Mukkabaaz (2017) - 154 min

May 11, 2018



💢ഒരുപക്ഷെ ബോളിവുഡ് സിനിമകളുടെ തനത് ശൈലിയിൽ നിന്ന് വേറിട്ടൊരു സഞ്ചാരം നൽകാൻ പ്രേരിപ്പിച്ച സംവിധായകരിൽ മുൻനിരയിൽ ഉണ്ടാവും അനുരാഗ് കശ്യപ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും എടുത്ത് നോക്കിയാലും മറ്റൊന്നിൽ നിന്ന് വൈവിധ്യങ്ങൾ നിറഞ്ഞതായിരിക്കും. പുള്ളിക്കാരന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രമാണ് മുക്കാബാസ്. ഇത്തവണ പ്രമേയം ബോക്‌സിങ്ങും.

💢കീഴ്ജാതിക്കാരനായ ബോക്‌സർ ശ്രാവൺ, ബോക്സിങ് രംഗത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാരനാണ്. ചെറുപ്പം മുതൽ തന്നെ ബോക്സിങ്ങിനെ അതിയായി സ്നേഹിക്കുന്ന വ്യക്തി. എന്നാൽ ജീവിതത്തിൽ ഇടക്കുണ്ടാവുന്ന ചില പ്രശ്നങ്ങളിൽ അദ്ദേഹത്തതിന് അതിയായി പ്രയന്തിക്കേണ്ടി വരുന്നു. കൂടെ ഒരു പ്രണയവും ശ്രാവണിന്റെ വളർച്ചയെ തടയാൻ ശ്രമിക്കുന്ന മേൽജാതിക്കാരൻ ഭഗവാനും.

💢അനുരാഗ് കശ്യപിന്റെ സൃഷ്ടി ആയതുകൊണ്ട് തന്നെ തീവ്രമായ കാര്യങ്ങളുടെ അവതരണം ചിത്രത്തിൽ പ്രതീക്ഷിക്കാം. ഈ സിനിമയിൽ പല കാര്യങ്ങളും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത് എന്നതാണ് ഹൈലൈറ്റ്. ഇന്ത്യൻ സാമൂഹികവ്യവസ്ഥകളുടെ തുറന്നുകാട്ടൽ തന്നെയാവുന്നുണ്ട് പലപ്പോഴും ഈ ചിത്രം. ജാതിവിധ്വെഷവും ജീവന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഗോമാംസപ്രശ്നങ്ങളുമൊക്കെ കോർത്തിണക്കി മികച്ച ഒരു ചിത്രമാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്.

💢പാട്ടുകളിലൂടെയാണ് പലപ്പോഴും കഥ പറഞ്ഞ് പോവുന്നത്. പത്തോളം പാട്ടുകൾ ചിത്രത്തിൽ ഉണ്ടെന്ന് തോന്നുന്നു. എന്നാൽ അവയൊന്നും മുഷിപ്പുണ്ടാക്കുന്നില്ല. അതോടൊപ്പം തന്നെ ബോക്സിങ്ങും പ്രണയവും കോർത്തിണക്കിയ വിധമൊക്കെ വളരെ നന്നായിരുന്നു. പലപ്പോഴും നമ്മെ നൊമ്പരപ്പെടുത്തുന്ന സന്ദർഭങ്ങളാൽ സമ്പന്നമാണ് ചിത്രം.

💢അധികാരവ്യവസ്ഥകൾക്ക് നേരെയുള്ള ചോദ്യചിഹ്നങ്ങൾ കൂടിയാണ് മുക്കാബാസ്. തീപാറുന്ന ഡയലോഗുകളിൽ പലപ്പോഴും അവ വ്യക്തമാണ്. വർധിച്ച് വരുന്ന അരാജകത്വങ്ങളുടെ കാലത്ത് അവയ്ക്കുള്ള പ്രസക്തി പറയാതെ തന്നെ അറിയാമല്ലോ. ആരുടെ മുന്നിലും മുട്ടുമടക്കാതെ, യാതൊരു വിട്ടുവീഴ്ചക്കുമില്ലാതെ അവക്കെതിരെ ശക്തമായ ഭാഷയിൽ തന്നെ പ്രതികരിച്ച സംവിധായകന് കയ്യടികൾ.

💢ഗംഭീരപ്രകടനങ്ങളുടെ ഫലം കൂടിയാണ് മുക്കാബാസ്. ശ്രാവൺ സിങ്ങായി വിനീത് കുമാർ കെട്ടിലും മട്ടിലും തകർത്തപ്പോൾ ഞെട്ടിച്ച പ്രകടനം ജിമ്മി ഷെർഗിലിന്റേതായിരുന്നു. ഇത്ര വെറുപ്പ് തോന്നിയ ഒരു വില്ലൻ ഈയടുത്ത് കാണില്ല. അത്ര ഗംഭീര പെർഫോമൻസായിരുന്നു പുള്ളിക്കാരൻ. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ തന്റേതായ മുദ്ര പതിപ്പിച്ച നായിക സോയാ ഹുസൈനും മികച്ച പ്രകടനം കാഴ്ചവെച്ചു.

🔻FINAL VERDICT🔻

സിനിമാറ്റിക് എലമെന്റ്‌സുകളുടെ അതിപ്രസരം ഇല്ലാതെ തന്നെ നല്ല രീതിയിൽ ആസ്വാദനം പകരുന്ന ചിത്രമാണ് മുക്കാബാസ്. മികച്ച പ്രകടനങ്ങളും തിരക്കഥയും നട്ടെല്ലായി വരുമ്പോൾ ഈയടുത്ത് കണ്ട മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടുന്നു ഈ ചിത്രവും.

MY RATING :: ★★★★☆

You Might Also Like

0 Comments