Silenced (The Crucible) (2011) - 125 min

April 09, 2017


കേൾവിശക്തിയും സംസാരശേഷിയുമില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനായി മ്യൂജീനിലെ ബിനൊവെലൻസ് അക്കാഡമിയിൽ എത്തിയതാണ് Kang In-ho..താൻ ഏറെ ആഗ്രഹിച്ച ജോലി..ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും ജോലി നേടാനായതിൽ വളരെ സന്തോഷവാനായിരുന്നു അദ്ധേഹം..അടുത്ത പടിയെന്ന നിലക്ക് കുട്ടികളോട് അടുത്ത് പെരുമാറാനും മനസ്സിലാക്കുവാനും അദ്ധേഹം ശ്രമിച്ചു..എന്നാൽ എത്രത്തോളം അടുക്കാൻ ശ്രമിക്കുന്നുവോ അത്രത്തോളം അവർ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതാണ് അദ്ധേഹത്തിന് കാണാതായത്..

കാരണം തേടി അദ്ധേഹം കുട്ടികളെ പറ്റി ഒരു പഠനം തന്നെ നടത്തി..പലരും പല ചുറ്റുപാടിൽ നിന്ന് വന്നവർ..അനാഥരും ബുദ്ധിസ്ഥിരത ഇല്ലാത്തവരും എല്ലാം ഉൾപെട്ട ഒരു കൂട്ടം വിദ്യാർഥികൾ..എന്നാൽ ദിവസങ്ങൾ കഴിയുന്തോറും താനിപ്പോൾ അഭിമുഖീകരിക്കുന്ന വിദ്യാർഥികളുടെ യഥാർഥ അവസ്ഥ അദ്ധേഹം മനസ്സിലാക്കി തുടങ്ങി..ശരിക്കും ഞെട്ടിച്ച് കളഞ്ഞ അവസ്ഥ..

യഥാർഥ Hwang Ding-hyuk സംഭവങ്ങളെ ആസ്പദമാക്കി സംവിധാനം ചെയ്ത ചിത്രമാണ് Silenced.. ഈ സംഭവത്തെ തന്നെ കേന്ദ്രീകരിച്ച് കൊണ്ട് Gong Ji-young എഴുതിയ The Crucible എന്ന നോവലും ചിത്രം ഒരുക്കുന്നതിന് സഹായകമായിരുന്നു..അഞ്ച് വർഷത്തിലധികം നിരന്തര ശാരീരിക പീഢനത്തിനിരയാകേണ്ടി വന്നവരായിരുന്നു Gwanju Inhwa Schoolലെ വിദ്യാർഥികൾ.. എന്നാൽ അതൊരു കേസായി മാറിയപ്പോൾ കുറ്റവാളികൾക്ക് അർഹിച്ച ശിക്ഷ നൽകാൻ കോടതിക്ക് പറ്റിയില്ല എന്നതാണ് സത്യം..എന്നാൽ ഈ ചിത്രം റിലീസ് ആയതിന് ശേഷം കൊറിയയിൽ നടന്നത് നിയമങ്ങൾ വരെ തിരുത്തപ്പെടുത്തിയ സംഭവവികാസങ്ങളായിരുന്നു..

pedophile എന്ന പ്രമേയത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ പല ചിത്രങ്ങളും കണ്ടിട്ടുണ്ടെങ്കിലും ആ വാക്കിനോട് ഇത്രത്തോളം നീതി പുലർത്തിയ ഒരു ചിത്രം കണ്ടിട്ടില്ല..പ്രമേയത്തിൽ നിന്ന് അണുവിട വ്യതിചലിക്കാതെ പൂർണ്ണമായി അതെപ്പറ്റി തന്നെ പറഞ്ഞ് പോവാൻ തയ്യാറായ സംവിധായകന്റെ ധൈര്യം പ്രശംസനീയം..തിരക്കഥയും സംവിധാനവും ഒരാളായതിന്റെ എല്ലാ മേന്മയും ചിത്രത്തിൽ കാണാനുണ്ട്.. ഇങ്ങനെയൊരു സംഭവം പുറം ലോകത്തെ അറിയിച്ചതിന് അഭിനന്ദനം അർഹിക്കുന്നു സംവിധായകൻ..

കേന്ദ്രകഥാപാത്രമായ Kang In-hoനെ സ്ക്രീനിൽ ഗംഭീരമാക്കിയത് Gong Yoo ആണ്.. Train To Busanലൂടെ ഏവർക്കും പരിചിതമായ അദ്ധേഹത്തിന്റെ മികച്ച വേഷങ്ങളിൽ ഒന്ന് തന്നെ എന്ന് നിസ്സംശയം പറയാം ഇതിലെ കഥാപാത്രം.. എന്നാൽ ഇതിനും മുകളിൽ കയ്യടി വാങ്ങുകയും പ്രേക്ഷകരുടെ ഹൃദയം കവരുകയും ചെയ്ത മൂന്ന് കഥാപാത്രങ്ങളുണ്ട് ചിത്രത്തിൽ.. സ്കൂളിലെ കുട്ടികളെ അവതരിപ്പിച്ച Jung In-seo,Baek Seung-hwan,Kin Hyun-soo എന്നിവർ.. മനസ്സിൽ മായാതെ നിൽക്കുന്ന മൂന്ന് മുഖങ്ങൾ..അപാര അഭിനയപാടവമുള്ള മൂവരും ചിത്രത്തിന്റെ നട്ടെല്ല് തന്നെയായിരുന്നു എന്ന് പറയാം..ചിത്രത്തിന്റെ സാരാംശത്തെ പ്രേക്ഷകനിലേക്ക് അടുപ്പിക്കാൻ സഹായകമായത് ഇവരുടെ അഭിനയം കൂടിയാണ്..വില്ലൻ വേഷങ്ങൾ അഭിനയിച്ചവരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്..

ചിത്രം ഒരുക്കുന്നതിൽ ഛായാഗ്രാഹകന്റെയും സംഗീത സംവിധായകന്റെയും പൂർണ്ണപിന്തുണ കാഴ്ച്ചയിൽ വ്യക്തമാണ്..മനോഹരമായ ഫ്രെയിമുകളാൽ സമ്പന്നമാണ് ചിത്രം..ഓരോ രംഗത്തിനും അനുയോജ്യമായ ആങ്കിളുകളും ഷോട്ടുകളുമാണ് ചിത്രത്തിൽ ഉള്ളത്..പശ്ചാത്തല സംഗീതം അതിഗംഭീരം..ഓരോ സാഹചര്യവും അതേ വീര്യത്തോടുകൂടി പ്രേക്ഷകരിലേക്കെത്തിക്കാൻ സംഗീതം ഏറെ സഹായകമായി.. ഒറ്റ രംഗത്തിൽ പോലും മോശമായി എന്ന് തോന്നാത്തവിധം കൈയ്യടക്കത്തോടെയുള്ള പശ്ചാത്തലസംഗീതം..

ചെറിയ കാലാവധിയിലേക്കുള്ള ശിക്ഷ വിധിച്ച് കേസ് റദ്ധാക്കിയതിന് ശേഷമായിരുന്നു ചിത്രം റിലീസ് ചെയ്തത്..ജനങ്ങൾ ഇരു കൈയ്യും നീട്ടി ചിത്രം സ്വീകരിച്ചതോടെ ജനമധ്യത്തിൽ പ്രതിഷേധാഗ്നി ഉയർന്നു.. പൂട്ടിയ കേസ് ഫയൽ വീണ്ടും തുറക്കപ്പെട്ടു..ആ വർഷം തന്നെ സ്കൂൾ പൂട്ടാൻ ഉത്തരവിടുകയും മുൻ രക്ഷാധികാരിയെ 12 വർഷത്തെ തടവുശിക്ഷക്ക് വിധിക്കുകയും ചെയ്തു..സുപ്രധാനമായ പല വഴിത്തിരിവുകൾക്കും കാരണമായത്‌ സംവിധായകർ സമർഥമായി 'സിനിമ' എന്ന മാധ്യമത്തെ ഉപയോഗിച്ചതാണ്..കാട്ടുതീ പടർന്ന് പിടിക്കുന്നതിലും വേഗത്തിലാണല്ലോ ഇപ്പോൾ സിനിമ ജനങ്ങൾക്കിടയിൽ സംസാരവിഷയമാവുന്നത്..ധീരമായ ഈ പ്രയത്നത്തിന് A big Salute സംവിധായകന്.. ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു സിനിമാ അനുഭവം..അതാണ് Silenced..

My Rating:: ★★★★★

You Might Also Like

0 Comments