അബ്രഹാമിന്റെ സന്തതികൾ (2018) - 131 min

June 16, 2018



പ്രതീക്ഷകൾ വാനോളം ഉയരാൻ കാരണങ്ങൾ ഒരുപാടായിരുന്നു. സംവിധായകന്റെ അരങ്ങേറ്റവും പേരും ടീസറും ഉണ്ടാക്കിയ ഹൈപ്പുമൊക്കെ വളരെ വലുതാണ്. സിനിമ അതൊക്കെ പൂർത്തീകരിച്ചോ എന്നാണ് ഇനി കണ്ടറിയേണ്ടത്.


🔻STORY LINE🔻

ഒരു സീരിയൽ കില്ലിങ്ങ് കേസ് അന്വേഷണത്തിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് ഡെറിക്ക് അബ്രഹാം. എന്നാൽ അന്വേഷണത്തിൽ സംഭവിക്കുന്ന അപാകത അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം പ്രതീക്ഷകൾക്ക് വിപരീതമായി ഭവിക്കാൻ ഇടയാക്കുന്നു. തുടർന്നുള്ള അദ്ദേഹത്തിന്റെ കരിയറാണ് ചിത്രത്തിലൂടെ കാട്ടിത്തരുന്നത്. കൂടെ അദ്ദേഹത്തിന്റെ സഹോദരന്റെയും.

🔻BEHIND SCREEN🔻

മലയാളത്തിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും പരിചയസമ്പന്നനായ അസിസ്റ്റന്റ് ഡയറക്ടർ ഷാജി പടൂർ ആയിരിക്കും. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് ഏറ്റവും പ്രതീക്ഷ ഉയർത്തുന്ന കാര്യം. അതിന് പിന്നാലെ വന്ന പോസ്റ്ററുകളും ടീസറുകളും ഉണ്ടാക്കിയ ഹൈപ്പ് ചില്ലറയല്ല. ഗ്രേറ്റ് ഫാദറിന് ശേഷം ഇത്ര ആവേശം നിറഞ്ഞ ഒരു ഇക്കാ പടം റിലീസ് ഉണ്ടായിട്ടുമില്ല. ഒരുതരത്തിൽ ആ പ്രതീക്ഷകൾ കാക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാ അത് എല്ലാവർക്കും ഒരുപോലെ ആയോ എന്ന കാര്യം സംശയമാണ്.

ഒരു മാസ്സ് ത്രില്ലർ പരിവേശം നൽകുന്ന തുടക്കമാണ് ചിത്രത്തിന്റേത്. ആകാംഷ ജനിപ്പിക്കുന്ന തുടക്കത്തോടെയാണ് ഡെറിക്കിന്റെ ഇൻട്രോ. ഡെറിക്കിന്റെ ഇൻട്രോയുടെ സമയത്തെ ഫൈറ്റ് നല്ല ബോറായിരുന്നു. തുടർന്ന് ആ കേസ് തെളിയിക്കുന്ന വഴിയിലും ഒരു പൂർണ്ണത നഷ്ടപ്പെടുന്നുണ്ട്. തുടർന്ന് ചിത്രം സഞ്ചരിക്കുന്നത് അബ്രഹാമിന്റെ കഥ പറഞ്ഞുകൊണ്ടാണ്. അവിടെ നിന്ന് കുറച്ച് ഇമോഷണൽ ടച്ചോടുകൂടി മുന്നോട്ട് സഞ്ചരിക്കുമ്പോൾ അത്ര വേഗതയിൽ അല്ലാത്ത പോക്കാണ്. എങ്കിലും ഒരു സംവിധായകന്റെ പക്വത അതിൽ കാണാനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തരക്കേടില്ലാത്ത വിധം എല്ലാ എലമെന്റ്സുകളും കൈകാര്യം ചെയ്തിട്ടുണ്ടെന്ന് തോന്നി. പിന്നീട് ഇടവേളയോടടുത്തപ്പോൾ രണ്ടാം പകുതി നല്ലൊരു ത്രില്ലർ ആവുമെന്നെ പ്രതീക്ഷ തന്നിരുന്നു.

എന്നാൽ ആദ്യ പകുതിയെ സംബന്ധിച്ചടുത്തോളം രണ്ടാം പകുതി പകുതിയോളം ആസ്വാദനം താഴെക്കാണ് പോയത്. കുറച്ച് മുമ്പോട്ട് പോയപ്പോൾ ക്ളൈമാക്സിൽ എന്താണ് കരുതി വെച്ചിരിക്കുന്നതെന്നും ഊഹിച്ചു. അത് ഊഹം പോലെ തന്നെ ഭവിച്ചു. എന്നാൽ ടെയിൽ എന്റ് ഞെട്ടിച്ചു. തീരെ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് കൊണ്ടിട്ട് അവിടെയും ഒരു മാസ്സ് സീൻ കൊണ്ട് കയ്യടി സ്വന്തമാക്കി. ആദ്യ ട്വിസ്റ്റ് ഊഹിക്കാമെങ്കിലും അത് കൈകാര്യം ചെയ്ത വിധം നന്നായിട്ടുണ്ട്.

ഷാജി പടൂർ എന്ന പയറ്റിത്തെളിഞ്ഞ അസിസ്റ്റന്റിൽ നിന്ന് പ്രതീക്ഷിച്ചത്ര മികവ് ചിത്രത്തിൽ പ്രകടമായില്ല. അതുപോലെ തന്നെയാണ് ഹനീഫ് അദാനിയുടെയും കാര്യം. ഗ്രേറ്റ് ഫാദറിൽ ഉണ്ടായിരുന്ന കയ്യടക്കം അബ്രഹാമിൽ പ്രകടമല്ല. കൂടാതെ പോരായ്മകളും പലയിടത്തും നിഴലിക്കുന്നുണ്ട്. എങ്കിലും ആരാധകരെയും, ഒപ്പം നല്ലൊരു മമ്മൂക്ക ചിത്രം ആസ്വധിച്ചിട്ട് വർഷങ്ങളായ സാധാ മലയാളിപ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയേക്കും അബ്രഹാമിന്റെ സന്തതികൾ.

🔻ON SCREEN🔻

ആർക്കും വെല്ലുവിളി ഉയർത്തുന്ന വേഷങ്ങൾ ചിത്രത്തിലില്ല. അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും തൃപ്തികരമായ പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്. മാസ്സ് എലമെന്റസിൽ അധികം കൈകടത്താതെ ചുരുങ്ങിയ സീനുകൾ കൊണ്ട് കയ്യടി വാങ്ങുന്നുണ്ട് മമ്മൂക്ക. പതിവ് പോലെ വെറുപ്പിക്കുന്നതിൽ മുമ്പിൽ സോഹൻ സീനുലാലും. ആൻസന്റെ വേഷം മോശമാക്കിയില്ല. കനിഹയെ ഒരിടവേളയ്ക്ക് ശേഷം സ്ക്രീനിൽ തരക്കേടില്ലാത്ത വേഷത്തിൽ കാണാനായി.

🔻MUSIC & TECHNICAL SIDES🔻

ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം ഒരു പരിധിവരെ ചിത്രത്തെ പിടിച്ച് നിർത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. എന്നാൽ പാട്ടുകൾ പലതും മിസ്പ്ലേസ്ഡ് ആയിരുന്നത് വലിയൊരു പോരായ്മ തന്നെയായിരുന്നു. കൂടെ ഛായാഗ്രഹണവും മികച്ച് നിൽപ്പുണ്ട്. എന്നാൽ മഹേഷ് നാരായണന്റെ എഡിറ്റിങ്ങിലെ മികവ് അത്ര പ്രകടമായിരുന്നില്ല സിനിമയിൽ.

🔻FINAL VERDICT🔻

ഒരു തീയേറ്റർ അനുഭവമെന്ന നിലയിൽ ഒരിടവേളക്ക് ശേഷം മോശമല്ലാത്ത ഒരു മമ്മൂക്ക ചിത്രം കാണാൻ ഇടയായി. ആരാധകരോടൊപ്പം ആരവത്തിനിടയിൽ കണ്ടാൽ തരക്കേടില്ലാത്ത ആസ്വാദനം നൽകിയേക്കും. പിഴവുകൾ നിഴലിച്ച് നിൽക്കുമ്പോഴും, ഊഹിക്കാവുന്ന ട്വിസ്റ്റുകൾ ആവുമ്പോഴും, മേക്കിങ്ങിലെ മികവ് തുണയാകുന്നുണ്ട്. അങ്ങനെ ആകെ മൊത്തത്തിൽ ശരാശരി ആസ്വാദനം സമ്മാനിച്ച ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ.

MY RATING :: ★★½

You Might Also Like

0 Comments