Rare Exports : A Christmas Tale (2010) - 84 min

February 17, 2018

🔺This mountain is like a giant icebox
🔻For storing what?
🔺Drill deeper and you will see.


🔻Story Line🔻
ക്രിസ്തുമസ് എത്താൻ ഇനി രണ്ട് ദിവസം കൂടി.Korvatunturi പാർവ്വതങ്ങളിൽ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ വർക്കുകൾ തകൃതിയായി നടന്നുപോവുന്നു.ലോകം മുഴുവൻ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് അവരുടെ തലവൻ.അത്ര നിഗൂഢമായ നിധിയാണ് അവിടെ കാത്തിരിക്കുന്നത്.

ക്രിസ്മസിലേക്കുള്ള ദൂരം കുറയുന്തോറും സമീപപ്രദേശങ്ങളിൽ ചില വിചിത്ര സംഭവങ്ങൾ അരങ്ങേറുന്നു.തുടർന്ന് അതിന്റെ രഹസ്യങ്ങൾ തേടി പുറപ്പെടുകയാണ് പീറ്ററും സംഘവും.

🔻Behind Screen🔻
ക്രിസ്മസിനെയും സാന്താ ക്ലോസിനെയും പല കഥകളിലൂടെയും സിനിമകളിലൂടെയും നാം അടുത്തറിഞ്ഞതാണ്.എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി സാന്തയുടെ നമ്മളാരും കാണാൻ ഇടയില്ലാത്ത ഒരു മുഖമാണ് സംവിധായകൻ Jalmari Helander കാണികൾക്കായി കരുതിവെച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടതും അധികം ആൾപാർപ്പില്ലാത്തതുമായ പ്രദേശത്താണ് ആ മലയിടുക്കുകൾ സ്ഥിതി ചെയ്യുന്നത്.അതുകൊണ്ട് തന്നെ ഗവേഷണങ്ങൾ നടത്താൻ അധികം ബുദ്ധിമുട്ടും ഇല്ല.എന്നാൽ മറ്റു പല തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ട് താനും.അത്തരത്തിൽ അവർ മുന്നോട്ട് ദിവസങ്ങളോളം പോവുന്നത് ആ നിധി അത്ര അമൂല്യമായത് കൊണ്ടാണ്.

അവിടെ താമസിക്കുന്നതിൽ ഏറ്റവും ഇളയ കുട്ടിയാണ് പീറ്റർ.പുസ്തകങ്ങൾ വായിക്കുന്നത് ഇഷ്ടമായത് കൊണ്ട് തന്നെ പല അറിവുകളും അവനിൽ ഉണ്ട്.മറ്റെല്ലാവരും സാന്തയെ പറ്റി സ്വപ്നങ്ങൾ നെയ്തുകൂട്ടുമ്പോൾ ഇവന്റെ മനസ്സിൽ ചെറുതായി അങ്കലാപ്പും ഉണ്ട്.താൻ വായിച്ച പുസ്തകത്തിലെ സാന്ത അത്ര സുമുഖനല്ല.കുട്ടികൾക്ക് ഒരു പേടിസ്വപ്നമാണ് സാന്ത.അങ്ങനെ പലതരം ചിന്തകളും അവനെ അലട്ടുന്നുണ്ട്.

ക്രിസ്മസിനോട് ഓരോ ദിവസം അടുക്കുമ്പോഴും അവിടെ താമസിക്കുന്നവർ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പല അനിഷ്ടസംഭവങ്ങളും അരങ്ങേറുന്നു.ഏറ്റവും ഒടുവിൽ തങ്ങളുടെ ജീവൻ തന്നെ അപകടത്തിലാണെന്ന് മനസ്സിലാക്കിയ അവർ ഒരുമിച്ച് പോരാടാൻ ഇറങ്ങുകയാണ്.പീറ്ററിന്റെ നേതൃത്വത്തിൽ.

കഥയിലെ പുതുമയാണ് ചിത്രത്തിനെ ഏറ്റവും രസകരമാക്കുന്ന ഘടകം.അത്രയേറെ കൗതുകം ജനിപ്പിക്കുന്ന കാര്യങ്ങളാണ് പുസ്തകത്തിൽ സാന്തയെ പറ്റി പീറ്റർ പഠിക്കുന്നത്.മനസ്സിലുള്ള സങ്കല്പങ്ങൾ തന്നെ തച്ചുടക്കുന്ന ഒന്ന്.പിന്നെ അതിനൊത്ത ആവിഷ്കാര രീതി കൂടിയാവുമ്പോൾ കൂടുതൽ രസകരമാവുന്നു കാര്യങ്ങൾ.

ദൈർഘ്യം വളരെ കുറവായത് കൊണ്ട് തന്നെ തെല്ലു മടുപ്പിക്കുന്നില്ല ചിത്രം.വളരെ വേതയോട് കൂടിയുള്ള കഥപറച്ചിൽ ആയതിനാൽ വിരസത തോന്നുകയെ ഇല്ല.ഏറ്റവും ഒടുവിൽ നല്ലൊരു ക്ളൈമാക്സ് കൂടിയാവുമ്പോൾ തൃപ്തികരമായ അനുഭവമാവുന്നു ഈ ക്രിസ്മസ് ചരിതം.

🔻On Screen🔻
വളരെ മികച്ച പ്രകടനമായിരുന്നു പീറ്ററായി അഭിനയിച്ച കുട്ടിയുടേത്.അവസാന രംഗങ്ങളിലൊക്കെ കൈയടി നേടുന്ന പ്രകടനം.പീറ്ററിന്റെ അച്ഛനായി അഭിനയിച്ചതും കൂട്ടുകാരായി അഭിനയിച്ചവരുമൊക്കെ വളരെ നല്ല പ്രകടനങ്ങൾ തന്നെ കാഴ്ചവെച്ചു.

🔻Music & Technical Sides🔻
ഒരുപാട് അവാർഡുകൾ വാരിക്കൂട്ടിയതാണ് ചിത്രത്തിന്റെ ടെക്നിക്കൽ വിഭാഗങ്ങൾ.പശ്ചാത്തലസംഗീതത്തിൽ തുടങ്ങി ക്യാമറയും VFXഉം എല്ലാം ഫാന്റസി ഘടകങ്ങൾ കൊണ്ടുവരുന്നതിൽ മികച്ച രീതിയിൽ പിന്തുണച്ചിട്ടുണ്ട്.

🔻Final Verdict🔻
പുതുമയുള്ള കഥയാണ് ചിത്രത്തെ കൂടുതൽ കൗതുകകരമാക്കുന്നത്.അതിൽ സംവിധായകൻ വിജയിച്ചിട്ടുമുണ്ട്.ചുരുങ്ങിയ സമയം കൊണ്ട് കാണികളെ പിടിച്ചിരുത്തുന്നുമുണ്ട് ചിത്രം.അതുകൊണ്ട് തന്നെ മോശം അനുഭവമാകില്ല സാന്താക്ലോസിനെ ചുറ്റിപ്പറ്റിയുള്ള ഈ ഫാന്റസി റൈഡ്.

My Rating :: ★★★½

You Might Also Like

0 Comments