Double Indemnity (1944) - 107 min

June 26, 2018


💢ഒരു കുറ്റകൃത്യവും പെർഫെക്റ്റ് എന്ന് വിളിക്കാനാവില്ല. ആരാലും ശ്രദ്ധിക്കപ്പെടാത്ത ചില തെളിവുകൾ അവശേഷിക്കപ്പെടും. അത് കണ്ടെത്തുമ്പോൾ പല കുരുക്കുകൾ കുറ്റവാളികൾക്ക് മേൽ മുറുകുകയും ചെയ്യും. പിന്നീടുള്ള അവരുടെ ചെയ്തികൾ പലപ്പോഴും മനസ്സിന്റെ നിയന്ത്രണത്തിനതീതമായിരിക്കും.

💢ഇൻഷുറൻസ് ഏജന്റായി ജോലി ചെയ്യുന്ന നെഫ് അതീവ ബുദ്ധിശാലിയും വാക്ചാതുര്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരുവനാണ്. ഈ ഗുണങ്ങൾ തന്നെയാണ് ഇൻഷുറൻസ് കമ്പനിയിലെ ഉയർന്ന ഏജന്റായി അദ്ദേഹത്തിന് ഉയരുവാൻ സാധിച്ചതും. തന്റെ കരിയറിന്റെ ഉയർച്ചക്ക് വേണ്ടി തന്നെയാണ് അദ്ദേഹം ടിച്ചേർസണെ കാണാൻ ചെന്നതും.

ടിച്ചേർസന്റെ വീട്ടിൽ എത്തിയ നെഫിനെ സ്വീകരിച്ചത് അദ്ദേഹത്തിന്റെ ഭാര്യയാണ്. ഒറ്റ നോട്ടത്തിൽ തന്നെ ഫില്ലീസ് അയാളുടെ മനം കവർന്നു. പിന്നീട് അവർ കൂടുതൽ അടുക്കാൻ ശ്രമിച്ചു. ആ അടുപ്പം അയാളെ വലിയൊരു കുറ്റകൃത്യത്തിലേക്കാണ് നയിച്ചത്.

💢1930ൽ തയ്യാറാക്കിയ തിരക്കഥ. പല മാറ്റങ്ങളോടെ 1944ലാണ് സിനിമയാക്കിയത്. ആദ്യം കഥയെഴുതിയ വ്യക്തിയല്ല സിനിമക്കായി തിരക്കഥ രചിച്ചത്. അദ്ദേഹത്തിന്റെ പ്രധാന പണി സന്ദർഭത്തിന് ചേർന്ന ഡയലോഗുകൾ എഴുതുക എന്നതായിരുന്നു. തിരക്കഥയോടൊപ്പം ഡയലോഗുകളും ഗംഭീരമായപ്പോൾ പിറന്നത് എക്കാലത്തെയും മികച്ച മാസ്റ്റർപീസുകളിലൊന്ന്.

💢സ്വാർഥതയുടെ ലോകത്താണ് നാമെല്ലാം ജീവിക്കുന്നത്. നമ്മുടെ സ്വാർത്ഥതാൽപര്യങ്ങൾക്കായി മറ്റൊരുവന്റെ ജീവൻ വിലക്ക് കൊണ്ടുക്കേണ്ടി വന്നാലും പലപ്പോഴും നമ്മൾ കാര്യമാക്കാറില്ല. എന്നാൽ കളി അറിയാവുന്നവർ കളിച്ചാൽ ഫലം അങ്ങനെയാവില്ല. അതാണ് ചിത്രത്തിന്റെ പ്രധാനവിഷയങ്ങളിൽ ഒന്ന്.

💢പ്രലോഭനങ്ങളിൽ വഴുതിവീഴുന്ന ഒരു സാധാരണമനുഷ്യനും പണത്തോടും ആഡംബരപൂർവ്വമായ ജീവിതത്തോട് ഭ്രമമുള്ള ഒരുവളും ചേർന്ന് നടത്തുന്ന ഒരു ഗൂഡാലോചന. എന്നാൽ ഒരു പെർഫെക്റ്റ് ക്രൈമിന് അരികിൽ നിൽക്കുമ്പോഴും വിലങ്ങ് തടിയാവുന്ന മറ്റ് ചില ഘടകങ്ങളുണ്ട്. അതിനെ വളരെ ത്രില്ലിങ്ങായും അതോടൊപ്പം പലരുടേയും മാനസിക സംഘർഷങ്ങളും കോർത്തിണക്കി അവതരിപ്പിച്ചിരിക്കുകയാണ് സിനിമയിൽ.

💢ഒരു ഫോൺ കോളിൽ തന്റെ ജീവിതത്തിൽ സംഭവിച്ച അരുതാത്ത കാര്യങ്ങളിലൊന്ന് പങ്കുവെക്കുന്ന നായകനിൽ നിന്നാണ് ചിത്രത്തിന്റെ തുടക്കം. ആ നറേഷൻ സ്റ്റൈലിൽ തന്നെ പ്രേക്ഷകരുടെ മനം കവരുന്നുണ്ട് സംവിധായകൻ. അതോടൊപ്പം മികച്ച പ്രകടനങ്ങളും അവതരണമികവും മുതൽക്കൂട്ടാവുമ്പോൾ ഒരു ഗംഭീര ചിത്രത്തിനാവും നാം സാക്ഷിയാവുക.

🔻FINAL VERDICT🔻

സിനിമാ ചരിത്രത്തിലെ തന്നെ മാസ്റ്റർപീസുകളിൽ മികച്ചുനിൽക്കുന്ന ക്രൈം ത്രില്ലർ. കാലഘട്ടം ഒരുക്കിയിരുന്ന സകല ടെക്‌നോളജിയുടേയും പരമാവധി ഉപയോഗവും അതിന്റെ മേന്മയും കാണാൻ സാധിക്കുന്ന മികച്ച ചിത്രം. തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന്.

MY RATING::★★★★½

You Might Also Like

0 Comments