Clash (2016) - 97 min

February 01, 2018

"മുസ്ലിം ബ്രദർഹുഡ് കൊണ്ടുവന്ന ജനാധിപത്യ സർക്കാരിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയത് പ്രസിഡന്റ് ഭരണമേറ്റ് മൂന്നാം ദിവസം ആയപ്പോഴാണ്.അങ്ങനെ MB അനുയായികളും ആർമിയും തമ്മിലുള്ള ഏറ്റുമുട്ടൽ വീണ്ടും തുടങ്ങി.അത്തരത്തിൽ ഒരു ദിവസം..."


🔻Story Line🔻
2013ൽ മുഹമ്മദ് മുർസിയെ സ്ഥാനഭൃഷ്ടനാക്കിയതിന് ശേഷം ഈജിപ്ത് കലാപകലുഷിതമായിരുന്നു.മുസ്ലിം ബ്രദർഹുഡും സൈനികരും തമ്മിലുള്ള ആഭ്യന്തരയുദ്ധം നടന്നുകൊണ്ടിരിക്കെ കലാപത്തിൽ പിടിയിലായ കുറച്ചാളുകളെ ഒരു പോലീസ് വാനിൽ അറസ്റ്റ് ചെയ്ത് തടവിലാക്കുന്നു.എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ അതിൽ മുസ്ലിം ബ്രദർഹുഡ് അനുയായികൾ മാത്രമല്ല ഉണ്ടായിരുന്നത്.തുടർന്ന് ആ സെല്ലിൽ തവിലാക്കപ്പെട്ടവരിലൂടെ ഈജിപ്തിനെ നോക്കിക്കാണുകയാണ് ചിത്രം.

🔻Behind Screen🔻
ഒരുപക്ഷേ ആഭ്യന്തരയുദ്ധത്തിന്റെ പ്രമേയം കടമെടുത്ത് ഈജിപ്തിൽ നിന്ന് തന്നെ കുറെയേറെ സിനിമകൾ നിർമിക്കപ്പെട്ടിട്ടുണ്ട്.എന്നാൽ അത്തരത്തിൽ നിന്നെല്ലാം പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തമായി നിൽക്കുന്ന ഒന്നാണ് Clash.

മുഹമ്മദ് ദിയാബിന്റെയും ഖലീൽ ദിയാബിന്റെയും തിരക്കഥയിൽ മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ചിത്രമാണ് Clash.ഒരു സെല്ലിനുള്ളിൽ ഭൂരിഭാഗവും ചിത്രീകരണം നടത്തിയിരുന്ന ചിത്രം വ്യത്യസ്തതകളാൽ സമ്പന്നമാണ്.

കലാപരംഗങ്ങൾ പകർത്താനെത്തിയ രണ്ട് ജേർണലിസ്റ്റുകളെ അറസ്റ്റ് ചെയ്ത് വാനിലുള്ളിൽ ബന്ധികളാക്കിയാണ് ചിത്രം തുടങ്ങുന്നത്.എന്നാൽ ഓരോ നിമിഷം കഴിയുന്തോറും ബന്ധികളുടെ എണ്ണം കൂടിക്കൂടി വന്നു.MB അനുയായികളെയും കൂടെ അനുയായികളെന്ന് തെറ്റിദ്ധരിച്ച് ആർമിയെ പിന്തുണക്കുന്നവരെയുമുൽപ്പടെ ഒരുപറ്റം ആളുകൾ ആ വാനിൽ കുടുങ്ങുന്നു.അവയിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട്.കുട്ടികളും വ്രദ്ധന്മാരും ഉണ്ട്.അങ്ങനെ ലിംഗ-പ്രായ ഭേദമന്യേ തങ്ങളുടെ വഴിക്ക് തടസ്സം നിൽക്കുന്നവരെയെല്ലാം കീഴ്പ്പെടുത്തുക എന്ന മേലുദ്യോഗസ്ഥന്മാരുടെ കല്പന കേട്ട് പ്രവർത്തിക്കുന്ന ഒരുപറ്റം പട്ടാളക്കാർ.ചുറ്റും പട്ടാളഭരണത്തെ അടിച്ചമർത്താൻ നോക്കുന്ന MB.അവരുടെയെല്ലാം നടുക്ക് സെല്ലിനുള്ളിൽ ഈ ബന്ധികളും.

ക്ലാസ്ട്രോഫോബിയ എന്നാൽ ഇടുങ്ങിയ സ്ഥലത്തെ പേടിയുള്ളവർ എന്നാണ് അർത്ഥം.എന്നാൽ ഇവിടെ കാണിക്കുന്നത് മനസ്സിൽ ഇടുങ്ങിയ ചിന്താഗതി വെച്ചുപുലർത്തുന്നവരെയാണ്.അത് വളരെ വ്യക്തമായി പ്രകടമാക്കുകയാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ.അതിലെ ഓരോ കഥാപാത്രങ്ങളെയും പരിശോധിച്ചാൽ പഠിക്കാൻ ഏറെയുണ്ട്.ഓരോ സാഹചര്യം തങ്ങൾക്ക് മുന്നിൽ തടസ്സമായി വരുന്തോറും അവയെ 'തന്നിൽ' നിന്ന് മാത്രം തടഞ്ഞ് സുഖകരമായ പാത വെട്ടിത്തെളിക്കാൻ ശ്രമിക്കുന്ന ഒരുപറ്റം ആളുകൾ.കൂടെയുള്ളതും തന്റെ സഹോദരനോ സഹോദരിയോ ആണ് എന്ന് ആലോചിക്കുക പോലും ചെയ്യാതെ എടുക്കുന്ന ഓരോ നീക്കങ്ങളും തീരുമാനങ്ങളും.എന്നാൽ അവസാനം ഒരേമനസ്സോടെ നിലകൊള്ളേണ്ടി വരുന്ന മനുഷ്യർ.

ഒരു പക്ഷവും ചേരാതെ സ്വതന്ത്രനായി നിലകൊണ്ട് നിന്നുള്ള ഒരുവനായാണ് സംവിധായകൻ പ്രേക്ഷകരുമായി സംവധിച്ചിരിക്കുന്നത്.MB അനുയായികളും ആർമിയുടെ ചെയ്തികളെ അനുകൂലിക്കുന്നവരും നാടിന്റെ നന്മ മാത്രം കാണാൻ ആഗ്രഹിക്കുന്നവരും കൂട്ടത്തിലുണ്ട്.കൂടെ ആർമിയിലും മനഷ്വത്തം അടിയറവ് പറഞ്ഞിട്ടില്ലാത്ത പോരാളികളുണ്ട്.അങ്ങനെ പക്ഷം ചേർന്ന് ഒരു ശരിവെക്കലിനുള്ള ശ്രമം നടത്തിയിട്ടില്ല ഇവിടെ.അതുകൊണ്ട് തന്നെയാവാം കലാപത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടക്കാതിരുന്നതും.

ഒരു കൂട്ടിൽ അകപ്പെട്ട കിളിയെ പോലെ നമ്മിൽ ഭയം നിറക്കുകയാണ് ചിത്രം.ഭൂരിഭാഗവും സെല്ലിനുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ ഭയം നമ്മിൽ ആവോളം നിറക്കുന്നുണ്ട്.ആ സെല്ലിൽ അകപ്പെട്ട ഒരുവനായി ക്രമേണ നമ്മളും മാറുകയാണ്.ശേഷം അതിനുള്ളിൽ നിന്ന് എല്ലാം നോക്കിക്കാണുകയാണ് നമ്മൾ.അത്രയേറെ സമ്മർദ്ദം നമ്മുടെ മനസ്സിൽ ചെലുത്തുന്നുണ്ട് ആ അന്തരീക്ഷം.

ആകെ ഒരു പോരായ്മ തോന്നിയത് അവസാന ഭാഗത്തേക്ക് വന്നപ്പോഴുള്ള  കൂട്ടുകാരുടെ വഴക്കിടൽ രംഗമാണ്.ഒരുപക്ഷേ ഇത്രയേറെ മാനസികസംഘർഷം സമ്മാനിച്ച് മുന്നേറുന്ന ഒരു ചിത്രത്തിന് അത്തരമൊരു രംഗം കല്ലുകടിയായിരുന്നു.ഒരു തരത്തിലും കഥയെയോ ആഖ്യാനത്തെയോ അത് ബാധിക്കുന്നുമില്ല എന്നതും കൂടി കണക്കിലെടുക്കുമ്പോൾ പൂർണ്ണമായും ഒഴിവാക്കാവുന്ന ഒന്നായി അത് തോന്നി.ആ ഒരു രംഗം ഒഴിച്ച് നിർത്തിയാൽ ഒരു ഗംഭീര അനുഭവമാണ് കാണികളെ കാത്തിരിക്കുന്നത്.ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഒന്ന്.

🔻On Screen🔻
എത്ര പുകഴ്ത്തിയാലും മതിവരില്ല ഇതിൽ അഭിനയിച്ചവരെ.അത്ര ഗംഭീര പ്രകടനമാണ് എല്ലാവരും കാഴ്ച്ച വെച്ചത്.കഥാപാത്രങ്ങളായി ജീവിക്കുക എന്നത് എല്ലാവരാലും സാധിക്കുന്ന ഒന്നല്ലല്ലോ.എന്നാൽ എല്ലാ കഥാപാത്രങ്ങളും അങ്ങനെ ആവുകയാണെങ്കിലോ..!!

🔻Music & Technical Sides🔻
പശ്ചാത്തലസംഗീതം ഉപയോഗിച്ചിട്ടില്ലേ ഇല്ല ചിത്രത്തിൽ.അവസാനഭാഗത്ത് പേരിന് കുറച്ച് വന്നുപോയി എന്നതൊഴിച്ചാൽ തീരെ ഉപയോഗിച്ചിട്ടില്ല.അതിന്റെ ആവശ്യം ഉള്ളതായി തോന്നിയതുമില്ല.

ക്യാമറ വർക്കുകൾ അപാരമാണ്.ഒരു ഇടുങ്ങിയ സ്ഥലത്ത് അകപ്പെട്ടത് പോലെ പ്രേക്ഷകനിലും തോന്നലുണ്ടാക്കുവാൻ സാധിക്കുന്ന തരത്തിൽ മികച്ചുനിൽക്കുന്ന ഒന്ന്.ഇടയിൽ ഒരു തവണ മാത്രം സെല്ലിന് പുറത്തേക്കിറങ്ങി പാലത്തിന് മുകളിൽ MB അനുയായികൾ ആക്രമിക്കുന്ന ഷോട്ട് ഗംഭീരമായിരുന്നു.ഒടുവിൽ എല്ലാം നിശ്ചലമായ ലേസറിന്റെ വെളിച്ചവും.

🔻Final Verdict🔻
പല മാനസികാവസ്ഥയിലൂടെ കടന്നുപോവുന്ന, പല രാഷ്ട്രീയ കാഴ്ചപ്പാടുകൾ നിലനിർത്തിക്കൊണ്ട് പോവുന്ന ഒരു കൂട്ടം ആളുകളെ, അല്ലെങ്കിൽ ഒരു സമൂഹത്തെയാണ് ആ സെൽ പ്രതിനിധീകരിക്കുന്നത്.ആഭ്യന്തര യുദ്ധങ്ങൾ പ്രമേയമാക്കിയ ചിത്രങ്ങൾ അനവധി ഉണ്ടെങ്കിലും അവയിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഒന്നാണ് Clash.ഇത്രയേറെ പിരിമുറുക്കത്തോടെ ചിത്രത്തിലുടനീളം പ്രേക്ഷകനെ കൊണ്ടുപോവുന്ന ചുരുക്കം ചിത്രങ്ങളിൽ ക്ലാഷും ഉൾപ്പെടും.മനസ്സ് പിടയിക്കുന്ന, ഒട്ടേറെ ചിന്തകൾ മനസ്സിലൂടെ കടന്നുപോവുന്ന ഒരുതരം അനുഭവം.കലാപത്തിന്റെ നേർക്കാഴ്ച്ച എന്ന് രേഖപ്പെടുത്താവുന്ന ഒന്ന്.

My Rating :: ★★★★☆

You Might Also Like

0 Comments