പ്രേമസൂത്രം (2018) - 162 min
May 14, 2018🔻STORY LINE🔻
അഞ്ചാം ക്ലാസ് മുതൽ പ്രകാശൻ അമ്മുവിൻറെ പുറകെയാണ്. എന്തെന്നില്ലാത്ത ഒരിഷ്ടമാണ് അവന് അവളോട്. തിരിച്ചും ആ ഇഷ്ടം പിടിച്ചുപറ്റാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല. അങ്ങനെയിരിക്കെയാണ് നാട്ടിൽ പുതിയ ഒരാൾ എത്തിയ വിവരം അറിയുന്നത്. VKP. പെണ്ണുങ്ങളുടെ മനഃശാസ്ത്രവും പ്രേമത്തിന്റെ തന്ത്രങ്ങളും അറിയുന്നവൻ. തന്റെ പ്രേമസാഫല്യത്തിനായി പ്രകാശൻ VKPയുടെ കൂടെ കൂടുന്നു. തുടർന്നുള്ള രസകരമായ സംഭവങ്ങളാണ് പ്രേമസൂത്രം.
🔻BEHIND SCREEN🔻
ആദ്യചിത്രം കൊണ്ട് തന്നെ അമ്പരപ്പിക്കുക. അതും വലിയ താരനിരയോ പ്രമോഷനോ ഇല്ലാതെ. അതായിരുന്നു "ഉറുമ്പുകൾ ഉറങ്ങാറില്ല" എന്ന ചിത്രത്തിലൂടെ സംവിധായകൻ ജിജു അശോകന് സാധിച്ചത്. വൻ വിജയമായില്ലെങ്കിൽ കൂടി തന്നിലെ കഴിവ് തെളിയിക്കാൻ ആ ചിത്രത്തിലൂടെ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അവതരണത്തിലെ ചില കൗതുകപരമായ കാര്യങ്ങളും വ്യത്യസ്തമായ പ്രമേയവും എന്നെയും ആകർഷിച്ചിരുന്നു. അതുകൊണ്ട് തന്നെ രണ്ടാമത്തെ ചിത്രം അന്നൗൻസ് ചെയ്തപ്പോഴും പ്രതീക്ഷ ഉണ്ടായിരുന്നു.
ഇത്തവണ കള്ളന്മാരിൽ നിന്ന് കാമുകന്മാരിലേക്കാണ് സംവിധായന്റെ ചുവടുമാറ്റം. ഉറുമ്പുകളിൽ ചോരശാസ്ത്രം ആകാംഷയുണ്ടാക്കുന്ന രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിൽ രണ്ടാം ചിത്രത്തിൽ കാമശാസ്ത്രമാണ്. VKP എന്ന ദുരൂഹത നിറഞ്ഞ കഥാപാത്രത്തിലൂടെ രസകരമായി പ്രേമത്തെ കൈകാര്യം ചെയ്യാൻ നോക്കിയിരിക്കുകയാണ് സംവിധായകൻ. എന്നാൽ ഒരു പരിധി കഴിഞ്ഞപ്പോൾ എല്ലാം കൈവിട്ടുപോയെന്ന് പറയാതെ വയ്യ.
ഒരു കഥ പറയുന്ന രീതിയിലാണ് ചിത്രത്തിന്റെ തുടക്കം. VKPയെ കാണാൻ വരുന്നവർ അദ്ദേഹത്തെയും കാത്ത് പുഴക്കടവിൽ ഇരിക്കവേ പറയുന്ന കഥയാണ് പ്രകാശന്റെയും അമ്മുക്കുട്ടിയുടെയും പ്രണയം. ആയകാലം മുതൽ പ്രകാശൻ മനസ്സിൽ കൊണ്ട് നടക്കുകയാണ് അമ്മുക്കുട്ടിയെ. എന്നാൽ സ്നേഹത്തോടെയുള്ള ഒരു ചിരി പോലും കിട്ടിയിട്ടില്ല. അതിനായുള്ള പരിശ്രമങ്ങളാണ് പ്രകാശനും VKPയും പിന്നീട് നടത്തുന്നത്.
ആദ്യരംഗം തന്നെ VKP എന്ന കഥാപാത്രത്തിന് പ്രേമത്തോടുള്ള ആസക്തി പ്രകടമാക്കുന്നുണ്ട്. പിന്നീട് പ്രേമത്തെ പറ്റിയുള്ള ചില വിവരണങ്ങളും ശ്രദ്ധേയമാണ്. നാട്ടിൻപുറവും ആ കാലഘട്ടവുമൊക്കെ നല്ല രീതിയിൽ തന്നെ പുനരാവിഷ്കരിച്ചിട്ടുണ്ട്. നർമ്മരംഗങ്ങളും തുടക്കമൊക്കെ നന്നായിരുന്നു. എന്നാൽ മുന്നോട്ട് പോവുന്തോറും നൂല് പൊട്ടിയ പട്ടം കണക്കെ ദിശയറിയാതെ സഞ്ചരിക്കുന്നത് കാണാം. അവിടം മുതൽ രസച്ചരടും മുറിയുന്നു. പിന്നീടങ്ങോട്ട് യാതൊരു തരത്തിലും രസിപ്പിക്കാതെ വിരസത മാത്രമേ നൽകാനാവുന്നുള്ളൂ. നല്ലൊരു ഫാന്റസി പ്രമേയമുണ്ടായിട്ടും അത് മുതലാക്കാൻ കഴിയാതെ പോയതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ദൗർബല്യം.
ചില കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്. പ്രത്യേകിച്ച് വില്ലനായ കഥാപാത്രത്തിന്റെ അവതരണം. വളരെ എക്സിൻട്രിക്ക് ആയി തോന്നും ആ കഥാപാത്രം.കൂടെ VKP എന്ന കഥാപാത്രത്തിന്റെ ദുരൂഹത നിറഞ്ഞ അവതരണവും രസകരമാണ്. എന്നാൽ പ്രമസൂത്രങ്ങൾ മാത്രം കേട്ട് പഴകിയ നമ്പറുകളാണ്. ഒരു പുതുമയും തോന്നിപ്പിക്കുന്നില്ല അവ. മാത്രമല്ല പലപ്പോഴും ബോറടി നൽകുന്നുമുണ്ട്. കൂടെ അനാവശ്യമായി വലിച്ചുനീട്ടി രണ്ടേമുക്കാൽ മണിക്കൂർ ദൈർഖ്യമാക്കിയതും വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ചുരുക്കത്തിൽ പുതുമ പ്രതീക്ഷിച്ച പ്രമേയത്തിന്റെ യാതൊരു പുതുമയുമില്ലാത്ത അവതരണമാണ് പ്രേമസൂത്രം.
🔻ON SCREEN🔻
ആർക്കും വെല്ലുവിളി ഉയർത്തുന്ന വേഷങ്ങൾ ചിത്രത്തിൽ ഇല്ലായിരുന്നു. ചെമ്പൻ വിനോദും ബാലുവും വിഷ്ണു ഗോവിന്ദനുമൊക്കെ കിട്ടിയ വേഷങ്ങൾ ഭംഗിയാക്കി. ലാജോ മോൾക്ക് ഡയലോഗ് പോലും അധികമില്ലാത്ത റോളായിരുന്നു. എങ്കിലും കാണാൻ സുന്ദരി. അനുമോളും അത് പോലെ തന്നെ. കൂടെ ഒട്ടനവധി കഥാപാത്രങ്ങളും വന്നുപോയി.
🔻MUSIC & TECHNICAL SIDES🔻
രസകരമായ പാട്ടുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു. അവയൊക്കെയും കോർത്തിണക്കിയ വിധവും നന്നായിട്ടുണ്ട്. കൂടെ പശ്ചാത്തലസംഗീതവും ആദ്യമൊക്കെ നന്നായിരുന്നു. പിന്നീടങ്ങോട്ട് പലപ്പോഴും അവയുടെ മുഴക്കത്തിൽ ഡയലോഗ് കേൾക്കാൻ പറ്റാത്ത അവസ്ഥയായി. ധർമ്മജന്റെ ഒറ്റ ഡയലോഗ് പോലും നേരെ ചൊവ്വേ കേട്ടിട്ടില്ല. തീയേറ്ററിന്റെ കുഴപ്പമാണോ അതോ സൗണ്ടിന്റെതാണോ എന്ന് അവ്യക്തം. ഛായാഗ്രഹണം നന്നായിരുന്നു. രാത്രികാല ഷോട്ടുകളൊക്കെ മികച്ച രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട്.
🔻FINAL VERDICT🔻
മടുപ്പൻ സൂത്രവാക്യങ്ങളുടെ ആകെത്തുകയാണ് പ്രേമസൂത്രം. രണ്ടേമുക്കാൽ മണിക്കൂർ ഇരുത്തി മടുപ്പിക്കുക എന്നത് ഒരു ധൗത്യം പോലെ ഏറ്റെടുത്ത സംവിധായകൻ അതിൽ വിജയിച്ചിട്ടുണ്ട്. വ്യത്യസ്തമായ പ്രമേയത്തെ മോശം അനുഭവമാക്കി മാറ്റുന്നു ഈ ചിത്രം.
MY RATING :: ★½
0 Comments