Stolen Daughters : Kidnapped By Boko Haram

November 06, 2018


#BringBackOurGirls. ഇതായിരുന്നു മിഷേൽ ഒബാമ തുടക്കമിട്ട ആ മൂവ്മെന്റിന്റെ പേര്. 276 കുട്ടികളെ തങ്ങളുടെ സ്‌കൂൾ ഹോസ്റ്റലിൽ നിന്നും ബൊക്കോ ഹറാം എന്ന ടെററിസ്റ്റ് ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയതിൽ ഖേദം രേഖപ്പെടുത്തിയും അതിനെതിരെ പ്രതിഷേധിച്ചും അനവധി നിരവധി പേർ രംഗത്ത് വന്നിരുന്നു. അവരുടെ കഥയാണ് ഈ ഡോക്യൂമെന്ററി. നൈജീരിയയുടെ പുത്രികളുടെ കഥ.

വർഷങ്ങൾക്ക് ശേഷം അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട നൂറോളം പെൺകുട്ടികൾ. അതിൽ ജീവിച്ചിരിക്കുന്നവർ നൂറിലും താഴെ. അവരുടെ അതിജീവനത്തിന്റെ കഥയാണ് HBOയുടെ ഈ ഡോക്യുമെന്ററിക്കാധാരം. എന്നാൽ രക്ഷപ്പെട്ടതിന് ശേഷവും അവർക്ക് പരിമിതികളുണ്ട്. തട്ടിക്കൊണ്ടുപ്പോയതിൽ പകുതിക്കും മേലെ കുട്ടികൾ ഇപ്പോഴും ബൊക്കോ ഹറാമിന്റെ പിടിയിൽ ഉള്ളപ്പോൾ ഇവർ ഇപ്പോഴും പൂർണ സ്വതന്ത്രരായിട്ടില്ല. സ്വന്തം വീട്ടുകാരെ കാണുന്നതിൽ പോലും അവർക്ക് നിയന്ത്രണമാണ്. അത്തരത്തിൽ ഒരുപാട് കഷ്ടതകൾ നിറഞ്ഞ അവരുടെ ജീവിതം. തങ്ങളുടെ ബാല്യവും ശൈശവവും യൗവ്വനവും ഒരു ടെററിസ്റ്റ് ഗ്രൂപ്പിൽ ചെലവഴിക്കേണ്ട വന്ന കുട്ടികൾ. ഇപ്പോഴും അവരുടെ കരാളവലയത്തിൽ ജീവിക്കുന്നവർ.

ഡോക്യൂമെന്ററിയുടെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് അത് ചിത്രീകരിച്ചിരിക്കുന്ന രീതിയാണ്. പലതിലും ഫിക്ഷണൽ ഫൂട്ടേജുകൾ ഉൾപ്പെടുത്തി അനുകമ്പ പിടിച്ചുപറ്റാനുള്ള ശ്രമം ദർശിക്കാനാവുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒറിജിനൽ ഫൂട്ടേജുകൾ ലഭ്യമായവ മാത്രം ഉൾപ്പെടുത്തി തിരക്കഥയൊരുക്കിയ രീതി അഭിനന്ദനാർഹമാണ്. ബാക്കിയുള്ളവയൊക്കെയും ആ പെൺകുട്ടികളുടെയും ഭരണാധികാരികളുടെയും ആക്ടിവിസ്റ്റുകളുടെയും വീഡിയോകളാണ്. ഒരുപക്ഷെ ഫിക്ഷണൽ ഫൂട്ടേജുകൾക്ക് നൽകാവുന്നതിനുമപ്പുറം ആഘാതം ഇവക്ക് നൽകാനാവുന്നുണ്ട്.

ആഭ്യന്തരകലാപങ്ങൾ നിരന്തരം റിപ്പോർട് ചെയ്യുന്ന ആ രാജ്യം എത്രത്തോളം ദുരിതത്തിലാണെന്ന വാർത്ത പലപ്പോഴും നമ്മുടെ കണ്മുന്നിലൂടെ പോയിട്ടുണ്ടാവാം. നൈജീരിയയുടെ ഭൂപ്രകൃതിയും ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഭാഗങ്ങളുമൊക്കെ വ്യക്തമായി കാണാനാവുന്നുണ്ട് ഡോക്യൂമെന്ററിയിൽ. അതോടൊപ്പം അവിടുത്തെ ബാല്യങ്ങളുടെ വളർച്ചയും. വിദ്യാഭ്യാസത്തിന് എത്രത്തോളം അവിടുത്തെ സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. അതിനായുള്ള അവരുടെ ശ്രമങ്ങളും അഭിനന്ദനാർഹം. അതോടൊപ്പം ഇപ്പോൾ അവർ ചലിച്ചുകൊണ്ടിരിക്കുന്ന സൂക്ഷമമായുള്ള പാതകൾ ഇനിയും പിടിയിലുള്ള പെൺകുട്ടികൾക്ക് മുതൽക്കൂട്ടാവുന്നതെങ്ങിനെയെന്നും കാണാം.

ഒരു ഡോക്യൂമെന്ററി എന്നതിനപ്പുറം ലോകം അറിയേണ്ട, ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം അതിന്റെ സകല തീവ്രതകളും ഉൾകൊണ്ട് പല ജീവിതങ്ങളിലൂടെ നമ്മോട് സംവദിക്കുമ്പോൾ അത് നമ്മുടെ മനസ്സിനെ സ്പർശിക്കും. സുഡാനി പറയുന്നത് പോലെ 'A Better World' എന്ന ഉട്ടോപ്യ പലരിലും ഒരു സ്വപ്നമായി മാത്രം അവശേഷിക്കുമ്പോൾ ആ പെൺകുട്ടികൾക്കായി മനസ്സിൽ ഒരു പ്രാർത്ഥന ഉയരും.

ഡോക്യൂമെന്ററി ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments