October (2018) - 115 min
June 22, 2018
"This Is Not A Love Story. This Is A Story About Love"
കണ്ടുമടുത്ത പ്രണയകഥകൾ വീണ്ടുമാവർത്തിക്കുന്നിടത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയാണ് ഷൂജിത്ത് സർക്കാരിന്റെ ഒക്ടോബർ. പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം മനസ്സിനെ ഉലക്കുന്ന സുന്ദരമായ ചിത്രം.
🔻STORY LINE🔻
ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ മാനേജ്‌മന്റ് ട്രെയിനി ആയി ജോലി ചെയ്യുകയാണ് പൊതുവെ അലസനായ ഡാൻ. അവന്റെ ജൂനിയറാണ് ഷിയൂലി. എന്നാൽ മറ്റുള്ളവരുമായി അധികം ചങ്ങാത്തം പുലർത്താത്ത ഡാനിന് ഉൾവലിഞ്ഞ സ്വഭാവമാണ്. അതുകൊണ്ട് തന്നെ ഷിയൂലി ഉൾപ്പടെ ഭൂരിഭാഗം ആളുകളുമായി ഡാൻ സംസാരിച്ചിരുന്നില്ല. മാത്രമല്ല തൻ ചെയ്യുന്ന ജോലിയിൽ മനം മടുത്ത് ജീവിക്കുകയാണ് അവൻ.
ആയിടക്കാണ് ഷിയൂലിക്ക് ഒരു അപകടം പറ്റുന്നത്. വൈകിയാണ് ഡാൻ അതറിയുന്നതെങ്കിലും അവൻ അതത്ര കാര്യമാക്കിയില്ല, മറ്റൊരു വാർത്ത കൂടി കേൾക്കുന്നത് വരെ. അപകടത്തിന് തൊട്ടുമുമ്പ് അവൾ അവസാനമായി ചോദിച്ചത് ഡാനിനെയാണ്. ആർക്കും അതൊരു വലിയ കാര്യമല്ലെങ്കിൽ കൂടി ഡാനിന് അതങ്ങനെ അല്ലായിരുന്നു. ആ വാർത്ത അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
🔻BEHIND SCREEN🔻
ജൂഹി ചതുര്വേദിയുടെ തിരക്കഥയും ഷൂജിത്ത് സർക്കാരിന്റെ ആവിഷ്കാരപാടവവും മികച്ച ചിത്രമാണ് നമുക്ക് സമ്മാനിച്ചത്. ആ സമയത്ത് എന്ത് വികാരമാണ് അവനിൽ ഉള്ളതെന്ന് ഒരു സമയത്തും പിടിതരാതെയാണ് കഥയുടെ പോക്ക്. അത് തന്നെയാണ് ചിത്രത്തിന്റെ ഭംഗിയും. പ്രേമമെന്നോ സൗഹൃദമെന്നോ വിശേഷിപ്പിക്കാവുന്ന, അല്ലെങ്കിൽ നിർവചനങ്ങൾക്ക് അതീതമായ എന്തോ ഒന്ന് എന്ന് പറയുന്നതാവും നല്ലത്. അതുപോലെ തന്നെയാണ് ഹോസ്പിറ്റലിലെ സ്ഥിരം സന്ദർശകനായി ഡാനിന് ഷിയൂലിയുടെ അമ്മയോടും അവിടെ നഴ്സിനോടുമൊക്കെ തോന്നുന്നതും. പല പല വികാരങ്ങൾ ഒരേസമയം അവനിലൂടെ കടന്നുപോവുന്നുണ്ട്. ഒരുതരത്തിൽ അവന്റെ ജീവിതം അർത്ഥവത്താക്കിയതും സുഗന്ധപൂരിതമാക്കിയതും ഷിയൂലിയാണ്.
ഒക്ടോബറിൽ മാത്രം പൂക്കുന്ന പവിഴമല്ലി. അതാണ് ഷിയൂലി എന്ന വാക്കിന്റെ അർഥം. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട പൂക്കളും അത് തന്നെ. മരത്തിലായിരിക്കുമ്പോഴും അടർന്ന് വീഴുമ്പോഴും മറ്റുള്ളവർക്ക് സുഗന്ധം പരത്തുന്ന ഷിയൂലിപ്പൂക്കൾ. ആ പൂക്കളെ പോലെ തന്നെയാണ് ഡാനിന്റെ ജീവിതത്തിൽ ഷിയൂലിയും. ആ പൂക്കൾ പോലും പല രംഗങ്ങളിലും സംവദിക്കുന്നുണ്ട്. പല രംഗങ്ങളും മനോഹരമാക്കുന്നുണ്ട്.
🔻ON SCREEN🔻
വരുൺ ധവാനിലെ മികച്ച നടനെ കാണാം ഡാൻ എന്ന കഥാപാത്രത്തിലൂടെ. എത്ര സ്വാഭാവികമായാണ് ആ കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിച്ചതെന്ന് കണ്ടറിയേണ്ടത് തന്നെ. അധികം ഒന്നും ചെയ്യാനില്ലെങ്കിലും ബനിത സന്ധു ഷിയൂലിയുടെ വേഷം മനോഹരമാക്കി. ആ കണ്ണുകൾ തന്നെയായിരുന്നു പ്രധാന ആകർഷണം. അതോടൊപ്പം തന്നെ ചിത്രത്തിലുള്ള ഓരോ അഭിനേതാക്കളെയും അഭിനന്ദിച്ചേ മതിയാവൂ.
🔻MUSIC & TECHNICAL SIDES🔻
ഡൽഹിയെ അതിമനോഹരമായി ക്യാമറയിൽ പകർത്തിയിട്ടുണ്ട് ചിത്രത്തിൽ. ഓരോ കാലാവസ്ഥാവ്യതിയാനങ്ങൾ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം. കൂടെ ലളിതമായ, ആവശ്യമുള്ളിടത്ത് മാത്രം ഇഴചേർന്ന് വരുന്ന പശ്ചാത്തലസംഗീതവും സുന്ദരമാണ്.
🔻FINAL VERDICT🔻
പതിവ് പ്രണയകഥകളിൽ നിന്ന് വേറിട്ട് നിൽക്കുന്ന, സ്വാഭാവികത നിറഞ്ഞ, സുന്ദരമായ ചിത്രം. നമ്മിൽ ഒരു പുഞ്ചിരി വിടർത്തുവാനും ഒരു ചെറിയ നൊമ്പരം സമ്മാനിക്കുവാനും ചിത്രത്തിന് കഴിയും. ഷിയൂലിപ്പൂക്കൾ നമ്മിലും ഗന്ധം നിറയ്ക്കും. മനസ്സ് സുഗന്ധപൂരിതമാവും. ലളിതം സുന്ദരം ഈ ഒക്ടോബർ..
MY RATING :: ★★★★☆
0 Comments