കാമുകി (2018) - 137 min

May 14, 2018



പ്രണയത്തിന് കണ്ണില്ലാ മൂക്കില്ലാ പിന്നെന്തൊക്കെയോ ഇല്ല. പക്ഷെ ഈ പറഞ്ഞതെല്ലാം ഇവിടുത്തെ കാണികൾക്കുണ്ട്. കൂടെ സാമാന്യബോധവും. അത് മനസ്സിലാക്കാതെ സംവിധായകൻ ഒരുക്കിയ സൃഷ്ടി. അതാണ് ഒറ്റവാക്കിൽ കാമുകി.

🔻STORY LINE🔻

ജനിച്ചപ്പോൾ മുതൽ കുട്ടിക്കുറുമ്പുമായി വളർന്നവളാണ് അച്ചാമ്മ. പഠിപ്പിസ്റ്റായ സ്വന്തം ചേച്ചിയെ കണ്ടുപഠിക്കാൻ അച്ഛനും അമ്മയും ഇപ്പോഴും ഉപദേശിക്കുമെങ്കിലും ജീവിതം അവളുടെ വഴിയിൽ ജീവിച്ച് തീർക്കാനാണ് അച്ചാമ്മക്ക് ഇഷ്ടം. സകല തല്ലുകൊള്ളിത്തരവുമായി കോളേജ് ജീവിതം ആസാധിക്കാനായി ശ്രീശങ്കര കോളേജിൽ എത്തുന്ന അച്ചാമ്മയുടെ അല്ലെങ്കിൽ അച്ചുവിന്റെ കഥയാണ് കാമുകി.

🔻BEHIND SCREEN🔻

ഇതിഹാസ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ മികച്ച തുടക്കമിട്ട സംവിധായകൻ ബിനുവിൽ പിന്നീട് പ്രതീക്ഷ ഏറെയായിരുന്നു. കാരണം അത്തരമൊരു ഫാൻറസി ചിത്രം ഒരു പരീക്ഷണമെന്ന പോലെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചതിന് ചില്ലറ ധൈര്യം പോര. അതുകൊണ്ട് തന്നെ പിന്നീട് ഏവരും പ്രതീക്ഷ വെക്കുന്ന സംവിധായകരിൽ ഒരുവനായി. എന്നാൽ സ്റ്റൈൽ എന്ന തന്റെ രണ്ടാം ചിത്രം കൊണ്ട് തന്നെ അതൊക്കെ മാറ്റിപ്പറയിപ്പിക്കാൻ സംവിധായകനായി. അത്ര ബോറൻ സിനിമയായിരുന്നു അത്. എങ്കിലും മൂന്നാം ചിത്രം അന്നൗൻസ് ചെയ്തപ്പോൾ ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. കൂടെ രസകരമായ പേരും. "കാമുകി".

തരക്കേടില്ലാത്ത, അൽപ്പസ്വൽപ്പം രസിപ്പിച്ചുകൊണ്ടുള്ള തുടക്കമാണ് സിനിമയുടേത്. അച്ചുവിന്റെ സ്വഭാവം കാണിക്കാനുള്ള ചില കാട്ടിക്കൂട്ടലുകൾ അൽപ്പം കടന്ന കൈ ആയിപ്പോയോ എന്ന് ഇടക്ക് തോന്നിയെങ്കിലും കൗമാരപ്രായമെത്തിയ പെൺകുട്ടിക്ക് അങ്ങനെയൊക്കെ തോന്നിക്കൂടെ എന്നൊരു ചിന്തയിൽ അതവിടെ ഒതുക്കി. തുടർന്ന് കോളേജിലേക്കുള്ള പറിച്ചുനടൽ മുതൽ അവിടെ നടന്നത് മറക്കാൻ ആഗ്രഹിക്കുന്ന ഒരുപിടി സംഭവങ്ങൾ.

ക്ളീഷേകളുടെ ഹോൾസെയിൽ ഡീലിങ്ങ് ആയിരുന്നു പിന്നീടങ്ങോട്ട് കാണാൻ സാധിച്ചത്. അന്ധനായ നായകൻറെ സ്വഭാവഗുണങ്ങളിൽ വീണുപോവുന്ന നായിക. അതിനിടക്ക് പുട്ടിന് പീര പോലെ അവിടിവിടെ സ്വല്പം കോമഡികളും. ഡബിൾ മീനിങ്ങുകളും ടോയിലറ്റ് തമാശകളും കാലഹരണപ്പെട്ടിട്ടില്ല എന്നുകൂടി ബോധ്യമായി കണ്ടിറങ്ങിയപ്പോൾ. എന്തിനോ വേണ്ടി വന്നുപോയ കുറച്ച് കഥാപാത്രങ്ങൾ. ഒരാവശ്യവുമില്ലാത്ത കുറെ റോളുകളും രംഗങ്ങളും. സമയദൈർഖ്യം കൂട്ടാനായി സംവിധായകൻ മനഃപൂർവ്വം കാട്ടിക്കൂട്ടുന്നതാണോ എന്നുപോലും സംശയിച്ചു പലപ്പോഴും. അത്ര ബോറൻ സംഭവങ്ങളായിരുന്നു അവയൊക്കെയും.

നായകൻറെ വാക്കുകേട്ട് പരിവർത്തനം വരുന്ന നായിക. വളരെ ഫ്രഷ് കഥയാണ്‌ട്ടോ. MSW കോഴ്സ് എടുത്ത് കോളേജ് ലൈഫ് ആസ്വദിക്കാൻ വന്ന നായിക പെട്ടെന്ന് സന്മനസ്സ് നിറഞ്ഞവൾ ആകുന്നു. കരഞ്ഞുപോവും ആരും. ഏറ്റവും ഒടുക്കം ഒരു ദുരന്തം ക്ലൈമാക്സും. സ്വയം പറഞ്ഞ തെറികൾക്ക് അളവില്ല.മൊത്തത്തിൽ ഈ വർഷം കണ്ടതിൽ ഏറ്റവും മോശം ചിത്രമാണ് കാമുകി.

🔻ON SCREEN🔻

അപർണ്ണ ബാലമുരളി അച്ചുവിന്റെ വേഷം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കൂടെ കാണാനും നല്ല ഭംഗിയായിരുന്നു. അസ്‌കർ അലി അഭിനയത്തിൽ മെച്ചപ്പെട്ടിട്ടില്ല എങ്കിലും പരമാവധി ശ്രമിച്ചിട്ടുണ്ട്. വ്യക്തിപരമായി എനിക്കാ വേഷം ഇഷ്ടപ്പെട്ടു. പരിമിതികളിൽ നിന്ന് ഭംഗിയായി ചെയ്യാൻ നോക്കിയിട്ടുണ്ട്. അസ്‌കർ അലിയുടെ കൂടെ നടന്ന ജാഫർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുള്ളിക്കാരനെയാണ് സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. നല്ല പ്രകടനമായിരുന്നു. സിനിമയിലെ ഒരു പോസിറ്റിവ് ഫാക്ടർ പുള്ളിയായിരുന്നു. ബാക്കിയെല്ലാവരും എടുത്തുപറയാൻ പോലും വേഷമില്ലാതെ എന്തിനോ വേണ്ടി വന്നുപോയി.

🔻MUSIC & TECHNICAL SIDES🔻

ചിത്രത്തെ കാണാൻ പിടിച്ചിരുത്തുന്ന ഘടകമാണ് അതിലെ പാട്ടുകൾ. കാമുകിയിലെ പാട്ടുകളും നന്നായി തോന്നി. വിരസതയിലേക്ക് കൂപ്പുകുത്തുമ്പോഴും ഇടക്കൊക്കെ ആശ്വാസം പകരുന്നത് പാട്ടുകളാണ്. പശ്ചാത്തലസംഗീതം ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല. അത്ര ബോറടിയിലായിരുന്നു കണ്ടുകൊണ്ടിരുന്നത്.

🔻FINAL VERDICT🔻

ആകെമൊത്തത്തിൽ കണ്ടുകൊണ്ടിരിക്കുമ്പോൾ അനേകായിരം തേപ്പ് കിട്ടിയ വേദനയായിരുന്നു മനസ്സിൽ. കണ്ടിറങ്ങിയപ്പോൾ ഒറ്റക്ക് ജീവിക്കുന്നതിന്റെ സുഖവും മനസ്സിലായി. ഇവ രണ്ടും മനസ്സിലാക്കാൻ ജീവിതത്തിലെ രണ്ട് മണിക്കൂർ സമയം വെറുതെ കളയാൻ തയ്യാറാണെങ്കിൽ തലവെക്കുക. ഇല്ലെങ്കിൽ ആ പരിസരത്തുകൂടി പോവാതിരിക്കുക.

കണ്ടിറങ്ങിയപ്പോൾ ഞാൻ മനസ്സിൽ ഉറക്കെ വിളിച്ചുപറഞ്ഞു."സ്റ്റൈൽ മാസ്സ് ഡാ"

MY RATING :: ★☆☆☆☆

You Might Also Like

0 Comments