Judy
February 13, 2020🔻സിനിമ കണ്ട് കഴിഞ്ഞപ്പോൾ നേരെ വിക്കിപീഡിയയിൽ ജൂഡിയെ തിരഞ്ഞു. ഇതുവരെ കേൾക്കാത്ത, അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോയ ഒരു പേരായിരുന്നു ജൂഡി. ചെറുപ്പത്തിൽ തന്നെ സ്റ്റേജ് ആർട്ടിസ്റ്റായും ഗായികയായും നടിയായുമൊക്കെ കഴിവ് തെളിയിച്ചവൾ. ഗ്രാമ്മിയും ബാഫ്തയുമടക്കമുള്ള അവാർഡുകൾക്ക് അർഹയായവൾ. തന്റെ സൗന്ദര്യം കൊണ്ടും ശബ്ദം കൊണ്ടും ലോകം കീഴ്പെടുത്തിയവൾ. എന്നാൽ ഇതിൽ നിന്നൊക്കെ ഒരു ട്രാജിക്ക് മരണത്തിലേക്ക് ജൂഡിയെ നയിച്ചതെന്താണ്.? സിനിമ ചർച്ച ചെയ്യുന്നതും ജൂഡിയുടെ അവസാന കാലഘട്ടമാണ്.
Year : 2019
Run Time : 1h 58min
🔻ഒരു സിനിമ ഭൂരിഭാഗവും അടയാളപ്പെടുത്തുക സംവിധായകന്റെയോ എഴുത്തുകാരന്റെയോ പേരിലാവും. എന്നാൽ Judy തീർത്തും Renee Zellwegerന്റെ ചിത്രമാണെന്ന് നിസ്സംശയം പറയാം. അത്ര ഗംഭീര പ്രകടനമാണ് Renee കാഴ്ചവെച്ചിരിക്കുന്നത്. ഈ വർഷത്തെ ഓസ്കർ കരസ്ഥമാക്കിയതും ജൂഡിയിലൂടെ Renee തന്നെയാണ്. ഈ പ്രകടനത്തോടൊപ്പം ജൂഡിയുടെ ജീവിതം നന്നായി അവതരിപ്പിച്ചിരിക്കുന്നതോട് കൂടി ജൂഡി നല്ലൊരു ചിത്രമാവുന്നു.
🔻ഭർത്താവുമായി പിരിഞ്ഞ് മക്കളുമൊത്ത് ജീവിക്കുന്ന കാലഘട്ടത്തിലാണ് സാമ്പത്തികമായി പല കോട്ടങ്ങളും ജൂഡിയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. മക്കളെ ഇനി കൂടെ നിർത്തണമെങ്കിൽ സാമ്പത്തികമായി സ്ഥിരത ആവശ്യമായെന്ന് തോന്നിയ ഘട്ടത്തിലാണ് ലണ്ടനിൽ പലയിടങ്ങളിലായി കോൺസെർട്ടുകൾ അവതരിപ്പിക്കാൻ ജൂഡി തയ്യാറായത്. ഈയൊരു ഭാഗത്തിലൂടെയാണ് സംവിധായകൻ കഥ പറഞ്ഞ് പോവുന്നത്.
🔻അഭിനയത്തിലേക്ക് കടന്നുവന്ന സമയത്ത് തന്നെ ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ജൂഡിക്ക്. ഉറക്കവും ഭക്ഷണവുമെല്ലാം ഒരു കൗമാരക്കാരിക്ക് ലഭിക്കേണ്ടുന്നതിന്റെ അളവിനോളം ലഭിക്കാതിരുന്നത് ആരോഗ്യപരമായി പല കുഴപ്പങ്ങൾക്കും വഴിവെച്ചു. അത് ജൂഡിയെ നയിച്ചത് ഡ്രഗ്സിന്റെ ഉപയോഗത്തിലേക്കാണ്. ആ കാലഘട്ടത്തിൽ ഉപയോഗിച്ച് തുടങ്ങിയ ഡ്രഗ്സുകൾ ജൂഡിയുടെ ലൈംലൈറ്റിലെ അധഃപതനത്തിലേക്കാണ് പിന്നീട് നയിച്ചത്.
🔻ലണ്ടനിലെ ജൂഡിയുടെ പ്രോഗ്രാമുകൾ വിശദമായി തന്നെ സിനിമ ചർച്ച ചെയ്യുന്നുണ്ട്. അതിലേക്ക് ജൂഡിയെ നയിക്കുന്ന സാഹചര്യങ്ങൾ, താല്പര്യം ഇല്ലാതിരുന്നിട്ടും കുടുംബത്തിന് വേണ്ടി മനസില്ലാമനസോടെ ഏൽക്കേണ്ടി വന്ന ഷെഡ്യൂളുകൾ, ഇതിനിടയിൽ ആരോഗ്യപരമായ പ്രശ്നങ്ങൾ, വിവാഹം തുടങ്ങി അനവധി കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട് സംവിധായകൻ. അതിനൊപ്പം തന്നെ തന്റെ ആദ്യകാലഘട്ടത്തിൽ അനുഭവിക്കേണ്ടി വന്ന യാതനകളെയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ചെറുരംഗങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. ഇടയ്ക്കിടെ പോരായ്മകൾ വന്നുപോവുന്നുണ്ടെങ്കിലും Reneeയുടെ പെർഫോമൻസ് അതിനെയെല്ലാം കവച്ച് വെക്കുന്നുണ്ട്.
🔻ജൂഡിയുടെ പ്രശസ്തമായ ഗാനങ്ങൾ വീണ്ടും പിറവിയെടുക്കുമ്പോൾ എന്തെന്നില്ലാത്ത സുഖമാണ് അത് സമ്മാനിക്കുക. അതിനൊപ്പം സുന്ദരമായ കൊറിയോഗ്രഫിയും മികവ് പുലർത്തുമ്പോൾ മനോഹരമാവുന്നുണ്ട് ആ വേളകൾ. Renee വാക്കിലും നോക്കിലും ജൂഡിയായി ജീവിക്കുമ്പോൾ അത്ഭുതപ്പെടുത്തും വിധം സ്‌ക്രീൻ പ്രസൻസ് കയ്യാളുന്നുണ്ട്. ബോഡി ലാംഗ്വേജ് പോലും എന്തൊരു അനായാസമാണ് കഥാപാത്രത്തിലേക്ക് സമന്വയിപ്പിച്ചിരിക്കുന്നത്.
🔻FINAL VERDICT🔻
ഒരാളുടെ മാത്രം കഥയല്ല ജൂഡി പറയുന്നത്. ജൂഡി ഗാർലാന്റിനെ പോലെ പല അവസരങ്ങളിലായി ജീവിതം കൈവിട്ടുപോയവരുടെ ഓർമ്മപുതുക്കൾ കൂടിയാണ് ഈ ചിത്രം. അണിയറക്ക് പിന്നിലുള്ളവരേക്കാളേറെ ക്യാമറക്ക് മുന്നിലുള്ള Renee ആണ് പ്രധാന ആകർഷണം. ബയോഗ്രഫി ഡ്രാമകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാം ജൂഡിയുടെ ഈ ജീവിതം.
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments