Wajib - The Wedding Invitation

February 17, 2020



🔻സിനിമ വെറും വിനോദോപാധി മാത്രമല്ല, ശക്തമായ രാഷ്ട്രീയത്തിന്റെ വക്താവ് കൂടിയാണ്. ഭരണഗൂഢവുമായി നിരന്തരം കലഹിക്കുന്ന കലാകാരന്മാരെ ലോകത്ത് കാണാൻ സാധിക്കും. ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ ജീവിതം അതിനുദാഹരണമാണ്. അദ്ദേഹത്തിന്റെ സിനിമകളുടെ ഉള്ളടക്കം എപ്പോഴും ഇറാനിയൻ ചട്ടക്കൂടിനുമപ്പുറം സംവദിക്കുന്നവയാണ്. ഇറാനിലെ കുട്ടികളുടെയും സ്ത്രീകളുടെയും സ്വാതന്ത്ര്യത്തെ പ്രമേയമാക്കി സിനിമകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അത് അദ്ദേഹത്തെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. പലപ്പോഴും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും സിനിമയിൽ നിന്ന് വിലക്ക് നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്.

ആ സാഹചര്യത്തിൽ തന്നെ അദ്ദേഹം ഒരുക്കിയ ചിത്രമാണ് Taxi Tehran. ഒരു mainstream movie ആയിട്ടല്ല അദ്ദേഹം ആ സിനിമ സംവിധാനം ചെയ്തത്. ഒരു കാർ യാത്രയിൽ ക്യാമറയുമായി അദ്ദേഹം നഗരം ചുറ്റാനിറങ്ങി. അതിനിടയിൽ ആ കാറിൽ വന്നുപെട്ട തന്റെ അനന്തരവളോടും ഒരു C.D വില്പനക്കാരനോടുമടക്കം അദ്ദേഹം സംസാരിച്ചു. അതിലൊക്കെയും ഇറാന്റെ തനത് സിനിമാശൈലികളെ പറ്റി വാചാലനായിരുന്നു അവരൊക്കെയും. Wajib എന്ന സിനിമ കണ്ടപ്പോൾ എനിക്കോർമ്മ വന്നത് Taxi Tehranന്റെ അവതരണമാണ്. Wajibഉം ഒരു കാർ യാത്രയാണ്. അച്ഛനും മകനും ഒരു കല്യാണം വിളിക്കാൻ പോകുന്ന യാത്ര.

Year : 2017
Run Time : 1h 36min

🔻അച്ഛനും മകനും മെറ്റഫറായി നിലനിൽക്കുകയാണ് ഈ സിനിമയിൽ. യുദ്ധകലുഷിതമായ പലസ്തീനിയൻ ജനതയുടെ രണ്ട് അറ്റങ്ങളാണ് അബൂ ഷാദിയും മകൻ ഷാദിയും. ചിതറിക്കിടക്കുന്ന ജനതയെ ഐക്യപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ പ്രതിരൂപമായി നിലകൊള്ളുകയാണ് അബൂ ഷാദി. തന്റെ മകളുടെ കല്യാണം വിളിക്കാൻ പലരെയും കണ്ടുമുട്ടുന്ന വഴിയിൽ മകനെ പറ്റി പറയുന്ന കള്ളത്തരങ്ങൾ ഓരോന്നും ആ ഐക്യം നഷ്ടപ്പെടാതിരിക്കാനാണ്. എന്നാൽ ഷാദിയാവട്ടെ ഒരിക്കൽ ഭരണഗൂഢത്തിനെതിരെ പ്രഷേധിക്കുകയും ഒടുക്കം നാട് വിടേണ്ടി വരികയും ചെയ്ത യുവാവ്. ആ ഇടവേളയിൽ അദ്ദേഹത്തിന്റെ സ്വഭാവത്തിന് കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുപക്ഷെ പലസ്തീനിയൻ കൽച്ചറിൽ നിന്ന് തന്നെ അദ്ദേഹത്തിന് വ്യതിയാനം സംഭവിച്ചിട്ടുണ്ട്. ഷാദിയുടെ സംഭാഷണങ്ങളിൽ അത് വ്യക്തമാണ്.

🔻ഷാദിയുടെ കാമുകിയുടെ അച്ഛൻ അബൂ ഷാദിയെ ഫോണിൽ വിളിക്കുമ്പോഴുള്ള സംഭാഷണശകലങ്ങളിൽ ഫലസ്തീനിന്റെ സാമൂഹികാന്തരീക്ഷത്തെ വരച്ചിടുന്നുണ്ട്. യുദ്ധഭീതിയിൽ കഴിയുന്ന ജനങ്ങളെയും ശത്രുവാണോ മിത്രമാണോ എന്ന സംശയം പോലും നിഴലിക്കുന്ന ജനങ്ങളെയും അവർക്ക് ചുറ്റും കാണാൻ സാധിക്കുന്നുണ്ട്. അവരുടെ സംഭാഷണങ്ങളിൽ പോലുമുണ്ട് അഭിപ്രായങ്ങളിലെ വൈരുധ്യങ്ങൾ. ഒരുപക്ഷെ പലസ്തീനിൽ യുദ്ധമില്ലാത്ത സാഹചര്യം ഉണ്ടായാൽ ആ പ്രദേശം എങ്ങനെയാവും എന്നൊരു സൂചന കൂടി ചിത്രം നൽകുന്നുണ്ട്.

🔻ജീവിതത്തിൽ അച്ഛനും മകനുമായ അബൂ ഷാദിയും ഷാദിയുമാണ് ലൈംലൈറ്റിൽ ഗംഭീര പ്രകടനം കാഴ്ചവെക്കുന്നത്. വെറുമൊരു ഡ്രാമയെ വേറൊരു തലത്തിലേക്ക് ഉയർത്തുന്നത് ഇരുവരുടെയും പ്രകടനമാണ്. പക്കാ റിയലിസ്ടിക്ക് അപ്രോച്ചാണ് സംവിധായകൻ അവലംബിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം ഡ്രാമകൾ ആസ്വദിക്കാത്തവർക്ക് മടുപ്പ് അനുഭവപ്പെട്ടേക്കാം.

🔻FINAL VERDICT🔻

എപ്പോഴും വാർത്തകളിൽ നിറയുന്ന പലസ്തീനിന്റെ സാമൂഹികാന്തരീക്ഷം ശക്തമായ ഭാഷയിൽ വാജിബ് നമുക്ക് ചൂണ്ടിക്കാണിക്കുന്നുണ്ട്. വെറും കല്യാണം വിളികളിൽ ഒതുങ്ങാതെ രണ്ട് കഥാപാത്രങ്ങളിലൂടെ ഒരു സമൂഹത്തെ തന്നെ പ്രതിനിധീകരിച്ചുള്ള സംഭാഷണങ്ങൾക്ക് തന്നെ സാക്ഷിയാവാൻ ചിത്രത്തിലൂടെ സാധിക്കുന്നുണ്ട്. ഇത്തരം പൊളിറ്റിക്കലി പ്രാധാന്യമുള്ള ഡ്രാമകൾ ഇഷ്ടപ്പെടുന്നവർ മാത്രം കാണുക. ഒപ്പം Taxi Tehran കൂടി അത്തരക്കാർക്ക് നിർദ്ദേശിക്കുന്നു.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments