സർക്കാർ

November 07, 2018

"OMG, ഒരു വോട്ട് ചെയ്യാനാണ് ഇദ്ദേഹം ഇത്രയും പൈസ മുടക്കി പ്രൈവറ്റ് ജെറ്റിൽ വന്നിരിക്കുന്നത്"

വിജയ് ഇന്ത്യയിൽ ലാന്റ് ചെയ്യുമ്പോ ഒരു ന്യൂസ് റിപ്പോർട്ടർ പറയുന്ന ഡയലോഗാണ്. സത്യത്തിൽ പുള്ളിയുടെ പറച്ചിലിന്റെ അതിഭാവുകത്വം കേട്ട് കഴിച്ചുകൊണ്ടിരുന്ന പോപ്‌കോൺ വരെ വായിൽ നിന്ന് തെറിച്ച് പോയി. പിന്നെ വന്നതോ ഇമ്മാതിരി അതിഭാവുകത്വങ്ങളുടെ ഘോഷയാത്രയും.


🔻കത്തി, തുപ്പാക്കി എന്നീ സിനിമകൾ എന്നും പ്രിയപ്പെട്ടവയാണ്. ഒരുപാട് തവണ കണ്ടിട്ടുമുണ്ട് അവയൊക്കെയും. മുരുകദാസ് എന്ന സംവിധായകന്റെ ക്രാഫ്റ്റും വിജയ് എന്ന നടനെയും എന്റെർറ്റൈനെറേയും കൃത്യമായി കണ്ട്രോൾ ചെയ്ത് പോവുന്ന കാഴ്ച ഏത് പ്രേക്ഷകരെയും രസിപ്പിക്കത്തക്ക വിധത്തിലാണ്. കൈകാര്യം ചെയ്യുന്ന വിഷയത്തെ ഭംഗിയായി അവതരിപ്പിക്കുന്നതും കാണാൻ നല്ല ചേലാണ്. സർക്കാരിൽ സംവിധായകൻ തിരഞ്ഞെടുത്തിരിക്കുന്ന വിഷയം ഗംഭീരമാണ്. എന്നാൽ അവതരണത്തിൽ ആശയദാരിദ്ര്യത്തിന്റെ നിഴലിച്ച ഓരോ രംഗങ്ങളിലും പ്രകടമാണ്. അതും എല്ലാ വിഭാഗത്തിലും.

🔻കോർപ്പറേറ്റ് ക്രിമിനൽ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, ചെങ്കിസ് ഖാൻ എന്ന് മറ്റുള്ളവർ പുകഴ്ത്തി വിളിക്കുന്ന സുന്ദർ എന്ന കോർപ്പറേറ്റ് കിങ്ങ് തന്റെ വോട്ട് രേഖപെടുത്താനായി ചെന്നൈയിൽ എത്തുന്നു. എന്നാൽ വോട്ട് ചെയ്യാൻ പോവുന്ന നിമിഷമാണ് അദ്ദേഹം അറിയുന്നത് തന്റെ വോട്ട് മറ്റാരോ കള്ളവോട്ട് ചെയ്‌തെന്ന്. തുടർന്ന് തന്റെ അവകാശത്തിനായി അദ്ദേഹം പോരാടുന്നു. എന്നാൽ പ്രതീക്ഷകൾക്കപ്പുറത്തേക്ക് ആ പോരാട്ടം വളരുന്നു.

🔻വിജയ്‌യുടെ കഥാപാത്രത്തിന് നല്ല ബിൽഡപ്പ് കൊടുത്താണ് സിനിമ തുടങ്ങുന്നത്. ചിലതൊക്കെ അപാര തള്ളായി തോന്നിയെങ്കിലും മുഷിപ്പിച്ചില്ല. തുടർന്ന് വിജയ്യുടെ ഇൻട്രോയും അതിനോട് ചേർന്ന് ഒരു പാട്ടും(ഒരാവശ്യവുമില്ല) പിന്നെ ഇന്ത്യയിലേക്കുള്ള വരവുമൊക്കെയായി കഥ മുന്നോട്ട് പോയി. അവിടെ തുടങ്ങുന്ന ചില മാസ്സ് പരിവേഷങ്ങൾ, അതായത് വിജയ്യുടെ ബോഡി ലാംഗ്വേജും ഡയലോഗ് ഡെലിവറിയും ചില സമയങ്ങളിൽ കോമഡിയായി തോന്നി. സ്റ്റേജിലേക്കും ലൈവ് ടിവി ഷോയിലേക്കുമൊക്കെ രണ്ട് കയ്യും വിരിച്ച് വരുന്ന ആക്ഷനൊക്കെ എന്തൂട്ടിനായിരുന്നു. സിമ്പിളായി വന്ന് കേറാവുന്ന സീനൊക്കെ വെറുതെ ഓവറാക്കി ചളമാക്കിയ ഫീൽ ആണ് കിട്ടിയത്. അതിനിടക്ക് പിന്നേയും തിരുകിക്കയറ്റിക്കൊണ്ടിരുന്ന പാട്ടുകളും തീരെ രസിക്കാത്ത തരത്തിലുള്ള കൊറിയോഗ്രഫിയും ദൈർഖ്യം കൂടാൻ വേണ്ടി മാത്രം ഉപകരിച്ചവയായി. 'എതുക്ക് ഇന്ത ആട്ടം പാട്ടും'?

🔻തുപ്പാക്കിയിലും കത്തിയിലും സംവിധായകന്റേതെന്ന് പറയാവുന്ന ചില സിഗ്നേച്ചർ സീനുകൾ ഉണ്ടായിരുന്നു. അത് ആക്ഷൻ രംഗങ്ങളിലുൾപ്പടെ പ്രകടമായിരുന്നു. എന്നാൽ എല്ലാ തരത്തിലും അതിവിടെ മിസ്സിങ്ങാണ്. ആകെ തൃപ്തിപ്പെടുത്തിയത് ഇന്റർവെല്ലിന് മുമ്പുള്ള ആക്ഷൻ സീൻ മാത്രമാണ്. ഇന്റർവെൽ പഞ്ചിനായി മൂന്നാം തവണയും 'Im Waiting' ഇട്ട് മുരുഗദാസ് മാതൃകയായി. ഇയാൾക്ക് മാത്രം വെയിറ്റ് ചെയ്യാൻ ഇതിനുമാത്രം ടൈം എവിടുന്നാണോ..!

🔻രണ്ടാം പകുതി അൽപ്പം ഗൗരവകരമായി തന്നെ വിഷയത്തെ കൈകാര്യം ചെയുന്നുണ്ട്. എന്നാൽ അതിൽ പയറ്റിയിരിക്കുന്നതാവട്ടെ പഴകിത്തേഞ്ഞ ഫോർമുലയും. ആദ്യപകുതിയിൽ കളക്ടറേറ്റിന് മുന്നിൽ കുടുംബം ആത്മഹത്യ ചെയ്ത രംഗമൊക്കെ ഒരു ഇമ്പാക്റ്റും ഉണ്ടാക്കാതെ കടന്നുപോയപ്പോൾ അത്ര പോലും അതിനോളം ഇഫക്റ്റ് ഉണ്ടാക്കുന്ന ഒരു രംഗം പോലും രണ്ടാം പകുതിയിൽ കാണാൻ സാധിക്കില്ല. ക്രിയേറ്റിവ് ആയ യാതൊന്നും ചികഞ്ഞ് നോക്കിയാൽ കാണില്ല. സോഷ്യൽ മീഡിയ റെവല്യൂഷൻ സെക്കന്റുകൾ കൊണ്ട് നടപ്പിലാക്കുന്നതൊക്കെ എത്ര തവണ കണ്ടുമടുത്ത കാഴ്ച്ചയാണാവോ. പുതിയ മാർഗത്തിനായി സംവിധായകൻ ഒന്ന് ചിന്തിച്ചുപോലുമുണ്ടാവില്ല എന്ന് വ്യക്തമാണ് ഇത്തരം രംഗങ്ങളിൽ. കാരണം രണ്ടാം പകുതി ഭൂരിഭാഗവും സോഷ്യൽ മീഡിയ വലിയ ഒരു റോൾ പ്ലേ ചെയ്യുന്നുണ്ട്. അൽപ്പമെങ്കിലും വിശ്വസനീയമാം വിധം കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ടേനെ.

🔻വരലക്ഷ്മിയുടെ കഥാപാത്രമാണ് സുന്ദറിനോട് കിടപിടിക്കത്തക്ക ഒന്നായി ഫീൽ ചെയ്യുന്നത്. എന്നാൽ ക്ലൈമാക്സിൽ വായും മൂടി പോവുന്നത് കണ്ടപ്പോൾ ആ പ്രതീക്ഷയും പോയി. കൂടെ പൂമ്പാറ്റ പറക്കുന്നത് കണക്കെ സ്കോർപ്പിയോയൊക്കെ പറന്ന് നടക്കുന്നത് കണ്ടപ്പോൾ സത്യമായും തീർന്ന് കിട്ടണമേ എന്നായി പ്രാർത്ഥന. ഇത്ര നല്ല തീമിനെ ഇങ്ങനെ നശിപ്പിക്കുന്നത് കണ്ടപ്പോൾ തീരെ സഹിച്ചില്ല. കീർത്തി സുരേഷ് എല്ലാ സിനിമകളിലും നോക്കുകുത്തി വേഷം കൃത്യമായി തിരഞ്ഞെടുക്കുന്നു എന്നുള്ളത് അത്ഭുതം തന്നെ. ഒരു കാര്യവും ഉണ്ടായില്ല ആ കഥാപാത്രം കൊണ്ട്.

🔻ചില ഡയലോഗുകൾ മികവ് പുലർത്തുന്നുണ്ട്. അതാണ് സിനിമയിലെ ഏറ്റവും പോസിറ്റിവ് ആയി തോന്നിയത്. സിനിമയുടെ രാഷ്ട്രീയം ഡയലോഗുകളിൽ മാത്രമായി ഒതുങ്ങിപ്പോവുകയും ചെയ്യുന്നുണ്ട്. ചില മാസ്സ് രംഗങ്ങളും കൊള്ളാം. ബാക്കിയുള്ളവ അനാവശ്യമായി കുത്തിക്കയറ്റിയതായി തോന്നി. അവിടെയൊക്കെ ഒന്ന് പിടിച്ചുകയറി വരുമ്പോൾ റഹ്മാൻ ടോപ്പും ടക്കറുമായി എത്തും. സിനിമ കഴിഞ്ഞപ്പോൾ ഏറ്റവും വിഷമം തോന്നിയത് റഹ്മാന്റെ കാര്യത്തിലായിരുന്നു. സംഗീതത്തെ ഇഷ്ടപ്പെടാൻ കാരണമായ വ്യക്തി തന്നെ പല രംഗങ്ങളുടെയും ആസ്വാദനം നഷ്ടപ്പെടാൻ കാരണമായ കാര്യം ആലോചിച്ചപ്പോ. കൂടെ ഒട്ടും രസകരമല്ലാത്ത പാട്ടുകളും. 'ഒരു വിരൽ' എന്ന പാട്ട് മാത്രമാണ് സിനിമയിൽ ആവശ്യമായി വരുന്നത്. ടോപ്പ്-ടക്കർ ഒഴികെ ബാക്കിയുള്ള ഭൂരിഭാഗം ബിജിഎമ്മും നന്നായിരുന്നു. ക്യാമറവർക്കും നന്നായിട്ടുണ്ട്. പ്രത്യേകിച്ച് ഇന്റർവെൽ ഫൈറ്റ്. വെട്ടിമാറ്റാവുന്ന കുറെ രംഗങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ ഭദ്രമായി അവിടെത്തന്നെ വെച്ചിട്ടുണ്ട്.

🔻വിജയ് സിനിമകളെ സമീപിക്കുമ്പോൾ വേണമെന്ന് പറയാറുള്ള മുൻകരുതലുകളുടെ നീണ്ട ലിഷ്ട മനസ്സിൽ ഉണ്ടായിട്ടും 15 ദിവസം കൊണ്ട് തമിഴ്‌നാട്ടിൽ ഉട്ടോപ്യ സൃഷ്ടിക്കുന്ന വിജയ്യുടെ ദീപാവലി കൈനീട്ടം തീർത്തും നിരാശയാണ് നൽകിയത്. എല്ലാം കൊഞ്ചം ഓവറാക്കിയ മുരുഗദാസിന്റെ തെറ്റ് തന്നെയാണെന്ന് സിനിമയിലുടനീളം കാണാനാവുമ്പോൾ ക്രിയേറ്റിവ് ആയ പുതിയ ആശയങ്ങളും അവതരണരീതികളുമായി വീണ്ടും അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു.

🔻FINAL VERDICT🔻

"റൊമ്പ ദൂരം പോയിട്ടിയാ മുരുഗദാസ്."
"കത്തിയിൽ എങ്കെ നിർത്തിയോ അതുക്കും പിന്നാടി താൻ നിക്കിറേൻ വിജയ്"
'ഇത് താൻ നമ്മ സർക്കാർ'

MY RATING :: ★½

പിന്നെ രാഷ്ട്രീയം നോക്കി പടം കാണാൻ പറയുന്നവരോട്. മേൽപറഞ്ഞത് പോലെ സർക്കാരിന്റെ രാഷ്ട്രീയത്തിന് നിറഞ്ഞ കയ്യടികൾ നൽകുന്നു. എന്നാൽ കൈകാര്യം ചെയ്യുന്ന വിഷയത്തിന് മാത്രമായി ഒരു സിനിമയെ പൊക്കി പറയാൻ പഠിച്ചിട്ടില്ല. അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലും കാര്യമുണ്ട് എന്നാണ് എന്റെ പക്ഷം. 

You Might Also Like

0 Comments