Wonder (2017) - 153 min

February 20, 2018

"I believe Everyone Deserves A standing ovation once in their lifetime"



🔻Story Line🔻
ജനിച്ചപ്പോൾ തന്നെ അവന്റെ മുഖം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു.പല വൈകല്യങ്ങളും ഒരുപോലെ ഉടലെടുത്ത ഒരു ജന്മം.അങ്ങനെയൊരു രീതിയിൽ നിന്ന് ഓഗസ്റ്റിനെ ഇപ്പോഴത്തെതിലേക്ക് മാറ്റിയെടുക്കാൻ 27 സർജറികൾ വേണ്ടിവന്നു.

പൂർണ്ണമായും അവന്റെ മുഖം സാധാരണ സ്ഥിതിയിലേക്ക് മാറ്റുവാൻ സാധിച്ചിട്ടില്ല.അതുകൊണ്ട് തന്നെ അവന് പുറത്തിറങ്ങാനും മടിയാണ്.നാലാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങൾ അമ്മ തന്നെയാണ് അവനെ പഠിപ്പിച്ചതും.എന്നാൽ ഇനി സ്കൂളിൽ പോവാതെ തരമില്ല.

അത്രയും കുട്ടികളുടെ ഇടയിൽ, പുതിയൊരു അന്തരീക്ഷത്തിൽ എങ്ങനെയാവും അവൻ പഠിക്കുക.? എന്തെങ്കിലും ബുദ്ധിമുട്ടുകളും എതിർപ്പുകളും നേരിടേണ്ടി വന്നാൽ തന്നെ അത് തരണം ചെയ്യാൻ അവനാവുമോ.? ചോദ്യങ്ങൾ ഒരുപാട് ഉണർത്തുന്നു സ്കൂളിലെ അവന്റെ ആദ്യ ദിനം.തുടർന്നും അങ്ങനെ തന്നെ.

🔻Behind Screen🔻
R.J Palacio എഴുതിയ എഴുതിയ Wonder എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കി Stephen Chbosky സംവിധാനം ചെയ്ത ചിത്രം.നോവലിന്റെ പേര് തന്നെയാണ് ചിത്രത്തിനും സ്വീകരിച്ചിരിക്കുന്നത്.

ഒരുപാട് വൈകല്യങ്ങളുമായാണ് ഓഗി ജനിച്ചതെങ്കിലും അവന്റെ വീട്ടുകാർ അവനെ തള്ളിപ്പറഞ്ഞിരുന്നില്ല.അവനെ പരമാവധി സാധാരണ ഗതിയിലേക്ക് എത്തിക്കാൻ അവർ പിന്തുണക്കുകയായിരുന്നു.അതിന് ശേഷവും മറ്റാരേക്കാളും സ്നേഹവും വാത്സല്യവും നൽകി അവനെ വളർത്തി.അതുകൊണ്ട് തന്നെയാണ് ആദ്യ ദിനം അവനെ സ്കൂളിൽ അയച്ചപ്പോൾ അവരുടെ മനസ്സുകളിൽ അത്രയേറെ പേടി ജനിച്ചത്.തന്റെ മകനെ മറ്റാരെങ്കിലും കളിയാക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു.

സയൻസിൽ അതീവ ബുദ്ധിമാനായ ഓഗി ക്ലാസിൽ മികവ് പുലർത്തിയിരുന്നു.എന്നാൽ ഒരുകൂട്ടം കുട്ടികൾ അവനെ കൗതുകത്തോടെ നോക്കുകയും കളിയാക്കുകയും ചെയ്യുന്നത് അവനെ വിഷമത്തിലേക്ക് നയിച്ചു.അതുകൊണ്ട് തന്നെ ഒറ്റപ്പെടൽ ആണ് സ്കൂളിൽ അവൻ ഇഷ്ടപ്പെട്ടത്.എന്നാൽ അവനെ തേടിയും കൂട്ടുകാർ എത്തി.

ഓഗിയെ ഒരു സൂര്യനായി കരുതിയാൽ മറ്റുള്ളവരെല്ലാം അവന് ചുറ്റും വളം വെക്കുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളുമാണ്.എല്ലാവരും അവനുമായി ബന്ധപ്പെട്ട് കിടക്കുന്നു.പല കഥാപാത്രങ്ങളുടെയും പോയിന്റ് ഓഫ് വ്യൂവിൽ കഥ പറയുന്നുണ്ട് സംവിധായകൻ.ഒരുപക്ഷേ ചിത്രത്തിലെ ഏറ്റവും മനോഹരമായ ഘടകം ആ കഥ പറച്ചിലുകളാണ്.ചില നേരങ്ങളിൽ കണ്ണ് നിറഞ്ഞു എന്ന് വേണമെങ്കിൽ പറയാം.

വളരെ മനോഹരമായി കഥ പറഞ്ഞ ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ശ്രമിച്ചത് അതീവപ്രാധാന്യമുള്ള ഒരു വിഷയമാണ്.ഇന്നത്തെ സമൂഹവും കുട്ടികളും നോക്കിക്കാണേണ്ട ഒന്ന്.ഇത്തരം വൈകല്യമുള്ളവരോടുള്ള നമ്മുടെ മനോഭാവം തന്നെയാണ് മാറേണ്ടത്.സഹതാപമല്ല അവർക്കാവശ്യം.കൂടെ നിന്ന് കരുത്ത് പകരുന്ന ഒരുകൂട്ടം സുഹൃത്തുക്കളെയും സമൂഹത്തെയുമാണ്.

🔻On Screen🔻
ഓഗിയായി Jacob Tremblayയുടെ അതിഗംഭീര പ്രകടനം കാണാം.അതിശയിപ്പിക്കുന്ന വിധം അഭിനയം കൊണ്ടും ശരീരഭാഷ്യം കൊണ്ടും ഇഷ്ടം പിടിച്ച്പറ്റുന്നു അവൻ.കൂടെയുള്ള ഏതൊരു കൊച്ച് കഥാപാത്രത്തെയും വളരെ മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട് അഭിനേതാക്കൾ.

🔻Music & Technical Sides🔻
സുന്ദരവും ലളിതവുമായ പശ്ചാത്തലസംഗീതം ഒരു പാട്ട് പോലെ മനോഹരമാണ്.കൂടെ ക്യാമറക്കണ്ണുകൾ പുലർത്തിയ മികവ് കൂടി ആയപ്പോൾ കാഴ്ച പുതു അനുഭവമായി.

🔻Final Verdict🔻
കുറച്ച് കാലത്തിനിടയിൽ കണ്ടതിൽ ഏറ്റവും മികച്ച ഫീൽ ഗുഡ് മൂവി.വശ്യത നിറഞ്ഞ കഥപറച്ചിലും മനസ്സിൽ നിന്ന് ഇറങ്ങിപ്പോവാൻ കൂട്ടാക്കാതെ ഇഷ്ടം പിടിച്ച്പറ്റുന്ന ഒരുപിടി കഥാപാത്രങ്ങളും സംഗമിക്കുന്ന അതിമനോഹരമായ ചിത്രം.സന്തോഷം കൊണ്ട് കണ്ണ് നിറക്കുന്ന ചിത്രങ്ങൾ വിരളമാണ്.അത്തരത്തിൽ ഒന്നായി വണ്ടറും മാറുന്നു.


My Rating :: ★★★★☆

You Might Also Like

0 Comments