Sakhavu (2017) - 164 min
April 18, 2017ചുവപ്പിനോട് മനസ്സിൽ മതിപ്പും ബഹുമാനവുമുള്ള സമയത്താണ് ഞാൻ കോളേജിൽ പ്രവേശിക്കുന്നത്..എന്നാൽ ആദ്യ വർഷം തന്നെ അവർക്കെതിരായി ഇലക്ഷന് നിൽകേണ്ട ഒരു സാഹചര്യവും ഉണ്ടായി.. ആ സമയത്തുണ്ടായ സംഭവവികാസങ്ങളും മൂന്ന് വർഷത്തെ കോളേജ് ജീവിതവും എന്നിലെ പല തെറ്റിദ്ധാരണകളെയും മാറ്റിമറിക്കുന്നതായിരുന്നു..ഈ കാലഘട്ടത്തിൽ പല കുട്ടിസഖാക്കളും പാർട്ടിയിലേക്ക് വരുന്നത് അവരിലെ വിപ്ലവ ബോധം ഉണർന്നിട്ടല്ല..മറിച്ച് മറ്റുള്ളവരുടെ മുന്നിൽ ആളാവാനും ഷൈൻ ചെയ്യാനും ഗുണ്ടായിസം കാണിക്കാനുമൊക്കെ അവർക്ക് ധൈര്യം പകരുന്ന, അല്ലെങ്കിൽ ലൈസൻസ് കൊടുക്കുന്ന ഒരു നിറം മാത്രമാണ് അവർക്ക് ചുവപ്പ്.. മറ്റുചിലർക്കാകട്ടെ സ്ഥാനമാനങ്ങൾ എത്തിപ്പിടിക്കാനുള്ള ചവിട്ടുപടിയും..
സഖാക്കന്മാരിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞ് പോവുന്നത്.. പോയകാലത്ത് പീരുമേടിലെ ഹൈറേഞ്ചിൽ തോട്ടം മേഖലയിൽ തൊഴിലാളികളെ ഒരുമിപ്പിച്ച് അവരുടെ അവകാശത്തിനായി പോരാടിയ സഖാവ് കൃഷ്ണൻ എന്ന കറതീർന്ന കമ്മ്യൂണിസ്റ്റും മേലനങ്ങാതെ പണിയെടുത്ത് രാഷ്ട്രീയത്തിൽ വലിയ സ്ഥാനമാനങ്ങൾ സ്വപ്നം കണ്ട് നടക്കുന്ന യുവരക്തമായ സഖാവ് കൃഷ്ണകുമാറുമാണ് ആ രണ്ട് പേർ.. ഒരു യഥാർഥ കമ്മ്യൂണിസ്റ്റ് എങ്ങനെയായിരിക്കണമെന്ന് കൃഷ്ണനിലൂടെ കൃഷ്ണകുമാറിനെ ബോധ്യപ്പെടുത്തുന്നതാന്ന് 'സഖാവി'ന്റെ പ്രമേയം..മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കഴിയുന്ന കൃഷ്ണന് രക്തം ദാനം ചെയ്യാനുള്ള നിയോഗം ലദിക്കുന്ന കൃഷ്ണകുമാർ അദ്ധേഹത്തെ അടുത്തറിയുന്നതിലൂടെ ചിത്രം പുരോഗമിക്കുന്നു..
നിവിൻ പോളി അവതരിപ്പിച്ച കൃഷ്ണനും കൃഷ്ണകുമാറും അദ്ധേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങൾ തന്നെ..സേഫ് സോണിൽ നിന്ന് മാറി കഥാപാത്രം തിരഞ്ഞെടുത്ത നിവിൻ അഭിനന്ദനം അർഹിക്കുന്നുണ്ട്..ആകെ അസ്വസ്ഥത തോന്നിയത് പ്രായമായി ഒരു വശം തളർന്ന കൃഷ്ണൻ ആരോഗ്യവാന്മാരായ യുവാക്കളെ തല്ലുന്ന രംഗമാണ്.. സംവിധായകന്റെ പാവ ആണല്ലോ സിനിമയിൽ നടൻ.. അതിനാൽ തന്നെ നിവിനെ കുറ്റം പറയാൻ പറ്റുകേല..കൃഷ്ണകുമാറിന്റെ വാല് പോലെ നടന്ന മഹേഷിനെ അവതരിപ്പിച്ചത് പ്രേമത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ച അൽത്താഫ് ആണ്.. അദ്ധേത്തെ കൂട്ടുപിടിച്ച് പ്രേക്ഷകരിൽ ചിരിയുണർത്താൻ ശ്രമിക്കുന്ന സംവിധായകന്റെ വിഫല ശ്രമങ്ങൾ ചിത്രത്തിൽ കാണാൻ സാധിക്കും..ഗായത്രിക്ക് ഡബ് ചെയ്തത് മറ്റാരോ ആണെങ്കിലും അത് ഇഷ്ടപ്പെട്ടു..സ്വന്തം സ്വരത്തേക്കാളും ശൈലിയേക്കാളും നന്നായി ചേരുന്നുണ്ട്..ഐശ്വര്യ രാജേഷ്, ബൈജു, ശ്രീനിവാസൻ, അപർണ ഗോപിനാഥ് തുടങ്ങിയവർ മറ്റ് പ്രമുഖ വേഷങ്ങൾ കൈകാര്യം ചെയ്തു..
ദേശീയ അവാർഡ് ജേതാവായ സിദ്ധാർഥ് ശിവ ഇതുപോലൊരു പ്രമേയത്തിൽ ചിത്രമൊരുക്കുമ്പോൾ പറഞ്ഞ് ഫലിപ്പിക്കേണ്ട കാര്യങ്ങൾ എങ്ങനെ പറയണം എന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തിയിട്ടില്ല..കുറേ കാര്യങ്ങൾ സമയമെടുത്ത് പറഞ്ഞതല്ലാതെ സംവിധാനത്തിൽ വലിയ മികവ് തോന്നിച്ചില്ല..പഠനം കൂടിപ്പോയതും പ്രവൃത്തി കുറഞ്ഞു പോയതിന്റേതുമായ പോരായ്മകൾ നിഴലിച്ച് കാണാനാവും ചിത്രത്തിൽ.. ആയതിനാൽ തന്നെ ചിത്രം എനിക്ക് സമ്മാനിച്ചത് ശരാശരി സംതൃപ്തി മാത്രം..
0 Comments