Puthan Panam (2017) - 147 min

April 12, 2017


നവമ്പർ എട്ടാം തീയതി ഇന്ത്യാ മഹാരാജ്യമൊന്നാകെ ഞെട്ടലിൽ നിന്ന ഒരു പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്തിയത്..'നോട്ട് നിരോധനം'..മാസങ്ങളോളം ജനങ്ങളെ വലച്ച ഒരു തീരുമാനം..ഒറ്റക്കെട്ടായി പല പ്രതിഷേധങ്ങൾക്കും തിരി കൊളുത്തിയ ഈ പ്രഖ്യാപനത്തെ ഉൾകൊണ്ടുകൊണ്ടാണ് രജ്ഞിത്ത് തന്റെ പുതിയ ചിത്രമായ 'പുത്തൻപണം' ഒരുക്കിയത്..പ്രമേയത്തിലെ പുതുമയും ടീസറും ട്രെയിലറുമൊക്കെ പ്രതീക്ഷക്ക് ആവോളം വക നൽകിയിരുന്നു.. എന്നിരുന്നാലും ഒരു പ്രതീക്ഷയും വേണ്ടെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചാണ് സിനിമ കാണാൻ ആദ്യ ഷോയ്ക്ക് കയറിയത്..

കാസർകോട്ടുകാരൻ നിത്യാനന്ദ ഷേണായി ബിസിനസ്സ് സാമ്രാജ്യത്തിലെ ഒരു വൻകിട സ്രാവാണ്..നോട്ട് നിരോധത്തിന് മണിക്കൂറുകൾക്ക് മുമ്പായി അദ്ധേഹം നടത്തിയ ഒരു ഇടപാടിൽ ലഭിച്ച പണം എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് അന്വേഷിച്ചാണ് അദ്ധേഹം കൊച്ചിയിലെത്തിയത്..എന്നാൽ കാര്യങ്ങൾ അദ്ധേഹം വിചാരിച്ചത് പോലെ നടക്കാതെ എതിർദിശയിലേക്കാണ് നീങ്ങിയത്.. രക്ഷപെടണമെങ്കിൽ എല്ലാം അദ്ധേഹത്തിന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന അവസ്ഥ വന്നിരിക്കെ അദ്ധേഹവും കൂട്ടരും അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ചിത്രത്തിൽ പറയുന്നത്..


കടൽ കടന്നൊരു മാത്തുക്കുട്ടിക്ക് ശേഷം രജ്ഞിത്തും മമ്മൂട്ടിയും ഒന്നിച്ച ചിത്രമാണ് പുത്തൻപണം.. ഒറ്റവാചകത്തിൽ പറഞ്ഞാൽ 'എട്ടാം തീയതി കിട്ടിയ എട്ടിന്റെ പണി സിനിമയാക്കിയപ്പോൾ പ്രേക്ഷകന് കിട്ടിയത് പതിനാറിന്റെ പണിയായിരുന്നു'.. കണ്ടിട്ടുള്ളതിൽ വെച്ച് അദ്ധേഹത്തിന്റെ ഏറ്റവും മോശം തിരക്കഥകളിൽ ഒന്നാണ് ചിത്രത്തിന്റേത്.. കഥ തുടങ്ങി വെക്കാൻ വേണ്ടി മാത്രമാണ് നോട്ട്നിരോധനം എന്ന ആശയത്തെ അദ്ധേഹം ഉപയോഗിച്ചത്..അതിനു ശേഷം സിനിമയുടെ കഥയുമായോ പേരുമായോ യാതൊരു ബന്ധവും കാണാൻ സാധിച്ചില്ല.. എന്തിനോ വേണ്ടി പടച്ച് വിട്ട കഥാപാത്രങ്ങളും സാഹചര്യങ്ങളും തികച്ചും മടുപ്പുളവാക്കി.. ഡയലോഗുകൾ മാത്രമാണ് നല്ലതെന്ന് തോന്നിയത്.. കാസർകോടൻ ഭാഷ കുറച്ചൊക്കെ മനസ്സിലായില്ലെങ്കിലും കേൾക്കാൻ രസമുണ്ടായിരുന്നു..

നിത്യാനന്ദ ഷേണായിയുടെ വേഷം മമ്മൂട്ടി കെട്ടിലും മട്ടിലും മികച്ചതാക്കി..നല്ല പ്രൗഢിയും ഗാംഭീര്യമുള്ള സംസാരവുമൊക്കെയായി സ്ക്രീനിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു..മറ്റൊരു കേന്ദ്ര കഥാപാത്രമായ 'മുത്തു' എന്ന കൊച്ചു പയ്യൻ പ്രായത്തിന് ചേരാത്ത സംഭാഷണങ്ങളും അവതരണവുമൊക്കെയായി നിരാശ നൽകി.. സംതൃപ്തി നൽകിയ മറ്റൊരു പ്രകടനം സിദ്ധീഖിന്റേതാണ്.. SI ഹബീബായി ഗംഭീര പ്രകടനം കാഴ്ചവെച്ച അദ്ധേഹത്തെ വെറും മൂന്നാംകിട ഹീറോയിസത്തിനായി അവസാന രംഗങ്ങളിൽ അടിച്ചമർത്തിയത് ഒട്ടും ബോധിച്ചില്ല.. ബാക്കിയുള്ളവരുടെ പ്രകടനങ്ങൾ ശരാശരി മാത്രം..


ഓം പ്രകാശ് നിർവ്വഹിച്ച ഛായാഗ്രഹണം നന്നായിരുന്നു..രാത്രിയുള്ള രംഗങ്ങളൊക്കെ മികച്ച് നിന്നു.. പശ്ചാത്തലസംഗീതം പലയിടങ്ങളിലും നന്നായപ്പോൾ ചിലയിടങ്ങളിൽ ശരാശരി മാത്രമായി..രണ്ട് ഗാനങ്ങളുള്ള ചിത്രത്തിലെ ആദ്യ ഗാനം ശരാശരി നിലവാരം പുലർത്തിയപ്പോൾ രണ്ടാമത്തേത് പരമ ബോറായിരുന്നു..ഷാൻ റഹ്മാനാണ് ഇവ കൈകാര്യം ചെയ്തത്..എഡിറ്റിംഗും വലിയ മെച്ചമായി തോന്നിയില്ല.. അവസാന ഫൈറ്റ് രംഗങ്ങളിലെ കല്ലുകടിയായ ഭാഗങ്ങൾ മാത്രം തിരഞ്ഞുപിടിച്ച് കയ്യടിച്ച ആരാധകരുടെ മാനസികാവസ്ഥ ചിത്രം കണ്ട ഒരാളെന്ന നിലയിൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ..

ചുരുക്കി പറഞ്ഞാൽ മുൻ ചിത്രങ്ങളായ ലോഹവും ലീലയും നൽകിയ സംതൃപ്തി പുത്തൻപണത്തെ വെച്ച് നോക്കുമ്പോൾ ബഹുദൂരം മുന്നിലാണ്..ആദ്യ പകുതി ചെറിയ രീതിയിൽ ബോറടിപ്പിച്ച് വലിച്ച് നീട്ടി എന്തിനോ വേണ്ടി ഇടവേളക്ക് വേണ്ടി നിർത്തിയപ്പോർ രണ്ടാം പകുതിയിൽ ഇതിലും വലുത് എന്തോ വരാനിരിക്കുന്നു എന്ന് തോന്നിയിരുന്നു..ഇഴച്ചിലിന്റെ വരമ്പുകൾ കടന്ന് ആദ്യമായി എന്നെ തീയേറ്ററിൽ ഉറക്കിയ ചിത്രം എന്ന പേര് സമ്പാദിക്കാനിരിക്കെ അനിയൻ തട്ടി വിളിച്ചത്കൊണ്ട് മാത്രം ഉണർന്ന എനിക്ക് ചിത്രം നൽകിയത് സമ്പൂർണ്ണ നിരാശ.. നല്ല ഒരു പ്രമേയം എങ്ങനെ നശിപ്പിക്കാം എന്നതിന് ഒരുത്തമ ഉദാഹരണം..അതാണ് പുത്തൻപണം..

My Rating:: ½

You Might Also Like

0 Comments