മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എന്നെ തൃപ്തിപ്പെടുത്തി മലയാളസിനിമയുടെ എണ്ണം കുറവാണെന്ന് പറയേണ്ടി വരും. പ്രതീക്ഷ വെച്ച് പുലർത്തിയ പേരുകൾ പോലും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടുന്ന അനുഭവങ്ങൾ സമ്മാനിച്ചതാണ് ഏറ്റവും വിഷമകരം. മുൻ വർഷങ്ങളിൽ Top 10 എന്ന പട്ടിക പൂർത്തിയാക്കാൻ തക്ക നല്ല അനുഭവങ്ങൾ ഉണ്ടായപ്പോൾ ഈ വർഷം അതുപോലും തികക്കാനായില്ല എന്നതാണ് വസ്തുത. എങ്കിലും തൃപ്തിപ്പെടുത്തി ചിത്രങ്ങൾ താഴെ കൊടുക്കുന്നു.
1. കുമ്പളങ്ങി നൈറ്റ്സ്
കുമ്പളങ്ങിയോളം ഹൃദയം കവർന്ന മറ്റൊരു ചിത്രം ഈ വർഷം ഉണ്ടായിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. നാല് സഹോദരന്മാരുടെ ജീവിതം ശ്യാം പുഷ്ക്കരൻ രചിക്കുകയും മധു നാരായണൻ അഭ്രപാളികളിൽ പകർത്തുകയും ചെയ്തപ്പോൾ പകരം വെക്കാനാവാത്ത അനുഭവം സമ്മാനിച്ച് കുമ്പളങ്ങിയിലെ മായാരാത്രികൾ. Male Chauvinism ഇത്ര കൃത്യമായും രസകരമായും അവതരിപ്പിച്ച ചിത്രം വേറെയുണ്ടാവില്ല. ഷമ്മിയെന്ന കഥാപാത്രത്തിന്റെ പോട്രെയൽ ഫഹദിലൂടെ പൂർണ്ണത കൈവരിച്ചപ്പോൾ സൗബിനും ഷെയ്നും സമാനതകളില്ലാത്ത പ്രകടനങ്ങളിലൂടെ മനസ്സ് കവർന്നു. ഈ വര്ഷം എന്നെ ഏറ്റവും തൃപ്തിപ്പെടുത്തിയ ചിത്രമായി മാറി കുമ്പളങ്ങി നൈറ്റ്സ്. രണ്ട് തവണ തീയേറ്ററിലും വിരലിലെണ്ണാവുന്നതിലും അധികം തവണ മറ്റ് വഴികളിലൂടെയും എന്നിലെ കാഴ്ചക്കാരനെ കുമ്പളങ്ങിയിൽ എത്തിക്കാനും ചിത്രത്തിനായി.
കൂടുതൽ വായനക്ക് Click Here
2. മൂത്തോൻ
മറക്കാനാവാത്ത, എന്നാൽ ഒരിക്കൽ കൂടി കാണാൻ മനസ്സ് അനുവദിക്കാത്ത അനുഭവമാണ് മൂത്തോൻ സമ്മാനിച്ചത്. പ്രതിഭാശാലികളായ ഒരു കൂട്ടം ആളുകളുടെ കരവിരുത് അടയാളപ്പെടുത്തുന്ന ചിത്രമാണ് മൂത്തോൻ. സംവിധായിക ഗീതു മോഹൻദാസിൽ തുടങ്ങി നായകവേഷം കൈകാര്യം ചെയ്ത നിവിൻ പോളിയടക്കം ആ ലിസ്റ്റിൽ പെടും. മലയാളസിനിമ മുന്നോട്ട് വെക്കാൻ മടിക്കുന്ന, അല്ലെങ്കിൽ കാണികൾ ജാള്യതയോടെ നോക്കിക്കാണുന്ന പ്രമേയത്തെ ദൃശ്യഭാഷ്യത്തിലെ മികവ് കൊണ്ട് ഗംഭീര അനുഭവമാക്കുന്നുണ്ട് സംവിധായിക. രണ്ട് തരത്തിലുള്ള കഥാപാത്രങ്ങളായി നിവിൻ പോളിയെന്ന നടന്റെ ക്യാലിബർ സിനിമയിൽ കാണാനായപ്പോൾ അത്ഭുതപ്പെടുത്തും വിധമാണ് ആ കഥാപാത്രത്തെ ഉൾക്കൊള്ളാനായത്. റോഷൻ മാത്യുവിന്റെ പ്രകടനവും എടുത്ത് പറയേണ്ടത് തന്നെ. കണ്ട് കഴിഞ്ഞപ്പോൾ മനസ്സിനെ പൂർണ്ണമായി ഉലച്ച ചിത്രങ്ങളിൽ ഒന്നായി മൂത്തോൻ.
3. ഇഷ്ക്
ഈ വർഷം തീയേറ്ററിൽ കാണാൻ സാധിക്കാഞ്ഞതിൽ അതീവദുഃഖം തോന്നിയ സിനിമയാണ് ഇഷ്ക്. സിനിമ മുന്നോട്ട് വെക്കുന്ന പൊളിറ്റിക്സിലായാലും അതിന്റെ അവതരണത്തിലായാലും എന്നെ എന്തെന്നില്ലാതെ തൃപ്തിപ്പെടുത്താൻ ചിത്രത്തിനായി. തീരെ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പെൺപൊളിറ്റിക്സിന്റെ അവതരണം അക്ഷരാർത്ഥത്തിൽ കയ്യടിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു. വ്യകതമായ കഥാപാത്രനിർമ്മിതിയിലൂടെ കേന്ദ്രകഥാപാത്രങ്ങളെ നമ്മിലേക്ക് എത്തിക്കുകയും തുടർന്ന് മനസികപിരിമുറുക്കം തോന്നിക്കും വിധം സന്ദർഭങ്ങളിലൂടെ നയിക്കുകയും ചെയ്തപ്പോൾ ഒരു ത്രില്ലർ കാണുന്ന അതേ അനുഭൂതിയിലായിരുന്നു ഞാൻ. ഭൂരിഭാഗം കാണികളെയും തൃപ്തിപ്പെടുത്താൻ നോക്കാതെ വ്യക്തമായ പൊളിറ്റിക്കൽ അപ്രോച്ചിലൂടെ തൻ ഉദ്ദേശിച്ച കാര്യം സമൂഹത്തിലേക്കെത്തിച്ച സംവിധായകന് കയ്യടികൾ.
4. തമാശ
റീമേക്ക് എന്നതിന്റെ നിർവചനം പൊളിച്ചെഴുതുകയായിരുന്നു എന്നെ സംബന്ധിച്ച് തമാശ. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് എന്നിലെ ഇഷ്ടം സമ്പാദിച്ച സിനിമയാണ് Ondu Motteya Kathe. അതിനെ പൂർണ്ണമായി മലയാളത്തിലേക്ക് എടുക്കാതെ തന്റെ വ്യക്തമായ കയ്യൊപ്പ് പതിപ്പിക്കുന്നുണ്ട് സംവിധായകൻ തമാശയിലൂടെ. ഗൗരവകരമായ പ്രമേയത്തെ തെല്ലും ഓവറാക്കാതെ ലാളിത്യത്തോടെയും സരസമായും അവതരിപ്പിക്കുന്നതിൽ അഷ്റഫ് ഹംസ എന്ന സംവിധായകൻ വിജയിച്ചു. മനസ്സിന് നനുത്ത സുഖവും പൂർണ്ണ തൃപ്തിയും സമ്മാനിക്കാൻ തമാശക്കായപ്പോൾ പ്രകടനങ്ങളിലൂടെ വിനയ് ഫോർട്ടും ചിന്നുവും പകരംവെക്കാനില്ലാത്ത അഭിനേതാക്കളായി. കാണികളെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും വക നൽകുന്ന സിനിമകളുടെ ലിസ്റ്റിൽ തമാശയും ഇടംപിടിച്ചു.
5. ഉണ്ട
ശക്തമായ രാഷ്ട്രീയം വെച്ചുപുലർത്തി കാണികളുമായി സംവദിക്കുന്ന സിനിമയെന്ന രീതിയിൽ ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ് ഉണ്ടയെന്ന ചിത്രം. ഭരണഗൂഢവുമായി കലഹിക്കുന്നവരെ മാവോയിസ്റ്റുകളായും കലാപകാരികളായും ചാപ്പ കുത്തുന്ന രാജ്യത്ത് ഇത്തരമൊരു പ്രമേയം മുന്നോട്ട് വെക്കാൻ കാണിച്ച ധൈര്യം അഭിനന്ദിക്കാതെ വയ്യ. രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനായി ജനാധിപത്യവിശ്വാസികൾ ഒന്നടങ്കം മുന്നോട്ട് വരുന്ന ഈ സാഹചര്യത്തിൽ ഈ ചിത്രം എത്രമാത്രം പ്രസക്തമാണെന്ന് പറഞ്ഞ് തരേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. റിയലിസ്റ്റിക്കായ അവതരണത്തിലൂടെ കുറെ പച്ചയായ ജീവിതങ്ങളെ കാട്ടിത്തരാൻ ചിത്രത്തിനായി. മമ്മൂട്ടിയെന്ന നടന്റെ മികച്ച പ്രകടനത്തിന് സാക്ഷിയാവാനും ചിത്രം സഹായിച്ചു.
6. ജല്ലിക്കെട്ട്
ജല്ലിക്കെട്ട് സമ്മാനിച്ച തീയേറ്റർ അനുഭവം മുൻമാതൃകകൾ ഇല്ലാത്തതായിരുന്നു. ഇനി അങ്ങനെയൊന്ന് ഉണ്ടാവുമോ എന്നും അറിയില്ല. 'No Plans To Change, No Plans To Impress' എന്ന തന്റെ വാക്കുകളെ മുറുക്കിപ്പിടിക്കുന്ന സംവിധായകൻ ലിജോ ജോസ് എന്ന് ഓരോ ചിത്രം കഴിയുമ്പോഴും അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സ്ക്രിപ്റ്റ് വർക്കുകളിലെ കൺവെൻഷണൽ രീതികളെ കാറ്റിൽ പറത്തി സംവിധായകൻ എന്ന രീതിയിൽ ലിജോ ജോസ് സർവ്വാധിപത്യം സ്ഥാപിക്കുന്ന കാഴ്ചയായിരുന്നു ജല്ലിക്കെട്ടിൽ കാണാതായത്. സിവിലൈസ്ഡ് എന്ന് നാം വീമ്പ് പറയുമ്പോഴും ആദിമ മനുഷ്യനിൽ നിന്ന് തെല്ലും വ്യതിചലിച്ചിട്ടില്ല എന്ന് സംവിധായകൻ സ്ഥാപിക്കുമ്പോൾ അഭിനേതാക്കളുടെ പ്രകടനങ്ങളിൽ ഒഴികെ മറ്റെല്ലാ അർത്ഥത്തിലും പൂർണ്ണമായി തൃപ്തിപ്പെടുത്താൻ ചിത്രത്തിനായി.
7. കെട്ട്യോളാണ് എന്റെ മാലാഖ.
ഏതൊരാളും തുറന്ന് പറയാൻ മടിക്കുന്ന ഗൗരവകരമായ പ്രമേയത്തെ കുടുംബപ്രേക്ഷകർക്ക് ഒന്നടങ്കം ആസ്വദിക്കാൻ സാധിക്കും വിധം ഭംഗിയായ അവതരണത്തിലൂടെ പൂർണ്ണമായി തൃപ്തിപ്പെടുത്തിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ഒരു വ്യക്തിയുടെ, സമൂഹത്തിന്റെ വളർച്ചയിൽ 'Sex Education'ന് എത്രത്തോളം പങ്കുണ്ട് എന്ന് വ്യക്തമായി കാട്ടിത്തരുന്നുണ്ട് ചിത്രം. ഇങ്ങനെയും ഈ വിഷയത്തെ അവതരിപ്പിക്കാമോ എന്ന് അത്ഭുതം കൂറും വിധം എന്നിലെ ആസ്വാദകനെ അതിശയിപ്പിച്ചു ചിത്രം. സാന്ദർഭിക നർമ്മങ്ങളാലും സരസമായ സംഭാഷണങ്ങളാലും നമുക്ക് ചുറ്റുമുള്ളവരെന്ന് തോന്നിക്കുന്ന കഥാപാത്രങ്ങളാലും മനം കവരാൻ ചിത്രത്തിനായി. ആസിഫലി എന്ന നടന്റ വളർച്ചയിൽ വലിയൊരു പങ്ക് സ്ലീവാച്ചൻ എന്ന കഥാപാത്രത്തിനുണ്ട്. അത്ര ഭാവഭദ്രമായിരുന്നു ആ കഥാപാത്രം.
8. തണ്ണീർമത്തൻ ദിനങ്ങൾ.
ഈ വർഷത്തെ സർപ്രൈസ് ഹിറ്റ്. ഗോദക്ക് ശേഷം ഏറ്റവും ചിരിച്ചുല്ലസിച്ച് കണ്ട സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ഈ വർഷം ഏറ്റവും കൂടുതൽ തവണ തീയേറ്ററിൽ കണ്ട ചിത്രം. ഓരോ രംഗങ്ങളിലും നൊസ്റ്റാൾജിയ സമ്മാനിച്ച, തുടക്കം മുതൽ ഒടുക്കം വരെ ഫ്രഷ്നെസ്സ് നിറഞ്ഞ് നിൽക്കുന്ന, ഓരോ ഡയലോഗിലും ഹ്യൂമർ ഉൾകൊള്ളുന്ന മികച്ച ചിത്രം. ലളിതമായ കഥയെ ഏത് പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാനാകും വിധം മനോഹരമായി അവതരിപ്പിച്ചിടത്ത് തന്റേതായ സ്ഥാനം കണ്ടെത്തുന്നുണ്ട് ചിത്രം. കിടിലൻ പ്രകടനങ്ങളുമായി നിറഞ്ഞ് നിൽക്കുന്ന കഥാപാത്രങ്ങളും ഇമ്പമുള്ള ഗാനങ്ങളും മനോഹരമായ ഫ്രെയിമുകളുമൊക്കെയായി മനസ്സിന് സന്തോഷം മാത്രം സമ്മാനിക്കുന്ന ചിത്രം. ഇനിയും പ്രതീക്ഷ വെക്കാവുന്ന തിരക്കഥാകൃത്തുക്കളെയും സംവിധായകനെയും ചിത്രം സമ്മാനിച്ചു.
ഇവ കൂടാതെ മലയാളത്തിന്റെ coming of age സിനിമയായി കൂട്ടാവുന്ന 'ജൂൺ', സൈക്കോളജിക്കൽ ത്രില്ലറായി ടെക്നിക്കലി നല്ലൊരു തീയേറ്റർ അനുഭവമായ 'അതിരൻ', ശരാശരിയിൽ ഒതുങ്ങിയ തിരക്കഥയെ സംവിധാനമികവ് കൊണ്ട് അടയാളപ്പെടുത്തിയ 'ഉയരെ', പ്രതീക്ഷക്ക് വിപരീതമായി ഹൃദ്യമായ അനുഭവം സമ്മാനിച്ച 'ലൂക്ക', സുരാജിന്റെയും രജിഷയുടെയും മികച്ച പ്രകടനങ്ങൾ കൊണ്ട് സമ്പന്നമായ സ്പോർട്ട്സ് മൂവി 'ഫൈനൽസ്', സരസമായ അവതരണം കൊണ്ടും ഹാസ്യരംഗങ്ങൾ കൊണ്ടും ചിരി സമ്മാനിച്ച 'ജനമൈത്രി', ഫീൽ ഗുഡ് ജേണറിൽ സന്തോഷിപ്പിച്ച 'മനോഹരം', സുരാജിന്റെ അതിഗംഭീര പ്രകടനം കൊണ്ടും കൈകാര്യം ചെയ്ത പ്രമേയം കൊണ്ടും ശ്രദ്ധ നേടിയ 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ Version 5.25', സർവ്വൈവൽ ജേണറിൽ തൃപ്തി നൽകിയ 'ഹെലൻ', ടോക്സിക്ക് റിലേഷൻഷിപ്പുകളെ പറ്റി ശക്തമായ ഭാഷയിൽ സംസാരിച്ച 'Stand Up', എന്നീ ചിത്രങ്ങളും മികച്ച അനുഭവങ്ങൾ തന്നെയായിരുന്നു. ഫെസ്റ്റീവ് സീസണിൽ 'ഡ്രൈവിങ്ങ് ലൈസൻസ്' തൃപ്തിപ്പെടുത്തിയപ്പോൾ ;പ്രതി പൂവൻകോഴി' ശരാശരിക്ക് മുകളിലുള്ള അനുഭവം മാത്രമായി ഒതുങ്ങി. '9' മികച്ചൊരു experimental സിനിമയായി തീയേറ്റർ അനുഭവം കൊണ്ട് ഞെട്ടിച്ചു. ഒരുപാട് പ്രതീക്ഷയോടെ കാണാനിരുന്ന 'വൈറസ്' ശരാശരിക്ക് മുകളിൽ നിൽക്കുന്ന അനുഭവം മാത്രമായി.
പ്രതീക്ഷകളോടെ ഫാൻസ് ഷോ ടിക്കറ്റിന് തന്നെ കയറിയ 'ലൂസിഫർ' ശരാശരിയിൽ ഒതുങ്ങിയതും ശങ്കർ രാമകൃഷ്ണൻ എന്ന പേരിലുള്ള വിശ്വാസം തന്നെ ഇല്ലാതാക്കിയ 'പതിനെട്ടാം പടി'യും ഈ വർഷത്തെ തീരാദുഃഖങ്ങളായി. .Mr & Mrs. Rowdy'. 'അമ്പിളി', 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ്', 'And The Oscar Goes To', 'Underworld' തുടങ്ങി നിരാശ മാത്രം സമ്മാനിച്ച ചിത്രങ്ങളുടെ ലിസ്റ്റ് നീണ്ട് പോവുന്നു.
ഇത്തവണ ഏറ്റവും വിസ്മയിപ്പിച്ച ഇൻഡസ്ട്രി തെലുഗ് ആണ്. 'Awe', 'മനു', 'Agent Sai Srinivasa Atreya', 'Brochevarevarura', 'Gang Leader', 'Evaru', തുടങ്ങി ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളാണ് തെലുഗ് ഇൻഡസ്ട്രി സമ്മാനിച്ചത്. ഒരുപക്ഷെ പല മലയാളം സിനിമകളേക്കാളും ആസ്വാദനം ഇവ സമ്മാനിച്ചിരുന്നു എന്നതാണ് സത്യം. ബോളിവുഡിൽ 'Article 15' ഈ വർഷത്തെ ഇഷ്ടചിത്രമായപ്പോൾ Gully Boy, Luka Chuppi, Badla, Hamid, Mard Ko Dard Nahi Hota, Notebook, Chhicchore, Section 375, The Sky Is Pink എന്നീ സിനിമകളും ഏറെ തൃപ്തിപ്പെടുത്തി. തമിഴിൽ 'പേരൻപ്' ഈ വർഷത്തെ തന്നെ ഹൃദയഭേദകമായ അനുഭവമായപ്പോൾ ത്രില്ലറെന്ന നിലയിൽ 'തടം' ത്രപ്തിപ്പെടുത്തി. Once In A Lifetime എന്ന വിശേഷണം എല്ലാം കൊണ്ടും അർഹിച്ച അനുഭവമാണ് 'സൂപ്പർ ഡീലക്സ്' സമ്മാനിച്ചത്. Game Over, House Owner, അസുരൻ, ജീവി, കൈദി എന്നിങ്ങനെ നീളും ഈ ലിസ്റ്റും.
ഈ വർഷം പ്രകടനം കൊണ്ട് അമ്പരപ്പിച്ച നടൻ സുരാജ് തന്നെയാണ്. വികൃതിയും ആൻഡ്രോയ്ഡ് കുഞ്ഞപ്പനും ഫൈനൽസുമൊക്കെ സിനിമകളുടെ പൂർണ്ണതയിൽ നടനെ എത്രത്തോളം ആശ്രയിച്ചിട്ടുണ്ടെന്ന് കണ്ടറിയാൻ സാധിക്കും. സത്യത്തിൽ അസൂയാവഹം തന്നെയാണ് സുരാജിലെ നടന്റെ വളർച്ച. മറ്റാർക്കും സാധിക്കില്ല എന്ന് തോന്നും വിധം ആ കഥാപാത്രങ്ങളെ Perfect ആക്കുന്നുണ്ട് അദ്ദേഹം. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ശരീരഭാഷ്യമൊക്കെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. ഒരുപാട് അംഗീകാരങ്ങൾ തേടിയെത്താൻ പ്രാപ്തിയുള്ള പ്രകടനത്തിന് മുന്നിൽ ആരും കണ്ണടക്കാതിരിക്കട്ടെ എന്ന് മാത്രമാണ് പ്രാർത്ഥന. നായികമാരിൽ റജിഷ തന്നെയാണ് സ്കോർ ചെയ്തിട്ടുള്ളത്. ജൂൺ, ഫൈനൽസ്, stand up എന്നീ ചിത്രങ്ങളിൽ തന്റെ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് റജിഷ. മിനിമം ഗ്യാരന്റി നടന്മാരിലേത് പോലെ നടിമാരിലും പ്രതീക്ഷിക്കാവുന്ന ഒരു ബ്രാന്റ് ആയി മാറിയിട്ടുണ്ട് റജിഷ.
കുമ്പളങ്ങിയിലെ സജിയെ ഈ നിമിഷം സ്മരിക്കാതെ വഴിയില്ല. 'സൗബിൻ' എന്ന നടനിൽ എത്രത്തോളം ആ കഥാപാത്രം ഭദ്രമാണെന്ന് പല രംഗങ്ങളിലൂടെ പ്രകടമാണ്. ഇഷ്ഖിൽ 'ഷൈൻ ടോം ചാക്കോ'യുടെ പ്രകടനം ഗംഭീരം തന്നെ. ഉയരെയിൽ 'പാർവതി', പ്രതി പൂവൻകോഴിയിൽ 'മഞ്ജു വാര്യർ', വാരിക്കുഴിയിലെ കൊലപാതകത്തിൽ 'അമിത് ചാലക്കൽ', അതിരനിൽ 'സായ് പല്ലവി', ഉയരെ, കക്ഷി അമ്മിണിപ്പിള്ള, എന്നീ ചിത്രങ്ങളിൽ 'ആസിഫലി', ഓസ്കാറിൽ ;ടോവീനോ', ഹെലനിൽ 'അന്ന ബെൻ', എന്നിവരും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടി.
നവാഗത സംവിധായകരാണ് ഈ വർഷം തൃപ്തിപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്. കുമ്പളങ്ങിയിലൂടെ 'മധു സി. നാരായണൻ', ഇഷ്ഖിൽ 'അനുരാജ് മനോഹർ', കെട്ട്യോളാണ് എന്റെ മാലാഖയിൽ 'നിസാം ബഷീർ', ഉയരെയിൽ 'മനു അശോകൻ;, തണ്ണീർമത്തനിൽ 'ഗിരീഷ്', അതിരനിലൂടെ 'വിവേക്', തമാശയുടെ 'അഷ്റഫ് ഹംസ', ഫൈനൽസിലൂടെ 'അരുൺ', ഹെലനിലൂടെ കഴിവ് തെളിയിച്ച 'മാത്തുക്കുട്ടി', ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകൻ 'രതീഷ്' എന്നിവർ ഒരുപാട് പ്രതീക്ഷകൾ ബാക്കിവെക്കുന്നുണ്ട്. നാളെയുടെ മലയാളസിനിമ ഇവരുടെ കയ്യിൽ ഭദ്രമാണെന്ന് വിളിച്ചോതുന്നു ഓരോ പ്രതിഭകളും. അടുത്ത വർഷം വരാനിരിക്കുന്ന ഒരുപാട് പ്രതീക്ഷകളുള്ള പ്രോജക്ടുകൾ ഉണ്ട്. അവ കൂടാതെ പുതിയ പ്രമേയങ്ങളും അനുഭവങ്ങളും അനുഭൂതികളും കാണികൾക്ക് നൽകാൻ മലയാള സിനിമക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.
#AB