The Third Murder (2017) - 124 min
May 02, 2018💢മുപ്പത് വർഷം മുമ്പ് ഒരിക്കൽ മിസൂമിയെ ശിക്ഷിച്ചതായിരുന്നു ഒരു കൊലപാതകത്തിന്. ഇതാ ഇപ്പോൾ വീണ്ടും ഒരു ആരോപണം കൂടി അദ്ദേഹത്തിന് വന്നിരിക്കുകയാണ്. തൂക്കുകയർ ഏതാണ്ട് ഉറപ്പായിരിക്കുകയാണ് ആ കൊലപാതകത്തിന്. ആ സമയത്താണ് മിസൂമിയുടെ കേസ് ഏറ്റെടുക്കാൻ ശിഖിമോറി മുന്നോട്ട് വരുന്നത്.
ഒരു ഫാക്ടറി ഓണർ ആണ് കൊല ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കൊലപാതകത്തിന് സാക്ഷികൾ ആരുമില്ല. ആകെയുള്ളത് മിസൂമിയുടെ മൊഴി മാത്രമാണ്. എങ്ങനെയാവും ഇനി അദ്ദേഹത്തെ കൊലക്കയറിൽ നിന്ന് രക്ഷിക്കാനാവുക.? വെല്ലുവിളി മുഴുവൻ ശിഖിമോറിക്കായിരുന്നു.
💢വധശിക്ഷക്കെതിരെ ജപ്പാനിൽ മുറവിളികൾ കൂടി വരുന്നുണ്ടെങ്കിലും അതിൽ യാതൊരു ഭേദഗതിയും ഇതുവരെ നടത്തിയിട്ടില്ല. ശിക്ഷ നടപ്പിലാക്കുമ്പോഴുള്ള പല ധാരണാപ്പിശകുകളും യഥാർത്ഥ കുറ്റകൃത്യത്തെ മറക്കുന്നതും അതിനൊരു കാരണമാണ്. അത്തരത്തിൽ ഒരു സംവിധാനത്തിനെതിരെയുള്ള സംവിധായകന്റെ പ്രതിഷേധം കൂടിയാണ് ഈ ചിത്രം.
💢യാതൊരു തെളിവുകളുമില്ലാതെ, വെറും മൊഴിയുടെ അടിസ്ഥാനത്തിൽ, അയാളുടെ ഭൂതകാലവുമായി കൂട്ടിവായിച്ച് വിധി പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ എത്തുമ്പോഴാണ് കേസ് ഏറ്റെടുക്കാൻ ശിഖിമോറി മുന്നോട്ട് വരുന്നത്. തുടർന്ന് കേസിന്റെ കാര്യത്തിലും പല ജീവിതങ്ങളിലും പല പല വഴിത്തിരിവുകളും വെളിപ്പെടുത്തലുകളും ഉണ്ടാവുന്നു. സത്യത്തിന്റെ വഴി താനേ തുറന്ന് വരുന്നു.
💢തുടക്കം മുതൽ ഒടുക്കം വരെ പതിഞ്ഞ താളത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. സ്ലോ ത്രില്ലറുകൾ ഒരുപാട് കാണുകയും ഇഷ്ടപ്പെടുകയും ചെയുന്ന ഒരാളായിട്ട് കൂടി പലപ്പോഴും ഈ ത്രില്ലർ വിരസത നൽകി. പതിയെ കാര്യത്തിലേക്ക് വരുമ്പോഴേക്കും പെട്ടെന്ന് തന്നെ വഴുതി മാറുന്നത് പോലെ തോന്നും പല ഘട്ടങ്ങളിലും. ദുരൂഹത സമ്മാനിക്കുന്ന ഇടങ്ങളിലും ശ്രദ്ധ കൈപ്പറ്റാൻ ചിത്രത്തിനാവുന്നില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകരെ പൂർണ്ണമായും പിടിച്ചിരുത്തുന്നതിൽ പരാജയപ്പെട്ടെന്ന് വേണം പറയാൻ.
💢ഡയലോഗുകൾക്ക് അതീവപ്രാധാന്യമുണ്ട് കഥയിലുടനീളം. നിസ്സാരമെന്നും കാര്യമില്ലെന്നും പറഞ്ഞ് ഒഴുവാക്കുന്ന പല വാക്കുകൾക്കും പിന്നീട് പ്രസക്തി കൈവരുന്നുണ്ട്. ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഘടകവും അത് തന്നെ. കൂടെ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ഹൈലൈറ്റ് ആണ്. ക്ളൈമാക്സ് വളരെ മികച്ചതായി തോന്നി. എങ്കിലും തൃപ്തി പൂർണ്ണതയിൽ എത്താത്ത അനുഭവമായി മാറുന്നു ചിത്രം.
🔻FINAL VERDICT🔻
ത്രിൽ എലമെൻറ്സിന് സാധ്യതകൾ ഒരുപാട് ഉണ്ടായിട്ടും അവയൊന്നും ഉപയോഗിക്കാതെ ത്രില്ലർ എന്ന നിലയിലും കോർട്ട് റൂം ഡ്രാമ എന്ന നിലയിലും തൃപ്തി കൈവരിക്കാൻ സാധിക്കാത്ത ചിത്രം. എങ്കിലും ഒരു തവണ കണ്ടുമറക്കാൻ മാത്രമായി സമീപിച്ചാൽ ഇഷ്ടപ്പെട്ടേയ്ക്കും.
MY RATING :: ★★★☆☆

0 Comments