I'm Not Here
February 24, 2020🔻ആ വീട്ടിലുള്ള ഓരോ വസ്തുവിനും സ്റ്റീവിന്റെ ജീവിതത്തിൽ വ്യക്തമായ വേഷമുണ്ടായിരുന്നു. വാർദ്ധക്യമെത്തിയ സ്റ്റീവിന്റെ ജീവിതത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തിൽ നിർണ്ണായകമായ വഴിത്തിരിവുകൾ സൃഷ്ടിക്കുന്നതിൽ അവയൊക്കെയും പങ്ക് വഹിച്ചിരുന്നു. മരണത്തിന് കീഴടങ്ങാൻ തയ്യാറായി നിൽക്കുന്ന ഘട്ടത്തിൽ ജീവിതത്തിലേക്ക്, തന്റെ ഭൂതകാലത്തിലേക്ക് വെളിച്ചം വീശാൻ സ്റ്റീവിനെ പ്രേരിപ്പിച്ചതും അവയൊക്കെത്തന്നെയാണ്. ചെറുപ്പം മുതൽ തന്നെ ദുരിതപൂർണ്ണമായ ജീവിതം നയിച്ചുവന്ന സ്റ്റീവിന് ആശ്വാസമേകിയ തണൽവൃക്ഷങ്ങളായി ചിലർ വന്നുവെങ്കിലും ദൈവത്തിന്റെ പരീക്ഷണങ്ങൾ എപ്പോഴും അവനെ പിന്തുടർന്നുകൊണ്ടിരുന്നു,
Year : 2019
Run Time : 1h 21min
🔻ഒന്നര മണിക്കൂർ പോലുമില്ലാത്ത സിനിമയുടെ കഥ പറയുന്നില്ല. എന്നാൽ ആഖ്യാനത്തിലെ ചില പ്രത്യേകതകളോട് അങ്ങേയറ്റം ഇഷ്ടം തോന്നി. സ്റ്റീവിന്റെ വാർദ്ധക്യത്തിലെ മൗനം തന്നെയാണ് ഒരു ഘട്ടത്തിൽ ഏറെ വിഷമം നൽകിയത്. ഭൂതകാലത്തിന്റെ സകല കുറ്റബോധവും പേറിയ ആ കഥാപാത്രത്തെ മൗനം കൊണ്ടല്ലാതെ അടയാളപ്പെടുത്താൻ സാധിക്കില്ല. JK Simmonsന്റെ ഗംഭീര പ്രകടനം അതിന് മുതല്കൂട്ടാവുന്നുണ്ട്. ഭൂതകാലവും വർത്തമാനകാലവും ഇടകലർത്തിയുള്ള അവതരണശൈലി മനസ്സിനെ വല്ലാതെ ഉലക്കുന്നുണ്ട്. തന്റെ ജീവിതത്തിലുണ്ടായ ഓരോ സംഭവങ്ങളുടെയും പരിണിതഫലം വൃദ്ധനായ സ്റ്റീവിൽ പ്രകടമാണ്.
🔻സ്റ്റീവ് കണ്ണാടിയിൽ നോക്കുന്ന ചില രംഗങ്ങളുണ്ട്. സിനിമയിൽ ഒരു കഥാപാത്രം കണക്കെ പ്രാധാന്യമുള്ള സംഗതിയായി മാറുന്നുണ്ട് കണ്ണാടികൾ. വൃദ്ധനായ സ്റ്റീവ് കണ്ണാടിയിൽ നോക്കുമ്പോൾ പലപ്പോഴായി കാണുന്നത് തന്റെ മാതാപിതാക്കളെ തന്നെയാണ്. കള്ളുകുടിയനായ അച്ഛനും ദേഷ്യക്കാരിയായ അമ്മയും അവർക്കിടയിൽ സ്നേഹം കൊതിക്കുന്ന സ്റ്റീവിനെയും നമുക്ക് കാണാം. തന്റെ കൗമാരത്തിലേക്ക് വരുമ്പോൾ അതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല തന്റെ ജീവിതത്തിലും സംഭവിച്ചത് എന്നൊരു ബോധ്യം സ്റ്റീവിനുണ്ടാവുന്നുണ്ട്. എന്നാൽ അതൊക്കെ നേർവഴിയിലാക്കാൻ ശ്രമിക്കുമ്പോഴും ജീവിതം കൈവിട്ടുപോവുകയാണ്. ഒരു കുട്ടിയുടെ ജീവിതത്തിൽ മാതാപിതാക്കളുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് കൃത്യമായി വരച്ചുകാട്ടുന്നുണ്ട് സംവിധായകൻ. ചില രംഗങ്ങൾ ശരിക്കും മനസ്സിൽ കൊണ്ടു എന്ന് തന്നെ പറയാം.
🔻J.K Simmons, Sebastian Stan, Iain Armitage തുടങ്ങിയവരുടെ മികച്ച പ്രകടനം സ്റ്റീവ് എന്ന കഥാപാത്രത്തെ വേറൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. സ്റ്റീവിന്റെ ഹർഷസംഘർഷങ്ങൾ കൃത്യമായി അടയാളപ്പെടുത്താൻ മൂവർക്കും ആയിട്ടുണ്ട്. ചില നേരങ്ങളിൽ സിമ്മൺസിന്റെ പ്രകടനം അപാരമാണ്. ഒരു സംഭാഷണം പോലുമില്ലാതെയാണ് ഇത്തരമൊരു പ്രകടനം എന്നതാണ് ശ്രദ്ധേയം.
🔻FINAL VERDICT🔻
ആരും പറഞ്ഞ് കേട്ടിട്ടില്ലാത്ത, IMDBയിൽ പോലും ശരാശരി റേറ്റിങ്ങ് ഉള്ള ഒരു underrated മൂവി ആയിട്ടാണ് 'I'm Not Here' ഫീൽ ചെയ്തത്. ചുരുങ്ങിയ നേരം കൊണ്ട് ഹൃദ്യമായ ഒരനുഭവം സമ്മാനിക്കാൻ സാധിച്ചിടത്താണ് ചിത്രം പ്രിയപ്പെട്ടതായത്. നല്ലൊരു കുടുംബചിത്രം ആസ്വദിക്കാൻ ആഗ്രഹമുണ്ടെങ്കിൽ സമീപിക്കുക. നിരാശപ്പെടില്ലെന്ന് മനസ്സ് പറയുന്നു.
AB RATES ★★★½
0 Comments