സില സമയങ്ങളിൽ (2016) - 110 min
May 14, 2018🔻STORY LINE🔻
ബ്ലഡ് ടെസ്റ്റിനായുള്ള ഒരു നീണ്ട നിര. രാവിലെ ഏഴ് മുതൽ തുടങ്ങിയതാണ്. മറ്റൊന്നിനുമല്ല ആ ക്യു. AIDS രോഗം തങ്ങളിലുണ്ടോ എന്നറിയാനുള്ള വിധി കാത്തിരിക്കാനാണ്.ജീവിതത്തിന്റെ പല തിരക്കുകളും മാറ്റി വെച്ച് ഏവരും ഒരുപോലെ നിൽക്കുകയാണ് അവിടെ.
അവരിൽ ഏഴ് പേരുടെ കഥയാണ് ചുരുക്കം ചില സമയം കൊണ്ട് പറയുന്നത്. വൈകിട്ട് അഞ്ച് മണിക്ക് കിട്ടാനിരിക്കുന്ന റിസൾട്ടിനെ പറ്റി വ്യാകുലപ്പെട്ടിരിക്കുന്നവർ. അഥവാ പോസിറ്റിവ് ആണെങ്കിൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെട്ടേക്കുമോ എന്ന ഭയമാണ് അവരെ വേട്ടയാടുന്നത്. ഏകാന്തത കൈവരിക്കാൻ പലയിടങ്ങളിലായി ഇരിക്കുന്നവർ ബാലമുരുകനിലൂടെയാണ് പരസ്പരം അറിയുന്നത്. അനുഭവങ്ങൾ പങ്കുവെക്കുന്നത്.
🔻BEHIND SCREEN🔻
കച്ചവടസിനിമകളുടെ ചേരുവകൾ കൃത്യമായി അറിയാവുന്ന പ്രിയദർശൻ ഇങ്ങനെയൊരു ചിത്രം അന്നൗൻസ് ചെയ്തപ്പോൾ തന്നെ കൗതുകമായിരുന്നു. കാഞ്ചീവരത്തിലൂടെ ഞെട്ടിച്ചതാണെങ്കിലും ഇത്തരമൊരു ബോധവത്കരണ സിനിമ എത്തരത്തിൽ കാണികളിലേക്ക് എത്തിക്കുമെന്ന കൗതുകം മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ചിത്രം കണ്ടുകഴിഞ്ഞപ്പോൾ വീണ്ടും കയ്യടി കൊടുക്കാൻ തോന്നുന്നു അദ്ദേഹത്തിന്. തന്നിലെ ക്രാഫ്റ്റ് ഇനിയും നഷ്ടമായിട്ടില്ലെന്ന ബോധ്യപ്പെടുത്തൽ കൂടിയാണ് സില സമയങ്ങളിൽ.
കഥാപാത്രങ്ങളുടെ പോട്രെയൽ വളരെ സുന്ദരമാണ്. അത് തന്നെയാണ് കാണികളെ കൂടുതൽ ചിത്രത്തോട് അടുപ്പിക്കുന്നതും. AIDS എന്ന മാരകരോഗത്തിന്റെ ബോധവത്കരണം ഒരു ഡോക്യുമെന്ററി എന്നതിലുപരി അതിനേക്കാൾ സ്പർശിക്കുന്ന രീതിയിലാണ് പ്രിയൻ നമ്മിലേക്ക് എത്തിച്ചിരിക്കുന്നത്. അവസാന നിമിഷത്തേക്ക് വരുന്തോറും നെഞ്ചിടിപ്പ് കൂട്ടുകയും ഏറ്റവും ഒടുവിൽ ഒരു വിങ്ങൽ സമ്മാനിക്കുകയും ചെയ്യുമ്പോൾ കാണികളും എല്ലാ അർത്ഥത്തിലും തൃപ്തരാവുകയാണ്. അതുപോലെ മനസ്സിലൊരു വലിയ കല്ല് കെട്ടിയ ഭാരവും.
രണ്ട് പ്രതീകങ്ങളായി തിരിക്കാം ആ കൂട്ടരെ. AIDSൽ നിന്ന് താൻ മോചിതനാണെന്നറിയുമ്പോൾ അതിൽ സന്തോഷിച്ച് കൂടെയുള്ളവരെ ഉപേക്ഷിക്കുന്നവരും കൂടെയുള്ളവർക്ക് വന്ന ദുരിതത്തിൽ വിഷമിക്കുന്നവരും ഉണ്ട്. അവർക്ക് വേണ്ട സ്നേഹവും പരിപാലനവും കൊടുക്കുന്നവരും അവരെ ആട്ടിപ്പുറത്താക്കുന്നവരും ഉണ്ട്. പല തട്ടിലുള്ള ആളുകളെ ഒരു ഫ്രെയിമിൽ കൊണ്ടുവന്നിരിക്കുന്നു സംവിധായകൻ.
അറിഞ്ഞുകൊണ്ടോ അറിയാതെയോ ചെയ്ത കാര്യങ്ങൾ കൊണ്ട് രോഗം പടരുന്നവർ ഉണ്ട് സമൂഹത്തിൽ. അരുവിയും അതിന് ഒരു ഉദാഹരണമായിരുന്നു. അതുപോലെ തന്നെ ഇവിടെയും ഉണ്ട് നിരപരാധികൾ. വിധിയുടെ വിളയാട്ടത്തിന്റെ ഭാഗമായി ദുരവസ്ഥയിൽ ആയവർ. അവരും ഈ സമൂഹത്തിൽ പെട്ടവരാണ്. ഒറ്റപ്പെട്ടവർ എന്ന് പറയുന്നതാവും കൂടുതൽ ശരി.
🔻ON SCREEN🔻
🔻MUSIC & TECHNICAL SIDES🔻
സമീർ താഹിറിന്റെ ക്യാമറക്കണ്ണുകൾ മനോഹരമായ വിഷ്വൽസിനാണ് വഴിവെച്ചിരിക്കുന്നത്. ഒരു ലാബിനകം മാത്രമാണെങ്കിലും സുന്ദരമാണ് അവിടുത്തെ പകർപ്പുകൾ. കൂടെ ഹൃദ്യമായ പശ്ചാത്തലസംഗീതവും.
🔻FINAL VERDICT🔻
ഹൃദയസ്പർശിയായ് ചിത്രം. അതാണ് സില സമയങ്ങളിൽ. ചുരുങ്ങിയ കഥാപാത്രങ്ങളും ലളിതമായ പ്രമേയവും കൈമുതലാക്കി മെനഞ്ഞെടുത്ത ചിത്രം സമൂഹത്തിന് നൽകുന്ന സന്ദേശം ചെറുതല്ല. കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം ഇത്തരത്തിലുള്ള മികച്ച സൃഷ്ടികൾ.
MY RATING :: ★★★★☆
0 Comments