Coco (2017) - 109 min

February 07, 2018

"You Would Have Told Me To Follow My Heart.To Seize My Moment"




🔻Story Line🔻
പൂർവ്വികന്റെ ചെയ്തി കാരണം സംഗീതം തന്നെ വെറുത്ത് പോയ കുടുംബത്തിലേക്കായിരുന്നു മിഗ്വേൽ ജനിച്ച് വീണത്.എന്നാൽ മറ്റാർക്കുമില്ലാത്ത ഒരു പ്രണയം അവന് സംഗീതത്തോടുണ്ടായിരുന്നു.എന്നാൽ അത് പുറത്ത് പ്രകടിപ്പിക്കാൻ അതീവ ഭയവും.

അങ്ങനെയിരിക്കെ തന്റെ കഴിവ് തെളിയിക്കാനുള്ള ഒരു മാർഗം അവന് മുന്നിൽ പ്രത്യക്ഷപ്പെടുന്നു.എന്നാൽ കുടുംബത്തിൽ നിന്ന് യാതൊരു പിന്തുണയും കിട്ടിയില്ല എന്ന് മാത്രമല്ല, പഴി കേൾക്കേണ്ടി വരികയും ചെയ്യുന്നു.തന്റെ ആഗ്രഹം എന്ത് വില കൊടുത്തും നടപ്പിലാക്കും എന്ന വിശ്വാസത്തോടെ ആഗ്രഹത്തിലേക്ക് ഓരോ ചുവട് അടുക്കുന്ന നിമിഷത്തിൽ അവൻ Land Of The Deadൽ എത്തിച്ചേരുന്നു.തുടർന്നുള്ള മിഗ്വേലിന്റെ രസകരമായ അനുഭവമാണ് Coco.

🔻Behind Screen🔻
Walt Disneyയും Pixarഉം ഒരുമിച്ച് നിർമിച്ച ചിത്രമാണ് Coco.ആനിമേഷൻ സിനിമകളിൽ തല്പരനായ Lee Unkrich സംവിധാനം നിർവഹിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് Adrian Molinaയും Mathew Aldrichഉം ചേർന്നാണ്.

മെക്സിക്കൻ സംസ്കാരത്തിന്റെ ഭാഗമായ Day Of The Deadനെ ആസ്പദമാക്കിയാണ് കഥ ഒരുക്കിയിരിക്കുന്നത്.അത് വളരെ ഭംഗിയായി അതീവ രസകരമായി പകർത്തിയിരിക്കുകയാണ് സംവിധായകൻ.സംഗീതം വെറുക്കുന്ന കുടുംബത്തിലേക്ക് സംഗീതമോഹവുമായി ജനിക്കുന്ന മിഗ്വേലിന്റെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

ഭൂരിഭാഗം ആനിമേഷൻ ചിത്രങ്ങളും സ്ഥിരം പിന്തുടരുന്ന ഒരു മാത്രകയുണ്ട്.അവയിൽ പിടിച്ച് നിൽക്കണമെങ്കിൽ മികവ് പുലർത്തുന്ന കാഴ്ചകൾ ചിത്രത്തിൽ നിർബന്ധമാണ്.എന്നാൽ Coco ഇതി ൽ നിന്ന് വ്യത്യസ്തമാവുന്നത് പ്രതീക്ഷിക്കാത്ത രീതിയിലുള്ള കഥ പറച്ചിലിലാണ്.ഓരോ നിമിഷവും നമ്മൾ ആലോചിക്കുക പോലും ചെയ്യാത്ത ദിശയിലേക്ക് കഥ യാത്ര ചെയ്തുകൊണ്ടിരിക്കും.കൂടെ ഇടക്കിടെ വരുന്ന വഴിത്തിരിവുകളും.അങ്ങനെ നോക്കുമ്പോൾ പതിവ് ആനിമേഷൻ സിനിമകളിൽ നിന്ന് പ്രതീക്ഷിക്കുന്നതിലുമപ്പുറം ആസ്വാദനം Coco പ്രദാനം ചെയ്യുന്നുണ്ട്.

വൈകാരിക രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്ന രീതി എടുത്ത് പറയേണ്ടതാണ്.ഒരുപോലെ രസിപ്പിക്കുകയും അതേ മട്ടിൽ മനസ്സ് നിറക്കുകയും ചെയ്യുന്നുണ്ട് ചിത്രം.ഇങ്ങനെയുള്ള ആനിമേഷൻ ചിത്രങ്ങൾ കാണാൻ കിട്ടുക വിരളമാണ്.അത്തരത്തിൽ പ്രേക്ഷകന് ഒരു പുത്തൻ അനുഭവമാകുന്നുണ്ട് ഈ ചിത്രം.കൂടെ സംഗീതത്തിന്റെ അകമ്പടിയും മികച്ച ആനിമേഷൻ വർക്കുകളും.

ഓരോ കഥാപാത്രങ്ങളും കഥയെ മുന്നോട്ട് നയിക്കുന്നതിൽ മികച്ച പങ്ക് വഹിക്കുന്നുണ്ട്.അവർ പലപ്പോഴും രസിപ്പിക്കുകയും ഇഷ്ടം പിടിച്ച് പറ്റുകയും ചെയ്യും.അതുകൊണ്ട് തന്നെ മിഗ്വേലും കൊക്കോയും ഹെക്ടറും എന്നും പ്രിയപ്പെട്ടവരാകുന്നു.

🔻Voice Cast🔻
മിഗ്വേലിന്റെ നിഷ്കളങ്കത തുളുമ്പുന്ന ശബ്ദത്തിനുടമ Anthony Gonzalez ആണ്.വളരെ തന്മയത്വത്തോടെ അത് കൈകാര്യം ചെയ്തിട്ടുണ്ട്.കൂടെ ഹെക്ടറിന്റെയും De La Cruzന്റെയുമൊക്കെ ശബ്ദം കേൾക്കാൻ തന്നെ നല്ല രസമായിരുന്നു.അവരുടെ സംസാരശൈലിയും.

🔻Music & Technical Sides🔻
വാക്കുകളില്ല സംഗീതത്തെയും ആനിമേഷൻ വർക്കുകളെയും പ്രശംസിക്കാൻ.അത്ര ഗംഭീരമായി അവർ തങ്ങളുടെ ഭാഗം മനോഹരമാക്കിയിട്ടുണ്ട്.Remember Me, Poco Loco തുടങ്ങിയ ഗാനങ്ങൾ എത്ര തവണ കേട്ടാലും മടുപ്പുളവാക്കാത്തവയാകുന്നു.കൂടെ അതിമനോഹരമായ പശ്ചാത്തലസംഗീതവും.

ആനിമേഷൻ വർക്കുകൾ കണ്ണഞ്ചിപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ സമ്മാനിക്കുന്നു.വർണ്ണാഭമായ ഒരു വിരുന്ന് ഒരുക്കി വെച്ചിരിക്കുകയാണ് അവർ.

🔻Final Verdict🔻
സംഗീതസാന്ദ്രമായ ഒരു മായാലോകത്തേക്ക് നമ്മെ കൊണ്ടുപോവുകയാണ് Coco.ദൃശ്യമനോഹരവും വേറിട്ട് നിൽക്കുന്ന കഥയും ആഖ്യാനവും വൈകാരിക മുഹൂർത്തങ്ങളുമൊക്കെയായി മികച്ച വിരുന്ന് തന്നെയാണ് ചിത്രം കരുത്തിവെച്ചിരിക്കുന്നത്.കണ്ണഞ്ചിപ്പിക്കുന്ന ആനിമേഷൻ വർക്കുകളും താളം പിടിക്കാൻ പ്രേരിപ്പിക്കുന്ന പാട്ടുകളും അതിഗംഭീര അനുഭവമാക്കി മാറ്റുന്നു Cocoയെ.

My Rating :: ★★★★☆

🔻Oscar Nominations🔻

1. Best Animated Feature Film.
2. Best Song (Remember Me)

You Might Also Like

0 Comments