ജോസഫ് : Man With The Scar

November 19, 2018



കേന്ദ്രകഥാപാത്രം പ്രേക്ഷകരോട് എത്രയേറെ സംവദിക്കുന്നുന്നുവോ അത്രയേറെ നമ്മിലേക്ക് ആഴ്ന്നിറങ്ങും അവരുടെ ജീവിതം. കഥാപാത്രരൂപീകരണം പല സിനിമകളിലും കേവലം പ്രഹസനം മാത്രമായി ഒതുങ്ങുമ്പോൾ ചില സിനിമകൾ അതിൽ മികവ് പുലർത്തും. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ജോസഫ്.

🔻STORY LINE🔻

ജോസഫ് എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ജോസഫ്. ജോലിയിൽ നിന്ന് വിരമിച്ചിട്ടും പലപ്പോഴും അയാളുടെ വൈദഗ്ധ്യം ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെടുന്നുണ്ട്. പ്രായത്തിന്റെ അസ്വസ്ഥത ബുദ്ധികൂർമ്മതയിൽ തീരെ ബാധിച്ചിട്ടില്ല എന്നതിന് തെളിവായി തുടക്കം തന്നെ ഒരു കേസന്വേഷണം കാണിക്കുന്നുണ്ട്. അവിടെ നിന്ന് പിന്നെ സഞ്ചരിക്കുക അദ്ദേഹത്തിന്റെ ഭൂതകാലത്തേക്കാണ്. മനസ്സിൽ പല പോറലുകളും ചാർത്തിയ ദുരന്തങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ്.

🔻BEHIND SCREEN🔻

ഒരു ഇമോഷണൽ ത്രില്ലർ എന്ന ലേബലാണ് ജോസഫിന് ഏറ്റവും നന്നായി യോജിക്കുക. കഥാപാത്രത്തെ അത്ര ഇമോഷണലായി പ്രേക്ഷകരിലേക്ക് എത്തിക്കുകയും പിന്നീട് ത്രില്ലർ ട്രാക്കിലേക്ക് കടക്കുകയും ചെയ്യുമ്പോൾ ഒരിക്കലും മനസ്സ് നിരാശപ്പെടില്ല. കാരണം സംവിധായകൻ എന്ത് പറയാൻ ഉദ്ദേശിച്ചുവോ അത് പൂർണ്ണമായി പ്രേക്ഷകനിലേക്ക് എത്തിക്കുവാൻ തുടക്കം മുതൽ ഒടുക്കം വരെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എം പത്മകുമാറിന്റെ ഒരു വൻ തിരിച്ചുവരവാണ് ജോസഫ് എന്ന് നിസ്സംശയം പറയാം.

ഷാഹി കബീർ എന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരുക്കിയ തിരക്കഥ പക്വവും അതോടൊപ്പം ഫ്രഷ്‌നെസ്സ് നിറഞ്ഞ ഒന്നുമാണ്. കഥ എന്താവശ്യപ്പെടുന്നുവോ അത് മാത്രമാണ് രണ്ടരമണിക്കൂർ നമുക്ക് കാണാനാവുക. അതിനിടയിൽ പേസിങ്ങ് ഒരു വിഷയം ആയേക്കാമെങ്കിലും അതുമായി ഇഴുകിച്ചേർന്നാൽ ആസ്വാദനത്തിൽ വ്യാപ്തി കണ്ടെത്താനാവും. അദ്ദേഹം ഉൾപ്പെടുത്തിയ അന്വേഷണവശങ്ങൾ ഓരോന്നും തൃപ്തിപ്പെടുത്തുന്നുണ്ട്. പരമാവധി റിയലിസ്റ്റിക് ആയിത്തന്നെ ഭൂരിഭാഗവും അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. കഥാപാത്രങ്ങൾ തമ്മിലുള്ള  വൈകാരിക ബന്ധങ്ങൾ കാണിക്കുന്ന രംഗമൊക്കെ മനോഹരമെന്നേ പറയാനുള്ളൂ.പൂർണ്ണ തീവ്രതയിൽ തന്നെ ജോസഫിന്റെ ജീവിതത്തിലെ ഹർഷസംഘർഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ തിരക്കഥാകൃത്തിനും സംവിധായകനും സാധിച്ചിട്ടുണ്ട്.

കേവലം ഒരു വ്യക്തിയെയോ വില്ലനെയോ കേന്ദ്രീകരിക്കാതെ പറയാനുദ്ദേശിച്ച വിഷയത്തോട് പൂർണ്ണ നീതി പുലർത്തുന്ന അവതരണം സിനിമയിലുടനീളം കാണാം. മറ്റ് കുറ്റാന്വേഷണചിത്രങ്ങളിൽ നിന്ന് ജോസഫിനെ ഒരു പരിധി വരെ വേറിട്ട നിർത്തുന്ന ഘടകം അത് തന്നെയാണ്.  ജോസഫ് എന്ന വ്യക്തിയെ ഒരു ഹീറോയിക് പരിവേഷത്തിന് വിടാതെ വെളിച്ചത്ത് കൊണ്ടുവരാൻ ആഗ്രഹിച്ച കാലികപ്രസക്തിയുള്ള വിഷയത്തിൽ ഊന്നിയ കഥപറച്ചിൽ വൃത്തിയായി, പല കാര്യങ്ങളുമായും ഭംഗിയായി യോജിപ്പിച്ച് ക്ലൈമാക്സിൽ അവതരിപ്പിക്കുമ്പോൾ മനസ്സിൽ നിന്ന് പെട്ടെന്ന് ഇറക്കിവിടാൻ സാധിക്കാത്ത ഒരുവനായി അദ്ദേഹം നിലനിൽക്കും.

ഒരു പോരായ്മയായി തോന്നിയത് പലയിടങ്ങളിൽ വരുന്ന ജോജുവിന്റെ വോയ്‌സ് ഓവറാണ്. അതിൽ ഭൂരിഭാഗവും ഒരു കുറിപ്പ് വായിക്കുന്ന ലാഘവത്തോടെ മാത്രം വരുന്ന ഒന്നായി തോന്നി. അവിടെ മാത്രം അൽപ്പം വ്യാപ്തി നഷ്ടപ്പെടുന്നുണ്ട്. എന്നിരുന്നാലും തൃപ്തി മാത്രമാണ് ഒടുക്കം ഫലം.

🔻ON SCREEN🔻

ജോജുവിന് തന്റെ കരിയറിൽ കിട്ടിയ ഏറ്റവും മികച്ച വേഷവും അദ്ദേഹത്തിന്റെ ഏറ്റവും ഗംഭീര പ്രകടനവുമാണ് ജോസഫ്. സൈഡ് റോളുകളിൽ പലപ്പോഴും ഒതുങ്ങേണ്ടി വന്ന ജോജുവിനെ ഇനിയുമാരും ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് അടിവരയിടുന്നുണ്ട് ജോസഫ് എന്ന കഥാപാത്രം. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ ശാരീരിക അസ്വസ്ഥതകളടക്കം അദ്ദേഹത്തിൽ പ്രകടമായിരുന്നു. സ്ത്രീ കഥാപാത്രങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം ആവശ്യം വരുന്നില്ല ചിത്രത്തിൽ. എങ്കിലും ഉള്ളത് നന്നായി. ദിലീഷ് പോത്തൻ നല്ലൊരു വേഷം കൈകാര്യം ചെയ്തു.

🔻MUSIC & TECHNICAL SIDES🔻

അഞ്ച് പാട്ടുകൾ സ്ഥാനം പിടിക്കുന്ന ചിത്രത്തിൽ ഒന്നും അനാവശ്യമായി തോന്നിയില്ല. മാത്രമല്ല അവയെല്ലാം കേൾക്കാൻ ഇമ്പമുള്ളതും സാഹചര്യത്തോട് ചേർന്ന് നിൽക്കുന്നതുമാണ്. പല സന്ദർഭങ്ങൾക്കും ആക്കം കൂട്ടുന്ന വൈകാരികമായ പശ്ചാത്തലസംഗീതം മനോഹരമെന്നേ പറയാനുള്ളൂ. കൂടെ പല ഷോട്ടുകളാലും കാഴ്ചക്ക് മികവേകുന്ന ഛായാഗ്രഹണവും ജോസഫിന് ജീവനേകുന്നുണ്ട്.

🔻FINAL VERDICT🔻

നെരിപ്പോടിൽ പുകയുന്ന ഒരു ജീവിതമാണ് ജോസഫ്. ഒരുപക്ഷെ സിനിമ കഴിഞ്ഞാലും വേഗം മനസ്സിൽ നിന്ന് കുടിയിറക്കാൻ സാധിക്കാത്ത വിധം സ്പർശിച്ച ഒന്ന്. വളരെ വൃത്തിയും വെടിപ്പുമായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം എല്ലാ അർത്ഥത്തിലും  ഈ വർഷത്തെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താം.

MY RATING :: ★★★½

You Might Also Like

0 Comments