള വഴിത്തിരിവ് കൊണ്ട് ഞെട്ടിച്ചുകൊണ്ടേയിരിക്കുന്ന ചിത്രം. രണ്ട് മണിക്കൂർ നേരം തീരുന്ന വഴി അറിയില്ല. അത്ര എൻഗേജ്ഡ് ആയി പിടിച്ചിരുത്തി നമ്മളെക്കൊണ്ടും ഒരുപാട് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഗംഭീര അവതരണവും അതിനൊത്ത ഡാർക്ക് മൂഡ് ക്രീയേറ്റ് ചെയ്യാൻ എല്ലാ അർത്ഥത്തിലും വിജയിച്ച ക്യാമറ വർക്കുകളും ബാക്ക്ഗ്രൗണ്ട് സ്കോറും. അങ്ങനെ ഓരോ ഘടകവും എടുത്ത് പറയേണ്ട മികവ് കാഴ്ചവെക്കുന്ന മികച്ച ത്രില്ലർ തന്നെയാണ് ലോഫ്ട്.
💢ചോദ്യോത്തരം എന്നതിൽ തുടങ്ങി പിന്നീട് പല സബ് പ്ലോട്ടുകളായി വിഘടിച്ച് പോവുന്നുണ്ട് കഥയുടെ ശൈലി. അവരിൽ അഞ്ച് പേരുടെയും ജീവിതം ഫ്‌ളാറ്റുമായും അവർക്ക് അറിയാവുന്ന ഓരോരുത്തരുമാണ് ബന്ധപ്പെട്ട് കിടക്കുന്ന വഴിയിലേക്ക് കൂടി നയിക്കുമ്പോൾ സംശയത്തിന്റെ ആധിക്യം കൂടുന്നു. എന്നാൽ ഇതൊക്കെ മറികടന്ന് ഒരു കിടിലൻ ട്വിസ്റ്റ് കരുതിവെച്ചിരിക്കുന്നതാണ് ഹൈലൈറ്റ്. ഒരിക്കലും പ്രതീക്ഷിച്ചില്ല അത്തരത്തിൽ ഒന്ന്.
🔻FINAL VERDICT🔻
സീറ്റ് എഡ്ജ് ത്രില്ലർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന, ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന, തകർപ്പൻ ത്രില്ലർ. ത്രില്ലർ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. ധൈര്യസമേതം സമീപിക്കാം ലോഫ്റ്റിനെ.
MY RATING :: ★★★★☆
0 Comments