Rakshaadhikari Baiju oppu (2017) - 162 min
April 21, 2017
'ഞാൻ ബൈജു..ഒരു സർക്കാറുദ്യോഗസ്ഥനാണ്..അതിലുപരി 36 വർഷമായി കുമ്പളം ബ്രദേഴ്സിന്റെ രക്ഷാധികാരി കൂടിയാണ്'
മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത തിരക്കഥാകൃത്താണ് രജ്ഞൻ പ്രമോദ്..ഇപ്പോഴും കാണികൾ പുതുമയോടെ സമീപിക്കുന്ന സിനിമകളായ മീശമാധവൻ, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ തുടങ്ങിയ ചിത്രങ്ങൾക്കായി തൂലിക ചലിപ്പിച്ച വ്യക്തി..എന്നാൽ കഥയെഴുതി സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങൾ പ്രേക്ഷകർ തിരസ്കരിച്ചപ്പോൾ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലൂടെ വീണ്ടും തിരക്കഥാകൃത്തിന്റെ കുപ്പായം അണിഞ്ഞു അദ്ധേഹം..ദാ ഇപ്പോൾ വീണ്ടും സംവിധായകന്റെയും..
ഓർമ വെച്ച കാലം മുതലേ കുമ്പളത്തെ പറമ്പിൽ ക്രിക്കറ്റ് കളിച്ച് വളർന്നവരാണ് ബൈജുവും കൂട്ടരും..എന്നാൽ 36 വർഷങ്ങൾക്കിപ്പുറം അവരിൽ അവശേഷിക്കുന്നത് ബൈജു മാത്രമാണ്.. ബാക്കിയൊക്കെയും അവരുടെ ജീവിതമാർഗം തേടി പല സ്ഥലങ്ങളിലാണ്..സർക്കാർ ജോലിക്കാരനായി സേവനം അനുഷ്ഠിക്കുന്ന ബൈജുവിന് ഈ പ്രായത്തിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്രിക്കറ്റ് കളി..കൂടെ കളിക്കുന്നവരാവട്ടെ എല്ലാം യുവരക്തവും..
പുതുതലമുറക്ക് കൂടി കായികത്തിലുള്ള ഇഷ്ടം പ്രകടമാക്കും വിധം ഇപ്പോഴും പല തരം കളികളിലൂടെയും പല പ്രായക്കാരിലൂടെയും എപ്പോഴും തിരക്കിലാണ് ആ പറമ്പ്..കൂടെ അവരുടെയൊക്കെ രക്ഷാധികാരിയായി ബൈജുവും ഉണ്ട്..ബൈജുവിന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോവുന്നത്..
രജ്ഞൻ പ്രമോദിന്റെ മൂന്നാമത് സംവിധാന സംരംഭമാണ് 'രക്ഷാധികാരി ബൈജു'..ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ധേഹം തന്നെ..ഒരു പ്രത്യേക തീമോ ത്രെഡോ ഇല്ലാതെ ബൈജുവിന്റെ ജീവിതത്തിലെ പല സംഭവങ്ങളിലൂടെയും അദ്ധേഹത്തിന്റെ കൂട്ടാളികളിലൂടെയുമാണ് ചിത്രം നമ്മെ നയിക്കുന്നത്..പ്രത്യേകിച്ച് പുതുമ ഒന്നും തന്നെ തോന്നിയില്ല ചിത്രത്തിൽ..ഒരു ഫീൽ ഗുഡ് മൂവി എന്ന നിലയിലും എന്നിലെ പ്രേക്ഷകനെ ചിത്രം നിരാശപ്പെടുത്തി..സമയദൈർഘ്യവും അനാവശ്യമായി പല സീനുകളും തിരുകിക്കേറ്റിയതും ആസ്വാദനത്തിന് കനത്ത പ്രഹരമായി..
ബൈജുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് കുടുംബപ്രേക്ഷകർക്ക് സ്വീകാര്യനായ ബിജു മേനോനാണ്..വലിയ വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം ആയിരുന്നില്ല അദ്ധേഹത്തിന് ബൈജു.. ആയതിനാൽ തന്നെ തന്റെ കഥാപാത്രം അദ്ധേഹം മനോഹരമാക്കി..അദ്ധേഹത്തിന്റെ ഭാര്യയായി അഭിനയിച്ച ഹന്ന റെജി നല്ല പ്രകടനമായിരുന്നു..ഒരു കുടുംബിനിയായി മികച്ച റോൾ.. അച്ഛനായി വിജയരാഘവനും അഭിനയിച്ചു..ദീപക്കിന് കുറച്ച് നാളുകൾക്ക് ശേഷം ഒരു മുഴുനീള കഥാപാത്രം ലഭിക്കുന്നത് ഇതിലൂടെയാവും..അലൻസിയർ, അജു വർഗീസ്, ഹരീഷ് കണാരൻ, ജനാർദരൻ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് പ്രശാന്ത് രവീന്ദ്രൻ ആണ്..തന്റെ ജോലിയോട് അദ്ധേഹം നീതി പുലർത്തി..സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ ആണ്..ഗാനങ്ങളെല്ലാം ശരാശരിയിൽ ഒതുങ്ങിയപ്പോൾ പശ്ചാത്തല സംഗീതം നന്നായിരുന്നു.. എഡിറ്റിംഗ് സാംജിത്തും നിർവ്വഹിച്ചു..
പ്രേക്ഷകരിൽ ഒരു നൊസ്റ്റാൾജിക് ഫീൽ ഉണ്ടാക്കാൻ പല സന്ദർഭങ്ങളിലും ചിത്രത്തിനായിട്ടുണ്ട്..എന്നാൽ അതിന്റെ തുടർച്ച അനാവശ്യ രംഗങ്ങൾ ഉൾപ്പെടുത്തി ഇല്ലാതാക്കി എന്ന് പറയേണ്ടി വരും..കോമഡിക്ക് മാത്രമായി തന്നെ ചില രംഗങ്ങൾ തിരുകിക്കയറ്റിയിട്ടുണ്ട്..എന്നാൽ അവയൊന്നും പൂർണ്ണമായി വിജയിച്ചിട്ടുമില്ല.. എഡിറ്റിംഗ് കുറച്ച് കൂട്ടിയിരുന്നേൽ ആസ്വാദനം മെച്ചപ്പെട്ടേനേ..
ചിത്രം അവസാനിക്കുന്നത് ഒരു മെസേജോ അല്ലെങ്കിൽ ഒരു നിവേദനമോ സമർപ്പിച്ചു കൊണ്ടാണ്..വികസനത്തുടർച്ചയായി ഫ്ലാറ്റുകളും മറ്റു സമുച്ചയങ്ങളും കെട്ടിപ്പൊക്കുകയും റോഡുകൾക്ക് വീതി കൂട്ടുവാനായും മറ്റും ഒഴിഞ്ഞ പറമ്പുകൾ കയ്യേറുകയും ചെയ്യുമ്പോൾ ഈ തലമുറക്കും വരും തലമുറക്കും കൂട്ടംകൂടി ഇരിക്കാനും കളിക്കാനും കൂടി കുറച്ച് സ്ഥലം ഒഴിച്ചിട്ടേക്കണമെന്ന കുറിപ്പോടെയാണ് ചിത്രം അവസാനിക്കുന്നത്..ഈ ഒരു സന്ദേശം കൈമാറാനായിരുന്നെങ്കിൽ ഇത്ര വലിച്ച് നീട്ടാതെ ഒരു ഷോർട്ട് ഫിലിമായോ ഡോക്യുമെന്ററിയായോ കാണിക്കാവുന്നതേ ഉള്ളായിരുന്നു എന്ന് തോന്നി..
ചിലയിടങ്ങളിൽ ക്ലീഷേ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ചിത്രം ശരിക്കും ഇഴച്ചിൽ അനുഭവിപ്പിച്ചു..കോമഡിയൊക്കെ ഇടക്കിടക്ക് വരുന്നുണ്ടെങ്കിലും വളരെ കുറച്ച് മാത്രമേ ആസ്വാദനത്തിന് വഴിവെച്ചുള്ളൂ.. ബാക്കിയൊക്കെ വിഫലമായ ശ്രമങ്ങളും സമയം കൂട്ടി രസംകൊല്ലിയായ രംഗങ്ങളുമായി മാത്രമേ ഫീൽ ചെയ്തുള്ളൂ..മൊത്തത്തിൽ ചിത്രം എനിക്ക് നൽകിയത് ശരാശരിയിൽ താഴെ സംതൃപ്തി മാത്രം..
My Rating :: ★★☆☆☆
മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത തിരക്കഥാകൃത്താണ് രജ്ഞൻ പ്രമോദ്..ഇപ്പോഴും കാണികൾ പുതുമയോടെ സമീപിക്കുന്ന സിനിമകളായ മീശമാധവൻ, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ തുടങ്ങിയ ചിത്രങ്ങൾക്കായി തൂലിക ചലിപ്പിച്ച വ്യക്തി..എന്നാൽ കഥയെഴുതി സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങൾ പ്രേക്ഷകർ തിരസ്കരിച്ചപ്പോൾ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലൂടെ വീണ്ടും തിരക്കഥാകൃത്തിന്റെ കുപ്പായം അണിഞ്ഞു അദ്ധേഹം..ദാ ഇപ്പോൾ വീണ്ടും സംവിധായകന്റെയും..
0 Comments